വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് സെന്ററിന് അനുവദിക്കപ്പെട്ട ആംബുലന്‍സിന്റെ സമര്‍പണം നാളെ (വെള്ളി) നടക്കും. ആംബുലന്‍സ് സേവനം ആരംഭിക്കുന്നത് ചോറോട് ഗ്രാമ പഞ്ചായത്തിലെ 125 ഓളം കിടപ്പു രോഗികള്‍ക്ക് അനുഗ്രഹമാകും. പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന് സ്വന്തമായി വാഹനമെന്നത് ഏറെ കാലമായുള്ള ആവശ്യമായിരുന്നു.
പഞ്ചായത്തില്‍ അറുപതോളം പേര്‍ പൂര്‍ണമായും കിടപ്പിലാണ്. ഇവര്‍ക്കാവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യല്‍, ട്യൂബ് മാറ്റിയിടല്‍, ഡ്രസിംഗ് ഉള്‍പെടെയുള്ള ശുശ്രൂഷകള്‍ എന്നിവ വീട്ടിലെത്തിയാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. രോഗവും രോഗപീഢയും ദാരിദ്ര്യവും വേട്ടയാടുന്ന ഇവര്‍ക്ക് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സാമീപ്യം ഏറെ പ്രതീക്ഷ നല്‍കുകയാണ്.
ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന കിടപ്പു രോഗികളെ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടിലെത്തി പരിചരിക്കുക എന്നത് ഏറെ ശ്രമകരമാണ്. സ്വകാര്യ വാഹനം സൗജന്യ നിരക്കില്‍ വാടകക്ക് വിളിച്ചു പോയാണ് ആഴ്ചയില്‍ മൂന്ന് ദിവസം പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തുന്നത്. ചില വീടുകളില്‍ എത്തിപ്പെടാന്‍ വലിയ ബുദ്ധിമുട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തമായി വാഹനം ലഭിക്കുന്നത് പാലിയേറ്റീവ് സെന്ററിന് ഏറെ അനുഗ്രഹമാവും. 26 ന് വൈകുന്നേരം നാലിനു നടക്കുന്ന ആംബുലന്‍സ് സമര്‍പണ ചടങ്ങ് ആഘോഷമാക്കാ നുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. മാങ്ങോട്ട് പാറയില്‍ നിന്നും ജനനേതാക്കളെ പിഎച്ച്‌സിയിലേക്ക് സ്വീകരിച്ചാനയിക്കും.