തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആനയായ ‘ശിവസുന്ദരം’ ചെരിഞ്ഞു. ഇന്ന് രാവിലെ 6.30 ഓടെയാണ് ക്ഷേത്രം ഗസ്റ്റ്ഹൗസിന് സമീപത്തെ ആനക്കൊട്ടിലിന് സമീപം ആന വീണുകിടക്കുന്നതായി കണ്ടത്. ആനയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന താണെന്നും ടിടികെ ദേവസ്വം ആധികൃതര്‍ക്കെതിരെ നാട്ടാന പരിപാലന ചട്ടപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗക്ഷേമസംഘടനയായ ആനിമല്‍ ആന്‍ഡ് ബേര്‍ഡ്സ് വെല്‍ഫെയര്‍ ട്രസ്റ്റ് സെക്രട്ടറി കെ.രഞ്ജിത്ത് വനംവകുപ്പ് അധികൃതര്‍ക്കും പോലീസിനും പരാതി നല്കി. 1997 ല്‍ ശിവകാശിയിലെ പ്രമുഖ വ്യാപാരി മാരിയപ്പന് ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണു ശിവസുന്ദരം.
എന്നാല്‍ ആന ഇന്നലെ വൈകുന്നേരവും ഭക്ഷണം കഴിച്ചിരുന്നതായും മരണകാരണത്തെ കുറിച്ച് അറിയില്ലെന്നും ടിടികെ ദേവസ്വം അധികൃതര്‍ പറഞ്ഞു. നിരവധി ഭക്തജനങ്ങള്‍ വിവരമറിഞ്ഞു ക്ഷേത്രത്തിലെത്തി.നാട്ടാന പരിപാലന ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ് ആനയുടെ അകാലമൃത്യുവിനു കാരണമെന്നും ഇതു സംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ക്ക് നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നും ആനിമല്‍ ആന്‍ഡ് ബേര്‍ഡ്സ് വെല്ഫേര് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വനം വകുപ്പില്‍ നിന്നും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും ആനയുടെ മരണത്തിന് മുഖ്യകാരണം വനംവകുപ്പിന്റെ അനാസ്ഥയാണെന്നും ഇവര്‍ ആരോപിച്ചു.
സംഘടനാഭാരവാഹികളായ വേലിക്കാത്ത് രാഘവന്, കെ.രഞ്ജിത്ത്, പി.രാജന്, കെ.ദിനേശന് എന്നിവര്‍ സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരായ തളിപ്പറമ്പ് റെയ്ഞ്ച്് ഓഫീസര്‍ സോളമന് തോമസ് ജോര്‍ജ്, സോഷ്യര്‍ ഫോറസ്ട്രി വിഭാഗം റെയ്ഞ്ച് ഓഫീസര്‍ സത്യപ്രഭ എന്നിവരും സ്ഥലത്തുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം സംബന്ധിച്ചു കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂയെന്ന് അവര്‍ പറഞ്ഞു. നാട്ടാനകളുടെ മേല്‍നോട്ടം അടുത്തകാലത്തായി വനം വകുപ്പിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനു കൈമാറിയിരിക്കയാണ്.