ഗൃഹനാഥന്‍ കസേരയ്ക്കടിയേറ്റു മരിച്ചു; സുഹൃത്തിനെതിരേ കേസ്

ktm-maranamഗാന്ധിനഗര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്നു കസേരയ്ക്കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെതിരെ പോലീസ് കൊലപാതകത്തിനു കേസെടുത്തു. അമലഗിരി ചിറ്റേട്ടുകണ്ടം സി.ടി. തോമസ്(ഏപ്പ്-55) ആണ് മരിച്ചത്. കഴിഞ്ഞ 21നാണ് കേസിനാസപദമായ സംഭവം.

തോമസും സുഹൃത്തായ അമലഗിരി നെടുംകാലായില്‍ കോശി(48)യും ചേര്‍ന്നു തോമസ് ജോലി ചെയ്യുന്ന അമലഗിരിയിലെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്നു കോശി തോമസിനെ കസേരയ്ക്കു അടിച്ചു വീഴ്ത്തി മര്‍ദിച്ചുവെന്നാണ് കേസ്.  മര്‍ദനത്തെ തുടര്‍ന്നു വാരിയെല്ല് ഒടിഞ്ഞ തോമസിനെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ തോമസ് മരണത്തിനു കീഴടങ്ങി.

സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു.  മരണം സംഭവിച്ചതോടെ ഏറ്റുമാനൂര്‍ സിഐ മാര്‍ട്ടിന്‍, ഗാന്ധിനഗര്‍ എസ്‌ഐ എ.സി. മനോജ് കുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തുകയും കൊലപാതകത്തിനു കേസെടുക്കുകയും ചെയ്തു. പ്രതിയായ കോശി പിടിയിലായതായാണ്് സൂചന.തോമസിന്റെ സംസ്കാരം ഇന്നു 3.30ന് നാല്‍പ്പാത്തിമല സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: പെണ്ണമ്മ തോമസ്. മക്കള്‍: തങ്കച്ചന്‍, റ്റിജി സെബാസ്റ്റിയന്‍. മരുമക്കള്‍: മിനി, കൊച്ചുറാണി.

Related posts