ചിങ്ങവനം: കള്ളന്മാര്ക്കും, കഞ്ചാവ് കച്ചവടക്കാര്‍ക്കും ചിങ്ങവനം പോലീസ് സ്റ്റേഷന് പരിധിയില്‍ സുവര്‍ണ്ണകാലം. രാപ്പകല്‍ യഥേഷ്ഠം നടന്ന് ബിസിനസ് കൊഴുപ്പിക്കാം. ആരും ചോദിക്കാന്‍ വരില്ല. സംശയിക്കേണ്ട പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ല. 46 ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് 34 പേരാണ് ഹാജരുള്ളത്. അവരില്‍ നാല് പേരെ മറ്റിടങ്ങളില്‍ സ്പെഷല്‍ ഡ്യൂട്ടിക്കായി അയച്ചിരിക്കുകയാണ്.
ആകെ 16 പോലീസുകാരുടെ കുറവാണ് ചിങ്ങവനം സ്റ്റേഷനില്‍ നിലവിലുള്ളത്. മൂന്ന് എസ്ഐമാര്‍ വേണ്ടിടത്ത് രണ്ടുപേര്‍, രണ്ട് എഎസ്ഐമാര്‍ ഇല്ലേയില്ല. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ എട്ട് പേരുടെ ഒഴിവാണുള്ളത്. ഉള്ളവരില്‍ നിന്നും രണ്ടു പേരെ വീതം ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡിലേക്കും, സിഐ ഓഫീസിലേക്കും സ്പെഷല്‍ ഡ്യൂട്ടിക്ക് അയച്ചിരിക്കുകയാണ്. ഡ്രൈവര്‍മാരുടെ തസ്തികകളിലും ഒരെണ്ണം ഒഴിഞ്ഞു കിടക്കുന്നു.
ഓടിയെത്താന്‍ വളരെയധികം പ്രയാസമുള്ള സ്റ്റേഷന് പരിധിയില്‍ പല കേസുകളിലും കൃത്യനിര്‍വഹണം നടത്താന്‍ പോലീസുകാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. അടിക്കടിയുണ്ടാകുന്ന മോഷണ കേസുകളില്‍ പലതും തുമ്പില്ലാതെ കിടക്കുമ്പോള്‍ തന്നെ പുതിയവ അരങ്ങേരുന്നു. കഞ്ചാവ് കച്ചവടക്കാരുടെ സ്ഥിതിയും മോശമല്ല. ചിങ്ങവനം, കുറിച്ചി, പനച്ചിക്കാട്, പാത്താമുട്ടം തുടങ്ങിയ മേഖലകള്‍ കഞ്ചാവ് കച്ചവടക്കാരുടെ പിടിയിലാണ്. സ്കൂളുകളുടെ പരിസരങ്ങളിലും, കവലകളിലും കഞ്ചാവു മാഫിയ ബിസിനസ് കൊഴുപ്പിക്കുകയാണ്.
ഇതിനിടെയാണ് വാഹന അപകടങ്ങളും, ആത്മഹത്യകളും. തുരുത്തി മുതല്‍ കോടിമത വരെയുള്ള എംസി റോഡില്‍ വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഇതില്‍പ്പെട്ടു മരിക്കുന്നവരുടേയും, ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടേയും സഹായത്തിനായി ഉടനടി ഓടിയെത്തണം. ട്രാഫിക് നിയന്ത്രണം പലയിടങ്ങളിലും താറുമാറായി കിടക്കുകയാണ്. ചിങ്ങവനം മാര്‍ക്കറ്റ് ജംഗ്ഷന്, ഗോമതി കവല, മണിപ്പുഴ, പരുത്തുംപാറ, കുറിച്ചി മന്ദിരം കവല, ഔട്ട്പോസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോലീസിന്റെ സേവനം അത്യാവശ്യമാണ്. പോലീസിന്റെ നിരീക്ഷണം നിലച്ചതോടെ ബസുകളടക്കമുള്ള വാഹനങ്ങള്‍ നിരത്തു കയ്യേറി വിഹരിക്കുമ്പോള്‍ നട്ടം തിരിയുകയാണ് നാട്ടുകാര്‍. ഇതിനെതിരെ ആരെങ്കിലും പരാതി പറഞ്ഞാല്‍ മറുപടി ഇങ്ങനെ. ആളില്ലാതെ ഞങ്ങളെന്തു ചെയ്യും.