ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. 180ല്‍ അധികം സൈറ്റുകളില്‍ ചിത്രത്തിന്റെ കോപ്പി ലഭ്യമാണെന്നും നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്. എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ചിത്രം എവിടെ നിന്നാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയില്ല. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു.—
22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 110 കോടിയിലധികമാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം തിയറ്ററുകളില്‍ കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാര്‍ഡിട്ടതായി വാര്‍ത്ത വന്നിരിക്കുന്നതിനിടയിലാണ് സെന്‍സര്‍ പകര്‍പ്പ് ചോര്‍ന്നതായുള്ള വിവരങ്ങള്‍ വരുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്തെയാണ് നായിക. ചിത്രത്തിന്റെ ട്രെയ്ലറുകള് ഇന്റര്‍നെറ്റില്‍ ഇതിനോടകം വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. നേരത്തെ സല്മാന് ഖാന്റെ സുല്‍ത്താന്‍, ഉഡ്തപഞ്ചാബ് എന്നീ ചിത്രത്തിന്റെയും സെന്‍സര്‍ കോ്പ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.