വടക്കഞ്ചേരി: തമിഴ്നാട്ടില്‍നിന്നും മറ്റും കൊണ്ടുവരുന്ന ചാണകവും കോഴികാഷ്ഠവും നെല്ലിനു വളമായി നല്കുമ്പോള് അതിനു ഗുണമേന്മയുണ്ടോയെന്നു കൂടി പരിശോധിക്കണമെന്നും അതല്ലെങ്കില്‍ കൃഷിയിടത്തില്‍ കളപെരുകാനും മറ്റു വിളനാശത്തിനും കാരണമാകുമെന്ന് പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഇളങ്കോവന് പറഞ്ഞു.
വടക്കഞ്ചേരി കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യകേന്ദ്രത്തില്‍ കളനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കുള്ള ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നെല്‍കൃഷി ചുരുങ്ങി ഇപ്പോള്‍ ആവശ്യമുള്ള 80 ശതമാനം അരിയും അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയായിരിക്കുകയാണ്. നെല്‍കൃഷിയില്‍നിന്നും കര്‍ഷകര്‍ക്ക് മാറാതിരിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം.
തൊഴിലാളികളെ വച്ചുള്ള കൃഷിപണികളൊന്നും പ്രായോഗികമല്ലാത്തതിനാല്‍ യന്ത്രവത്കരണം വ്യാപകമാക്കണം. ഗവേഷണങ്ങളെല്ലാം കര്‍ഷകര്‍ക്കൊപ്പംനിന്ന് പാടങ്ങളില്‍ ചെയ്യണമെന്ന് ഇളങ്കോവിന് അഭിപ്രായപ്പെട്ടു. പ്രായോഗിക അറിവുണ്ടാകണമെങ്കില്‍ ഇങ്ങനെ ചെയ്തേ മതിയാകൂ. ഏതുകൃഷിക്കും കണക്കുകളുടെ കൃത്യതവേണം. അത് വളം ചേര്‍ക്കുമ്പോഴും കീടനാശിനി പ്രയോഗത്തിലും കളനശീകരണത്തിനുമെല്ലാം പ്രയോജനപ്പെടും. ഭൂമിയില്‍ 25 ലക്ഷം ചെടികളുണ്ടെന്നാണ് കണക്ക്. ഓരോ ചെടിക്കും ചെറുതും വലുതുമായ ധര്‍മങ്ങളുണ്ട്-ഇളങ്കോവന് പറഞ്ഞു.