കരിമ്പം പാലത്തിന് സമീപത്തെ വൈദ്യുത തൂണ്‍ അപകടാവസ്ഥയില്‍

knr-transformerതളിപ്പറമ്പ്: കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി വിതരണ ശൃംഖലയിലെ തൂണ്‍ കാലപ്പഴക്കത്താല്‍ ഒടിഞ്ഞു നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനപാതയില്‍ കരിമ്പം പാലത്തിന് സമീപം ഉദയാ വെയിറ്റിംഗ് ഷെഡിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള  പ്രധാന വിതരണ ലൈനിലാണ് മരം കൊണ്ട് നിര്‍മിച്ച തൂണ്‍ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നത്. നല്ല കാറ്റ് വീശിയാല്‍ തന്നെ തൂണ്‍ വീഴാമെന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.

നിരവധി തവണ നാട്ടുകാര്‍ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചുവെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നൂറുകണക്കിനാളുകള്‍ താമസിക്കുന്ന പുതിയകണ്ടം റോഡിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. പോസ്റ്റ് തകര്‍ന്നുവീണാല്‍ ഇതുവഴിയുള്ള വൈദ്യുതകമ്പികളും നിലംപതിക്കും. ഇത് വന്‍ദുരന്തത്തിന് തന്നെ കാരണമാവും. കരിമ്പം, ഇടിസി, ഫാം, പനക്കാട് എന്നിവിടങ്ങളിലേക്ക് ഇതുവഴിയാണ് വൈദ്യുതി വിതരണം.

തൂണ്‍ തകര്‍ന്നാല്‍ കരിമ്പം പ്രദേശത്തെ വൈദ്യുതി വിതരണത്തെ മുഴുവന്‍ ഇത് ബാധിച്ചേക്കാനിടയുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരം കൊണ്ടുള്ള തൂണുകളെല്ലാം നീക്കം ചെയ്ത് കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലത്തായതിനാല്‍ നിലവിലുള്ള സ്ഥലം ഉയര്‍ത്തണമെന്നും നാട്ടുകാര്‍ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts