പലതരത്തിലുള്ള ആര്‍ട്ട് വര്‍ക്കുകള്‍ നാം കണ്ടിട്ടുണ്ടാകും. പക്ഷേ, ഇത്തരം ഒരെണ്ണം അധികമാരും കണ്ടിട്ടുണ്ടാകില്ല. കുതിരകളുടെ ശരീരത്തില്‍ വിവിധ തരത്തിലുള്ള ഡിസൈനുകള്‍ വരയ്ക്കുന്നതാണു യുകെയിലെ മെലഡി ഹാമര്‍ എന്ന പെണ്‍കുട്ടിയുടെ ജോലി.
ആദ്യകാലത്തു വെറുമൊരു ഹോബിയായി തുടങ്ങിയ കാര്യം പിന്നീട് ജോലിയായി മാറുകയായിരുന്നു. കുതിരയുടെ രോമങ്ങള്‍ മുറിച്ചാണു ഡിസൈനുകള്‍ക്ക് രൂപം നല്‍കുന്നത്. പന്ത്രണ്ടാം വയസില്‍ സ്വന്തം കുതിരയുടെ ദേഹത്ത് തുടങ്ങിയതാണു ഇപ്പോള്‍ 27 വയസുള്ള മെലഡിയുടെ പരീക്ഷണങ്ങള്‍.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തം കമ്പനിയും ആരംഭിച്ചു. കുതിരപ്പന്തയക്കാരാണു മെലഡിയുടെ സേവനങ്ങള്‍ തേടി കൂടുതലായെത്തുന്നത്. ഇതിനു യന്ത്രങ്ങളുടെ സഹായമൊന്നും തേടാറില്ല. കൈ കൊണ്ടു വരയ്ക്കുന്ന ചിത്രങ്ങളാണ് എല്ലാം. 30 മിനിറ്റ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ അധ്വാനം വേണ്ടിവരുന്ന പണിയാണിത്. എന്നാല്‍, ഇതെല്ലാം താന്‍ ആസ്വദിക്കുകയാണെന്നും ഇവര്‍ പറയുന്നു.