ഇനി ആര്‍ക്കും ട്രോളാം, ‘ആപ്പ് ” റെഡി…

app

തൃശൂര്‍: ട്രോളുകള്‍കൊണ്ട് ആറാട്ടും പൊങ്കാലയും നടത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത: ഇനി ആര്‍ക്കും ട്രോളാം, ഈസിയായി…! അതേ, “മലയാളികള്‍ക്കായി മലയാളികള്‍ ഉണ്ടാക്കിയ കിടിലന്‍ ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷന്‍’ എന്ന പരിചയപ്പെടുത്തല്‍ മതി പുതിയ “ആപ്പ്’ എന്തെന്നറിയാന്‍.

പണികൊടുക്കാന്‍ മലയാളികളേക്കാള്‍ മിടുക്കന്മാര്‍ വേറാരുണ്ട്. സച്ചിനെ അറിയില്ലെന്നുപറഞ്ഞ മരിയ ഷറപ്പോവയെ വരെ ട്രോളിപ്പറത്തിയവരാണ് മലയാളികള്‍. ഇന്നലെ വരെ ഫോട്ടോഷോപ്പ് പോലുള്ള സോഫ്ട്‌വെയറുകളുടെ സഹായത്തോടെ സാങ്കേതികജ്ഞാനമുള്ളവര്‍ മാത്രം ഉണ്ടാക്കിയിരുന്ന ട്രോളുകള്‍ ആര്‍ക്കും സ്വന്തം മൊബൈലില്‍ നിമിഷനേരം കൊണ്ട് ഉണ്ടാക്കാം. “മലയാളം ഇമേജ് എഡിറ്റര്‍’ എന്ന ആപ്പ് ഉപയോഗിച്ച് ആര്‍ക്കും ട്രോളന്മാരാകാം.

തൃശൂര്‍ ആറാട്ടുപുഴ മുളങ്ങ് സ്വദേശികളായ നാല്‍വര്‍സംഘമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. റോബോട്ടിക്‌സില്‍ ബിരുദം നേടിയ യതീന്ദ്രരാജ്, ഐടി ബിരുദധാരികളായ അഖില്‍ ശേഖരന്‍, രോഹിത് മനുമോഹന്‍, കെ.എസ്. സനല്‍ എന്നിവരാണ് ആപ്പിനു പിന്നില്‍.

200ഓളം മലയാളം ഫോണ്ടുകള്‍ മലയാളം എഡിറ്ററില്‍ ലഭ്യമാണ്. മലയാളത്തില്‍ ട്രോളുകള്‍ക്കുപുറമേ, ഗ്രീറ്റിംഗ്‌സ്, ഫേസ്ബുക്ക് പോസ്റ്റുകള്‍, സെലിബ്രേഷന്‍ ഇമേജുകള്‍, ഉദ്ധരണികള്‍, ടെംപ്ലേറ്റ്‌സ്, ഇമോജീസ്, ബാക്ക് ഗ്രൗണ്ട്‌സ്, ട്രോള്‍ വാട്ടര്‍മാര്‍ക്‌സ്, പെന്‍സില്‍ സ്‌കെച്ചസ്, ക്ലിപ്പ് ആര്‍ട്ട് എന്നിവയും ലഭിക്കും. മൊബൈലിലെ സ്വന്തം ചിത്രങ്ങളും മലയാളം ടൈപ്പ് ചെയ്ത് പോസ്റ്റുചെയ്യാനും സൗകര്യമുണ്ട്. പ്രശസ്ത സിനിമാ ഡയലോഗ്, സിനിമാപ്പേര്, നടന്‍-നടി എന്നിങ്ങനെ സെര്‍ച്ച് ചെയ്തും ട്രോള്‍ ഇമേജുകള്‍ കണ്ടെത്താം. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ജിമെയില്‍, ഹാംഗ് ഔട്ട് എന്നീ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലേക്ക് ആപ്പ് വഴി ഇമേജുകള്‍ നേരിട്ട് പോസ്റ്റു ചെയ്യാം. ആനിമേറ്റഡ് ഇമേജുകളിലും(ജിഫ്) ടൈപ്പ് ചെയ്യാന്‍ സാധിക്കും വിധം ആപ്പ് അപ്‌ഡേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ആര്‍ക്കും ട്രോളുകള്‍ നിര്‍മിച്ച് പോസ്റ്റുചെയ്യാം എന്നുണ്ടെങ്കിലും അഡ്മിനുകളായ നാല്‍വര്‍സംഘമാണ് പോസ്റ്റുകള്‍ വേരിഫൈ ചെയ്യുന്നത്. പബ്ലിക് ഷെയറിംഗിനു സാധിക്കാത്ത തരത്തിലുള്ള പോസ്റ്റുകള്‍ ഇവര്‍ക്കു നിയന്ത്രിക്കാനാകും. ആപ്ലിക്കേഷനിലെ ഓരോ ഒപ്ഷനുകളും സ്റ്റോപ്പ് ചെയ്യാനും സെര്‍വര്‍ സൈഡിന്(അഡ്മിന്‍സ്) കഴിയും. പ്രമുഖ ട്രോള്‍പേജുകളും മറ്റു ഫേസ്ബുക്ക് പേജുകളും ആപ്പിലുണ്ട്. ഇക്കഴിഞ്ഞ വിഷുദിനത്തിലാണ് “മലയാളം ഇമേജ് എഡിറ്റര്‍’ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിതുടങ്ങിയത്. ഇതിനകം 1,58,724 പേര്‍ ഡൗണ്‍ലോഡിംഗും ഷെയറിംഗും വഴി ആപ്പ് ഉപയോഗിക്കുന്നുണ്ട്. മൂന്നുലക്ഷത്തോളം ട്രോളുകളും ആപ്പ് വഴി നിര്‍മിച്ചുകഴിഞ്ഞു.

Related posts