ചാവക്കാട്: തീരമേഖലയില്‍ പനി വ്യാപകം. ആശുപത്രികളില്‍ വന്‍ തിരക്ക്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തുന്നവരില്‍ അധികം പേരും പനിക്കാരാണ്. അതില്‍ കൂടുതലും തീരവാസികളാണ്. ചാവക്കാടിനു പുറമെ കടപ്പുറം, പുന്നയൂര്‍, എടക്കഴിയൂര്‍, ഒരുമനയൂര്‍ ആരോഗ്യകേന്ദ്രങ്ങളിലും പനി ബാധിച്ചവരുടെ അസാധരണ തിരക്കാണ്. രണ്ടാഴ്ചയായി രോഗികളുടെ വന്‍ തിരക്കാണ് ആശുപത്രിയില്‍ അനുഭവപ്പെടുന്നത്. പല ദിവസവും ആയിരത്തോളം രോഗികളാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. ചില ദിവസങ്ങളില്‍ ആയിരത്തിനുമുകളിലും രോഗികള്‍ എത്തുന്നുണ്ടെന്ന് സൂപ്രണ്ട് ഡോ. എ.എ. മിനിമോള്‍ പറഞ്ഞു.
താലൂക്ക് ആശുപത്രിയിലെ പലവിഭാഗത്തിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാരില്ല. അതില്‍ ചിലര്‍ ലീവ് എടുത്താല്‍ അവസ്ഥയാകെ മാറും. ഡോക്ടറുടെ കുറവും അവധിയും അറിയാത്തതിനാല്‍ ആശുപത്രിയില്‍ രോഗികളും അധികൃതരും തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കും ഉണ്ടാകാറുണ്ട്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാരെ ലഭിക്കാത്തതാണ് മുഖ്യകാരണമെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ ശമ്പളവും സൗകര്യവും പരിഗണിക്കുമ്പോള്‍ പല ഡോക്ടര്‍മാരും സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ഉപേക്ഷിക്കുകയാണ്. തീരമേഖലയിലെ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പില്‍ സമര്‍ദം ചെലുത്തുന്നുണ്ടെന്ന് എംഎല്‍എ അറിയിച്ചു. അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് പകര്‍ച്ച വ്യാധികള്‍ അധികം കണ്ടുവരുന്നത് മഴക്കാലം കഴിയുന്നതുവരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. താലൂക്ക് ആശുപത്രിയിലെ സൗകര്യം വര്‍ധിച്ചതും സ്വകാര്യ ആശുപത്രിയിലെ ചെലവ് കൂട്ടിയതും രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.