വൈപ്പിന്‍: മത്സ്യക്കൂട്ടങ്ങളുടെ സാന്നിധ്യമില്ലാതെ തീരക്കടല്‍ കാലിയായതോടെ മത്സ്യബന്ധനമേഖലയില്‍ തളര്‍ച്ച. പ്രതീക്ഷയറ്റ തൊഴിലാളികള്‍ പലരും നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ തേടുകയാണ്. മറ്റു ചിലരാകട്ടെ ചെറിയ വഞ്ചികളില്‍ പുഴയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ കരയില്‍ കെട്ടിയതോടെ പരമ്പരാഗത തൊഴിലാളികള്‍ക്ക് ചാകര കോളിന്റെ പ്രതീക്ഷയായിരുന്നു. എന്നാല്‍ ചാകരക്കോളുതേടി മത്സ്യബന്ധനത്തിനു പോകാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കാത്ത് കിടന്നിരുന്ന പരമ്പരാഗത വള്ളങ്ങള്‍ ഒന്നും തന്നെ ഇന്നലെയും ഇന്നും കടലില്‍ പോയില്ല.
തിങ്കളാഴ്ച പോയ വള്ളങ്ങള്‍ വലപോലും വലിക്കാതെ വെറുകയ്യോടെ തിരികെ പോന്ന സാഹചര്യത്തിലാണ് ഇന്നലെയും വള്ളങ്ങള്‍ കടലില്‍ പോകാതിരുന്നത്. ചുരുങ്ങിയത് 50000 രൂപക്കുള്ള മത്സ്യങ്ങളെങ്കിലും ലഭിച്ചില്ലെങ്കില്‍ കടബാധ്യത വരുമെന്നതിനാലാണ് വള്ളങ്ങള്‍ തീരത്ത് തന്നെ കെട്ടിയത്. കടലില്‍ മത്സ്യലഭ്യത കുറഞ്ഞതിനാല്‍ കഴിഞ്ഞ രണ്ടുമാസങ്ങളായി വള്ളങ്ങള്‍ പലതും സ്ഥിരമായി കരക്ക് കെട്ടിയിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ മത്സ്യബന്ധന ബോട്ടുകള്‍ ധാരാളം ചെറുമത്സ്യങ്ങള്‍ കടലില്‍ നിന്നും പിടികൂടിയതിനാലാണ് കടലില്‍ കടുത്ത വറുതി സംജാതമായതെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നത്. മാത്രമല്ല ഈ വര്‍ഷം മഴ താരതമ്യേന കുറഞ്ഞതും വള്ളങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
സാധാരണ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നു പിറ്റേന്ന് ഉല്‍സപ്രതീതിയിലായിരിക്കും വള്ളങ്ങള്‍ കടലില്‍പോകുന്നതും തിരികെയെത്തുന്നതും. വള്ളം നിറയെ നാരാന്‍, കരിക്കാടി, പൂവാലന്‍, ചെമ്മീനുകളും ഐല, ചാള തുടങ്ങിയ മത്സ്യങ്ങളുമായി തിരിച്ചെത്തുന്നതോടെ ഹാര്‍ബറുകളില്‍ ആരവം ഉയരും. എന്നാല്‍ ഇന്നലെയാകട്ടെ ഹാര്‍ബറില്‍ ഒരനക്കവും ഉണ്ടായില്ല. കുറെ മാസങ്ങളായി ചാളയുടെ സാന്നിധ്യം കൊച്ചി തീരക്കടലില്‍ നിന്നും അപ്രത്യക്ഷമായത് വള്ളങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തി വെച്ചിട്ടുണ്ട്.
ഇതേ തുടര്‍ന്ന് പല വള്ളങ്ങളും കഴുത്തോളം കടത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതില്‍ നിന്നും കരകയറാന്‍ ട്രോളിംഗ് നിരോധന കാലത്തുള്ള ചാകരക്കോളിന്റെ പ്രതീക്ഷയിലായിരുന്ന എല്ലാ തൊഴിലാളികളും . എന്നാല്‍ തുടക്കം പാളിയതോടെ എല്ലാവരും കടുത്ത ആശങ്കയിലാണ്. ഇനി വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച് കടല്‍ ഇളകിയാല്‍ മത്സ്യക്കൂട്ടങ്ങള്‍ തീരത്തേക്ക് അടുക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.