കിഴക്കമ്പലം: ചേലക്കുളത്തെ ആയുര്‍വേദ ആശുപത്രി കിഴക്കമ്പലത്തേക്കു മാറ്റി സ്ഥാപിക്കാനുള്ള കിഴക്കമ്പലം പഞ്ചായത്തിന്റെ നീക്കത്തിനെതിരെ എല്‍ഡിഎഫ് രംഗത്ത്. ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പകള്‍ക്ക് പരാതി നല്‍കിയതായി സിപിഎം, സിപിഐ കിഴക്കമ്പലം ലോക്കല്‍ സെക്രട്ടറിമാരായ ടി.ഡി.വര്‍ഗീസ്, ബേബി എന്നിവര്‍ പറഞ്ഞു. 21 വര്‍ഷമായി ചേലക്കുളത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി ഇപ്പോള്‍ മാറ്റി സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം സ്വാര്‍ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണെന്ന് ഇവര്‍ പറഞ്ഞു.
നിലവില്‍ കിഴക്കമ്പലം പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കായി മലയിടം തുരുത്തിലും, പള്ളിക്കരയിലും ആയുര്‍വേദ ആശുപത്രികളുണ്ട്. എന്നാല്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് തങ്ങളുടെ വികസന നേട്ടങ്ങളുടെ പട്ടികയില്‍ ആയുര്‍വേദ ആശുപത്രിയെയും ചേര്‍ക്കുന്നതിനായാണ് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ആശുപത്രി മാറ്റി സ്ഥാപിക്കുന്നതോടെ ചേലക്കുളം, പട്ടിമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വലിയ ദൂരം ആശുപത്രിയിലേക്കെത്തിച്ചേരുന്നതിനായി വരും.
കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ രണ്ട് ആശുപത്രികള്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായി ഉണ്ടെന്നിരിക്കെയാണ് പഞ്ചായത്തിന്റെ ഈ നീക്കമെന്ന് സിപിഐ പറഞ്ഞു. ഇതേ സമയം പഞ്ചായത്ത് പരിധിയിലുള്ള ജനങ്ങളുടെ നാളുകളായുള്ള ആവശ്യപ്രകരാമാണ് ഗ്രാമ -ബ്ലോക്ക് പഞ്ചായത്തവുകളുടെ ഭൂരിഭാഗം ഫണ്ടുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആശുപത്രി കിഴക്കമ്പലത്തേക്ക് മാറ്റുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ് പറഞ്ഞു.
പഞ്ചായത്തിലെ പതിനായിരക്കണക്കിന് വരുന്ന ജനങ്ങളില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് ഇപ്പോഴുള്ള ആശുപത്രിയുടെ സേവനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റിയില്‍ എടുത്ത തീരുമാനപ്രകാരം ഉടന്‍ തന്നെ പഞ്ചായത്തിന്റെ കിഴക്കമ്പലത്തെ കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ജനകീയ പ്രശ്‌നങ്ങളില്‍ തങ്ങള്‍ ഇടപെടുന്നത് തടയുന്നതിനായുള്ള പഞ്ചായത്തിന്റെ നീക്കത്തെ ഏതു വിധേനയും തടയുന്നതിനായുള്ള തയാറെടുപ്പിലാണ് എല്‍ഡിഎഫ് ആശുപത്രി മാറ്റി സ്ഥാപിക്കുന്ന ഘട്ടത്തില്‍ പ്രത്യക്ഷമായ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് സിപിഎമ്മും സിപിഐയും.