ഒന്നു ശ്രമിച്ചു കൂടേ..! പാതിരാമണലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു

ktm-pathiramanalകുമരകം: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പാതിരാമണലില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു. വേമ്പനാട്ടുകായലിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പരിസ്ഥിതി പ്രാധാന്യമുള്ള ദ്വീപ് അവഗണന യിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പാതിരാമണല്‍ ദ്വീപ് കൈക്കലാക്കാന്‍ നടന്ന നീക്കങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണു നടക്കാതിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരോ വിനോദസഞ്ചാര വകുപ്പോ പാതിരാമണല്‍ ദ്വീപ് സംരക്ഷിക്കാനോ വിനോദസഞ്ചാരികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനോ തയാറായില്ല.

മുഹമ്മ പഞ്ചായത്തില് 19.6 ഹെക്ടര്‍ വിസ്തീര്‍ണമുള്ള പാതിരാമണല്‍ ജൈവവൈവിധ്യ സംമ്പുഷ്ടമാണ്. ദ്വീപിനെപ്പറ്റി അറിഞ്ഞെത്തുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് അസൗകര്യങ്ങള്‍ അവഗണിച്ച് ഇപ്പോള്‍ പാതിരാമണല്‍ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരിക്കുന്നത്. ദ്വീപിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്കു സുരക്ഷിതമായി ബോട്ടില്‍നിന്നിറങ്ങാനുള്ള ജെട്ടിപോലും ഇല്ലെന്നുള്ളതാണു വാസ്തവം.

ദ്വീപ് ഇപ്പോള്‍ സാമൂഹികവിരുദ്ധരുടെയും അനാശാസ്യ പ്രവര്‍ത്തനത്തിനെത്തുന്നവരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കുകയും സഞ്ചാരികള്‍ക്കു ദ്വീപിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കാനുമായി ഗൈഡിന്റെ സേവനം ഏര്‍പ്പെടുത്തുകയും ചെയ്യണം.

ഇപ്പോള്‍ എത്തുന്ന സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ദ്വീപില്‍ കുന്നുകൂടി കിടക്കുകയാണ്. കണ്ടല്‍കാടുകള്‍കൊണ്ടും വിവിധ ഇനം പക്ഷിജാലങ്ങള്‍കൊണ്ടും മത്സ്യസമ്പത്തുകള്‍കൊണ്ടും പ്രകൃതി രമണീയമായ പാതിരാമണലിനെ പരിസ്ഥിതിക്കു കോട്ടം ഉണ്ടാകാതെ സംരക്ഷിക്കണമെന്നു കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോക്ടര്‍ ബി. ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

Related posts