കരാര്‍ കമ്പനിക്ക് ഫണ്ട് ലഭിച്ചില്ല; വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍

TCR-VADAKKENCHEYസ്വന്തം ലേഖകന്‍
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍. കരാര്‍ കമ്പനിക്കു മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനെതുടര്‍ന്ന് ഇന്നലെമുതല്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണമായും സ്തംഭിച്ച നിലയിലായി. വാഹനങ്ങള്‍ക്കു ഡീസല്‍ അടിക്കുന്ന പമ്പില്‍ ബില്‍ കുടിശിക അരക്കോടിയും കടന്നതോടെ കരാര്‍ കമ്പനിയുടെ വാഹനങ്ങള്‍ക്കു ഡീസല്‍ നല്കുന്നതും താത്കാലികമായി നിര്‍ത്തിവച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ വാഹനങ്ങളൊന്നും ഓടിയില്ല.ടിപ്പറുകള്‍, എസ്കവേറ്റര്‍, ക്രെയിന്‍, ജെസിബി, റോഡ് റോളര്‍ തുടങ്ങി നൂറോളം വാഹനങ്ങള്‍ പലയിടത്തായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ഫണ്ട് ലഭ്യമായില്ലെങ്കില്‍ കുതിരാനിലെ തുരങ്കപ്പാത നിര്‍മാണവും രണ്ടുദിവസത്തിനുള്ളില്‍ നിലയ്ക്കും.

നിശ്ചിത കാലയളവുകളില്‍ നിര്‍ദേശിക്കുന്ന നിര്‍മാണപ്രവൃത്തികള്‍ കരാര്‍ കമ്പനിക്കു പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് ഫണ്ട് നല്കുന്ന ബാങ്കുകള്‍ വായ്പ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നു പറയുന്നു.  മഴക്കാലമായതിനാലാണ് പണികള്‍ക്കു വേഗം കുറയുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. റോഡുനിര്‍മാണം സംബന്ധിച്ച വിവരങ്ങളൊന്നും കരാര്‍ കമ്പനിയോ മറ്റു ബന്ധപ്പെട്ട അധികാരികളോ വെളിപ്പെടുത്താത്തതും ആറുവരിപ്പാത നിര്‍മാണം ദുരൂഹമാക്കുകയാണ്.പണികള്‍ രണ്ടരവര്‍ഷം മുടങ്ങിക്കിടന്ന് പിന്നീട് 2014 സെപ്റ്റംബര്‍ 29നാണ് വീണ്ടും തുടങ്ങിയത്. ഇതിനിടയ്ക്കും ഇടയ്ക്കിടെ പണികള്‍ നിര്‍ത്തിവച്ചു. കുടിശിക തീര്‍ത്ത് കൂലിയും വാടകയും നല്കണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ചില്‍ തൊഴിലാളികളും വാഹനഉടമകളും പണികള്‍ നിര്‍ത്തിവച്ചു സമരം ചെയ്തു.

റോഡുപണി ആരംഭിക്കാതെ ഓഫീസും പ്രവര്‍ത്തിക്കേണ്ടതില്ലെന്നു പറഞ്ഞു ചുവട്ടുപാടത്തെ കരാര്‍ കമ്പനിയുടെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താഴിട്ടു പൂട്ടിയും സമരം നടത്തി. ഇടയ്ക്കിടെ പണികള്‍ നിര്‍ത്തിവച്ചും തുടങ്ങിയും ഏറെ അനിശ്ചിതത്വത്തിലാണ് സംസ്ഥാനത്തെ തന്നെ ആദ്യത്തെ ആറുവരിപ്പാത നിര്‍മാണം. പണികള്‍ ആരംഭിച്ചാല്‍ മുപ്പതുമാസത്തിനുള്ളില്‍ പാതവികസനം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ഇനിയും നടപ്പാകില്ലെന്ന് ഉറപ്പായി. റോഡുനിര്‍മാണത്തില്‍ പ്രതിസന്ധിയും അനിശ്ചിതത്വവും നിലനില്ക്കുന്നതിനാല്‍ കരാര്‍ കമ്പനിയുടെ തലപ്പത്തെ പലരും മാറിപ്പോകുകയാണ്.

കുതിരാനിലെ തുരങ്കപ്പാത നിര്‍മാണവും ഇനി ഇഴയും. പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് വാങ്ങിയ വകയിലും ഭീമമായ തുക കുടിശികയാണ്. അതേസമയം, പാതനിര്‍മാണം പ്രതിസന്ധിയില്‍ നീങ്ങൂമ്പോഴും കരാര്‍ കമ്പനി പലയിടത്തായി വാങ്ങിക്കൂട്ടിയിട്ടുള്ളതു കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ്. അമ്പതേക്കറോളം സ്ഥലം കമ്പനി വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ചുവട്ടുപാടത്ത് കമ്പനി വാങ്ങിയ സ്ഥലത്തു പുതിയ കെട്ടിടം നിര്‍മിച്ച്  അവിടെയാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഏതുവിധേനയും എഴുപതുശതമാനം പണികള്‍ നടത്തി പിന്നീട് ടോള്‍പിരിവ് ആരംഭിക്കാനും നീക്കമുണ്ട്. അതേസമയം 35 ശതമാനം ജോലിപോലും ഇതുവരെയായിട്ടില്ലെന്നാണ് കണക്ക്.

Related posts