തിരുവനന്തപുരം : കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കോര്പറേഷന് ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവില്‍ സിപിഐ സംഘടനാ നേതാക്കന്മാരെ തെരഞ്ഞുപിടിച്ച് സ്ഥലമാറ്റിയ സംഭവം രൂക്ഷമായ സിപിഎം – സിപിഐ തര്‍ക്കത്തിനു വഴിവെച്ചു. ഇതെ തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് ഇരു പാര്‍ട്ടി നേതൃത്വങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്. മേയറും ഡെപ്യൂട്ടി മേയറുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പേ കോര്പറേഷന് ഭരണത്തില്‍ നിഴലിച്ചിരുന്നു. ഇപ്പോള്‍ സിപിഐ ഉദ്യോഗസ്ഥ സംഘടനയായ മുന്‍സിപ്പല്‍ സ്റ്റാഫ് ഫെഡറേഷന് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ സിപിഎം അറിവോടെ സ്ഥലംമാറ്റിയത് കോര്‍പറേഷനും കടന്ന് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തിലേക്കു കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു.
സിപിഐയിലെ ഒരു മന്ത്രി ഇടപെട്ട് സ്ഥലംമാറ്റം തടയാന്‍ ശ്രമിച്ചിട്ടും സിപിഎം വാശിയോടെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും തെറിപ്പിച്ചു. ബിജെപി സംഘടനയില്‍പ്പെട്ട ഉദ്യോഗസ്ഥരെ പോലും മാറ്റാതെ ഭരണകക്ഷിയില്‍പ്പെട്ട സിപിഐ ഉദ്യോഗസ്ഥരെ മാറ്റിയത് ഗുരുതര അച്ചടക്കലംഘനമായി നഗരസഭയിലെ എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐയില്പ്പെട്ട ഉദ്യോഗസ്ഥരെ മാറ്റാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ വലതുപക്ഷ നേതാക്കന്മാരെ മാറ്റുന്നു എന്ന പേരില്‍ ഉത്തരവ് ഇറക്കിയതെന്നു തോന്നുന്നതായി സിപിഐ കൗണ്സിര്മാര് ആരോപിക്കുന്നു. പകപോക്കലെന്ന മട്ടില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെ ഡ്രൈവറെ സ്ഥലംമാറ്റിയതും അവര്‍ ഉദാരഹരണമായി ചൂണ്ടിക്കാട്ടുന്നു.
നഗരസഭയില്‍ കേവല ഭൂരിപക്ഷം മാത്രമുള്ള ഇടതു ഭരണസമിതിക്ക് അംഗങ്ങള്‍ തമ്മിലുള്ള രൂക്ഷമായ തര്‍ക്കങ്ങളും ചേരിപ്പോരും വലിയ തലവേദയായിരിക്കുകയാണ്. സിപിഎം – സിപിഐ ജില്ലാ നേതാക്കന്മാര് പ്രശ്നപരിഹാരത്തിനായി ഇടപെട്ട് ഇന്ന്് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ എല്‍ഡിഎഫ് യോഗം വിളിച്ചിരിക്കുകയാണ്. പ്രശ്നങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അടുത്ത് നടക്കാനിരിക്കുന്ന പാപ്പനംകോട് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ഇടതുമുന്നണി വിലയിരുത്തല്‍. എല്‍ഡിഎഫ് യോഗം കൂടാതെ പാപ്പനംകോടു വച്ച് ഇടതു കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരുന്നുണ്ട്.