വിഴിഞ്ഞം : വിനോദസഞ്ചാര രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ കോവളത്തെ വെള്ളാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങി. ഇന്ന് വൈകുന്നേരം ഏഴിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരകൗശലഗ്രാമം നാടിന് സമര്‍പ്പിക്കും. കലാകാരന്മാരും സ്ഥാപനങ്ങളും നിര്‍മിക്കുന്ന പാരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് കേരള ടൂറിസത്തിന്റെയും കൂടുംബശ്രീ യൂണിറ്റുകളുടെയും സംയുക്ത സംരംഭമായ കരകൗശല ഗ്രാമത്തിന്റെ ലക്ഷ്യം. ഷഡ്ഭുജാകൃതിയിലുള്ള അഞ്ചുകടകളും 27 പുതിയ വില്പനശാലകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കച്ചവടക്കാരുടേയും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുടേയും സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സബ്സിഡി നല്‍കും. ന്യൂഡല്‍ഹിയിലെ ദില്ലി ഹാഥ് മാതൃകയില്‍ സ്വാഭാവിക പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് പത്ത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കരകൗശല ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ആകര്‍ഷകമായ ലാന്‍ഡ്സ്കേപ്പിംഗിലൂടെയും ചെറിയതോതില്‍ പാറകള്‍ക്ക് രൂപഭേദം വരുത്തിയുമാണ് പ്രകൃതിയോടിണങ്ങിയ രീതിയില്‍ ഗ്രാമത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നു.
വാരാന്ത്യങ്ങള്‍ ആഘോഷിക്കാവുന്ന രീതിയിലുള്ള തനത് വിഭവങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാലകളും വിനോദോപാധികളും ഗ്രാമത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഭക്ഷണശാലകള്‍ക്ക് സമീപം നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് അനുയോജ്യമായ ഓപ്പണ്‍ ഓഡിറ്റോറിയവും നിര്‍മിക്കുന്നുണ്ട്. അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ നടത്താവുന്ന തരത്തിലുള്ള 1500 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഗ്രാമത്തിലുണ്ട്.കേരളത്തിലെ തനത് കരകൗശല ഉല്പന്നങ്ങള്ക്ക് ആഗോളഖ്യാതി നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്.