കനലണയാതിരുന്ന വിവാദം തെറ്റയിലിനു വിനയായി

ekm-josethettayalസ്വന്തം ലേഖകന്‍

കൊച്ചി: നേതൃത്വം തുറന്നു പറയുന്നില്ലെങ്കിലും കനലണയാതെ നിന്ന  വിവാദം തന്നെയാണ്  അങ്കമാലി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിനു നഷ്ടമാക്കിയതെന്നു വ്യക്തം. ആഴ്ചകളായി നിലനിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരമാമിട്ടുകൊണ്ട് ജനതാദള്‍-എസ് ദേശീയ നേതൃത്വം ഇന്നലെ വൈകുന്നേരത്തോടെയാണ് അന്തിമ തീരുമാനത്തിലെത്തിയത്. സിറ്റിംഗ് എംഎഎല്‍എയ്ക്കു സീറ്റ് നഷ്ടമായപ്പോള്‍ നറുക്കു വീണത് അങ്കമാലി നഗരസഭാ മുന്‍ ചെയര്‍മാനും പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റുമായ ബെന്നി മൂഞ്ഞേലിക്ക്.

മണ്ഡലത്തില്‍ ആഴത്തില്‍ വേരോടിയ വ്യക്തിത്വത്തിന് ഉടമയാണ് ജോസ് തെറ്റയില്‍. തുടര്‍ച്ചയായി രണ്ടു തവണ എംഎല്‍എയും ആദ്യടേമില്‍ ഒന്നര വര്‍ഷത്തോളം ഗതാഗതമന്ത്രിയുമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹം എണ്ണമറ്റ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ കാഴ്ചവച്ചത്. എന്നാല്‍ 2013 ജൂണില്‍ സ്വന്തം മണ്ഡലത്തിലെ ഒരു യുവതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലൈംഗിക ആരോപണമാണ്, ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഇക്കുറിയും മല്‍സരരംഗത്തിറങ്ങാന്‍ ഒരുങ്ങിയിരുന്ന അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി പിന്നീട് റദ്ദാക്കിയിരുന്നു.

എന്നാല്‍ വിവാദ സമയത്ത് പുറത്തുവന്ന ദൃശ്യങ്ങളും മറ്റും വീണ്ടും  എതിര്‍പക്ഷം  ആയുധമാക്കിയേക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍  ശക്തമായിരുന്നു. അങ്ങനെയെങ്കില്‍ മണ്ഡലത്തിനുപുറത്തും വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്നും അത്തരം സാഹചര്യം ഒഴിവാക്കണമെന്നും നേതൃത്വത്തില്‍ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു.  തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍പാര്‍ട്ടികളെപോലെ തന്നെ സ്വന്തം പാര്‍ട്ടിയിലെ എതിരാളികളും കരുനീക്കങ്ങള്‍ ആരംഭിച്ചു. അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായതോടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു. തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനെതിരെ ശക്തമായ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഉണ്ടായിരുന്നത് ഇവരുടെ നീക്കങ്ങള്‍ക്കു കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു.

ഇത് അതിജീവിക്കാനായി  തെറ്റയില്‍ നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടതുമില്ല. അതുപോലതന്നെ പലപ്പോഴും പാര്‍ട്ടിക്കു വിധേയനാകാതിരുന്ന നടപടികളും തെറ്റയിലിന് തിരിച്ചടിയായി. അദ്ദേഹത്തെകൊണ്ട് പാര്‍ട്ടിക്ക് കാര്യമായി ഒരു പ്രയോജനവും ലഭിച്ചില്ലെന്ന വാദമാണ് ജില്ലയിലെ ഭൂരിഭാഗം നേതാക്കളും ഉയര്‍ത്തുന്നത്. അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചെങ്കിലും ജില്ലാ കമ്മിറ്റി എതിര്‍ത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയായിരുന്നു.

കഴിഞ്ഞ മാസം അവസാനവാരം ചേര്‍ന്ന പാര്‍ട്ടി  മണ്ഡലം കമ്മറ്റി തയാറാക്കി ജില്ലാ കമ്മിറ്റിക്കു നല്‍കിയ സാധ്യതാ പട്ടികയില്‍ ആദ്യപേരുകാരനായി ജോസ് തെറ്റയിലും രണ്ടാം പേരുകാരനായി ബെന്നി മൂഞ്ഞേലിയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 31  ജില്ലാ കമ്മിറ്റിക്കു മുമ്പില്‍ എത്തിയപ്പോള്‍ ജോസ് തെറ്റയില്‍ ഒവിവാക്കപ്പെട്ടു.  തെറ്റയിലിനെ  മത്സരിപ്പിക്കേണെ്ടന്നായിരുന്നു ജില്ലാ നേതൃയോഗത്തിന്റെ  തീരുമാനം. കമ്മിറ്റിയിലെ 46ല്‍ 43 പേരും ജോസ് തെറ്റയിലിനെ മത്സരിപ്പിക്കേണെ്ടന്ന നിലപാടിലായിരുന്നു.   അങ്കമാലിയില്‍  ബെന്നി മൂഞ്ഞേലി, സംസ്ഥാന കമ്മിറ്റി അംഗം മാത്യു ജോണ്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി പി. കുര്യന്‍, എന്നിവരുടേയും നാലാമനായി ജോസ് തെറ്റയിലിന്‍െറ പേരും ഉള്‍പ്പെടുത്തിയാണ് ജില്ലാകമ്മിറ്റി പട്ടിക തയാറാക്കിയത്.

ഇത് എട്ടംഗ പാര്‍ലമെന്ററി ബോര്‍ഡിനു മുന്നില്‍ വച്ചു. പാര്‍ലമെന്ററി ബോര്‍ഡ് പരിശോധിച്ച് സമര്‍പ്പിച്ച  പട്ടികയാണ് അന്തിമ പരിഗണനയ്ക്കായി ദേശീയ നേതൃത്വത്തിനു മുന്നില്‍ എത്തിയത്. അതിന്മേലേണ് അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.ലൈംഗികാരോപണം പരിഗണിച്ചല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതെന്നും  പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമാണിതെന്നുമായിരുന്നു ജില്ലാ നേതൃത്വം ഔദ്യോഗികമായി പറഞ്ഞിരുന്നതെങ്കിലും അത് സാധാരണക്കാര്‍ക്കു വിശ്വാസയോഗ്യമാകില്ല. ജെഡിഎസിന്റെ  മറ്റു മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് ലഭിച്ചു എന്നിനാല്‍തന്നെ.

Related posts