ട്രാന്‍സ്‌ഫോര്‍മറുകള്‍ തീയിട്ട സംഭവം: കെഎസ്ഇബിയും പോലീസും തമ്മിലടി

KKD-FIRE-TRANSFORMERസ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറുകളുള്‍പ്പെടെ ആറു വൈദ്യുതി വിതരണ ഉപകരണങ്ങള്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ കെഎസ്ഇബി ഉദ്യോഗസ്ഥര്‍. മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടും പോലീസ് നിഷ്ക്രിയരായിരുന്നുവെന്നാണ് കെഎസ്ഇബി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെകടറേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസും സംഭവത്തിന്റെ ഗൗരവം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും പരസ്പരം ആരോപിക്കുന്നു. നടക്കാവ്, ചേവായൂര്‍, സ്‌റ്റേഷന്‍പരിധിയില്‍ ഇതിനുമുമ്പും കെഎസ്ഇബിയുടെ കേബിളുകള്‍ കത്തിച്ചിട്ടുണ്ടുണ്ടെന്ന വെളിപ്പെടുത്തലുകളാണ് എന്തുകൊണ്ട് സംഭവം മൂടിവയ്ക്കപ്പെട്ടു എന്ന ചോദ്യത്തിലേക്ക് നയിക്കുന്നത്.

കോഴിക്കോട് അബ്ദുല്‍ ഖാദര്‍ റോഡ് ജംഗ്ഷനിലെ റിംഗ് മെയിന്‍ യൂണിറ്റ് (ആര്‍എംയു), സമീപത്തുള്ള  ട്രാന്‍സ്‌ഫോമര്‍, അതിലേക്കു വരുന്ന കേബിള്‍, നഗരം വില്ലേജ് ഓഫിസിനു സമീപം ഭൂഗര്‍ഭ കേബിളിനോട് അനുബന്ധമായ മീറ്ററിംഗ് പാനല്‍ ബോക്‌സ്, അരവിന്ദ്‌ഘോഷ് റോഡില്‍ മദീന ഐസ് ഫാക്ടറിക്കു സമീപം ആര്‍ആര്‍ 15/1 വൈദ്യുതക്കാലിലെ വൈദ്യുതി കേബിള്‍ എന്നിവയാണു കഴിഞ്ഞ ദിവസം കത്തിച്ചത്. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് മുന്‍കാലസംഭവങ്ങളിലേക്കു കൂടി വഴിതുറന്നിരിക്കുന്നത്.

തടമ്പാട്ടുതാഴത്ത് കഴിഞ്ഞ മാസമാണ് ഭൂഗര്‍ഭ കേബിള്‍ കത്തിച്ചത്. ഇതുസംബന്ധിച്ചു കെഎസ്ഇബി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. നടക്കാവ് പോലീസ് പരിധിയില്‍ ഫ്‌ളോറിക്കല്‍ ഹില്‍ റോഡില്‍ വേദവ്യാസ വിദ്യാലയത്തിനു സീപത്തും ഭൂഗര്‍ഭ കേബിള്‍ കത്തിച്ചിരുന്നു. ഒരാഴ്ചമുമ്പ്് നാലാംഗേറ്റിനു സമീപത്തും കെഎസ്ഇബിയുടെ കേബിളുകള്‍ കത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്്.

ഇതുസംബന്ധിച്ചു കഴിഞ്ഞ ദിവസമാണു കെഎസ്ഇബി അധികൃതര്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. എന്തുകൊണ്ട് പരാതി നല്‍കാന്‍ വൈകിയെന്ന ചോദ്യമാണ് പോലീസ് തിരിച്ചുചോദിക്കുന്നത്. നാലാം ഗേറ്റ് മുതല്‍ അഞ്ചാം ഗേറ്റ്‌വരെ റെയില്‍വേ ലൈനിനു സമാന്തരമായുള്ള നടപ്പാതയുടെ ഭാഗത്തെ  ഭൂഗര്‍ഭ കേബിള്‍ മൂന്നിടത്താണ് തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ട്രാന്‍സ്‌ഫോര്‍മര്‍ കത്തിയതിനെ തുടര്‍ന്നു നഗരത്തിന്റെ വിവിധ മേഖലകളില്‍ 16 മണിക്കൂറോളമാണു വൈദ്യുതി മുടങ്ങിയത്. 25 ലക്ഷത്തിലേറെ നഷ്ടമാണുണ്ടായത്. എന്തായാലും പോലീസ് കൂടുതല്‍ ഗൗരവത്തോടെ കേസ് അന്വേഷിക്കണമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related posts