ടാറിംഗ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ പരിഹരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും: എ.എന്‍. ഷംസീര്‍

KNR-SHAMSHEERപാനൂര്‍: പന്ന്യന്നൂര്‍ മൊകേരിവയല്‍ റോഡ് ടാറിംഗ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എ. റോഡുപണിയില്‍ ക്രമക്കേടു നടന്നെന്നു കാണിച്ച് ഡിവൈഎഫ്‌ഐ ചമ്പാട് മേഖലാ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഷംസീര്‍ റോഡ് സന്ദര്‍ശിച്ചത്. റോഡ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ നേരിട്ടറിഞ്ഞ എംഎല്‍എ നാട്ടുകാരില്‍നിന്നു പരാതികളും വാങ്ങി. തുടര്‍ന്നു പിഡബ്ല്യുഡി എന്‍ജിനിയറെ ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം നാട്ടുകാരുടെ യാത്രാദുരിതത്തിന് ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കി.

റോഡുപണിയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രശ്‌നങ്ങളെക്കുറിച്ചറിയാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അടുത്തദിവസം തന്നെ സ്ഥലം സന്ദര്‍ശിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.1.73 കോടി രൂപയാണ്ു പന്ന്യന്നൂര്‍ മുതല്‍ മൊകേരി വയല്‍ വരെയുള്ള നാല് കിലോമീറ്റര്‍ റോഡ് ടാറിംഗ് പ്രവൃത്തിക്കായി നബാര്‍ഡ് അനുവദിച്ചത്. എന്നാല്‍ ടാറിംഗ് പ്രവൃത്തി രണ്ടു കിലോമീറ്റര്‍ ദൂരമെത്തുമ്പോഴേക്കും പൊട്ടിപ്പൊളിയാന്‍ തുടങ്ങി. മഴകൂടി എത്തിയതോടെ ഈ റോഡില്‍ കൂടിയുള്ള യാത്ര തീര്‍ത്തും ദുഷ്കരമായി. ഓവുചാലുകള്‍ പണിയാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും ഒന്നും നടത്തിയില്ല. റോഡ് നവീകരണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി തുക നീക്കി വച്ചിരുന്നെങ്കിലും അതും ആര്‍ക്കും ലഭിച്ചില്ല.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സ്ഥലം എംഎല്‍എ നേരിട്ട് പരിശോധനയ്‌ക്കെത്തിയത്. ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കെ. ആദര്‍ശ്, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ അരയാക്കൂല്‍ ഡിവിഷന്‍ സെക്രട്ടറി വി. മഹേഷ്, ഗ്രാമ്യകം ചെയര്‍മാന്‍ ശശി, ജെ. ബിഗേഷ്, ജിത്തു എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

Related posts