കളക്ടറുടെ ഉത്തരവുകള്‍ കടലാസില്‍; ദുരന്തങ്ങള്‍ ഉണ്ടായിട്ടും കുലുക്കമില്ല

TCR-CAMERAകൊല്ലം: കളക്ടറുടെ ഉത്തരവുകള്‍ കടലാസില്‍ ഒതുങ്ങുന്നു. ദുരന്തങ്ങള്‍ ഉണ്ടായിട്ടും  നടപടികള്‍ ഇല്ല . പുറ്റിംഗല്‍  വെടിക്കെട്ട് ദുരന്തം നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. വെടിക്കെട്ടിന് കളക്ടറുടെ അനുമതിയില്ലാതിരുന്നു. കളക്ടറുടെ അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ട് തടയണമെന്ന കളക്ടറുടെ ഉത്തരവ് കടലാസില്‍ ഒതുങ്ങിയപ്പോള്‍ നഷ്ടപ്പെട്ടത് നിരവധി ജീവനുകള്‍. കളക്ടറേറ്റില്‍ ബോംബ് സ്‌ഫോടനമുണ്ടായപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകള്‍ പരിശോധിച്ചു.  ഇവ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയപ്പോഴാണ് മറ്റൊരു ഉത്തരവും പാഴായത് അറിയുന്നത്.

സി സി ടിവിയുടെ തകരാറുകള്‍ പരിഹരിക്കണമെന്ന് കളക്ടറുടെ ഉത്തരവ് പാലിക്കപെട്ടില്ല.  ഇങ്ങനെ കളക്ടറേറ്റിന്റെ ഉത്തരവുകള്‍ കടലാസില്‍ ഒതുങ്ങുമ്പോള്‍ ദുരന്തങ്ങള്‍ മാത്രമാണ് നടക്കുന്നത്.  ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറേറ്റ് പരിസരത്ത് ശക്തമായ സുരക്ഷയേര്‍പ്പെടുത്തിയെങ്കിലും കളക്ടറേറ്റ് പരിസരത്തേക്ക് എത്തുന്ന വാഹന പരിശോധന രണ്ടു ദിവസം മാത്രം ഒതുങ്ങി .സ്‌ഫോടനം നടന്ന് ഒരാഴ്ച കഴി്ഞ്ഞിട്ടും തകരാറിലായ സി സി ടിവി കാമറകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ യോഗം തീരുമാനിച്ചു.

റബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന ചിരട്ടകള്‍ ഉപയോഗം കഴിഞ്ഞ് കമഴ്ത്തിവയ്ക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. ഉത്തരവ് ഇറങ്ങുന്ന കളക്ടറേറ്റ് പരിസരം  കുപ്പത്തൊട്ടിയും അഴുകലും ആക്രിസാധനങ്ങള്‍കൊണ്ട് നിറഞ്ഞതുമാണ്. മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കുന്ന കാര്യാലയത്തിന് താഴെ കക്കൂസ് മാലിന്യവും മലിനജലവും  മദ്യക്കുപ്പികളും നിറഞ്ഞ് കിടക്കുകയാണ്.  ആദ്യം ശുചീകരിക്കേണ്ടത് ഈ കെട്ടിടവും പരിസരവുമാണ്.

ഇവിടം മാലിന്യക്കൂമ്പാരവും എലിയും പാമ്പും  അടക്കമുളള ഇഴജന്തുകളുടെ വിഹാരകേന്ദ്രവുമാണ്. നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ ആദ്യം അത് പാലിക്കുകയും പാലിക്കപ്പെടുന്നുണ്ട്  എന്ന് ഉറപ്പ് വരുത്തുകയും വേണം. ഉത്തരവുകള്‍ കടലാസില്‍ ഒതുങ്ങുമ്പോള്‍ ദുരന്തങ്ങള്‍ വഴിയേവരുന്നു.

Related posts