ജിബിന്‍ കുര്യന്‍
കോട്ടയം: എത്ര ഉയരമുള്ള തെങ്ങിലും മിനിറ്റുകള്‍ക്കുള്ളില്‍ അനിത കുതിച്ചു കയറും. കറിക്ക് അരിയും പോലെ കരിക്കുകുല വെട്ടിയിറക്കും. സൈക്കിള്‍ ചവിട്ടുന്ന ലാഘവത്തോടെ ഓട്ടോ ഓടിച്ചു റോഡിലെത്തും. ദാഹിച്ചുവരുന്നവര്‍ക്കൊക്കെ കരിക്കു വെട്ടിക്കൊടുക്കും. അനിത എന്ന 42കാരിയായ വീട്ടമ്മ വീടുപോറ്റാന്‍ സാഹസിക അധ്വാനമാണു നടത്തുന്നത്.
സ്ത്രീക്ക് ഏതു ജോലിയുമാകാം എന്നതിന് ഉത്തമ ഉദാഹരണമാണു കോട്ടയം കൂരോപ്പട ചെന്നാമറ്റം കൊച്ചുകൊട്ടാരത്തില്‍ അനിത പ്രസാദ് എന്ന വീട്ടമ്മ. കുടുംബത്തിനു അന്നംതേടി കോട്ടയം കുര്യന്‍ ഉതുപ്പ് റോഡില്‍ കരിക്കുകച്ചവടവും ജില്ലാ ആശുപത്രിക്കുസമീപമുള്ള സ്റ്റാന്‍ഡില്‍ ഓട്ടോയും ഓടിച്ചാണ് ഈ വനിത കുടുംബം പോറ്റുന്നത്. പുലര്‍ച്ചെ നാലിന് ഉണരുന്ന അനിത ഭര്‍ത്താവിനും കുട്ടികള്‍ക്കുമുള്ള ഭക്ഷണം തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ തീര്‍ത്തതിനുശേഷം ഓട്ടോ ഓടിച്ച് ടൗണിലെത്തും. തുടര്‍ന്നു കുമരകം, പരിപ്പ് ഭാഗത്തെ തെങ്ങിന്‍ തോപ്പുകള്‍ തേടിയാണ് ഈ വനിതയുടെ യാത്ര. ഇവിടെയുള്ള വീടുകളിലെ തെങ്ങുകളില്‍നിന്നും കരിക്കുവെട്ടി ടൗണിലെത്തിച്ചാണു വില്‍പന.
ഒരു ദിവസം 10മുതല്‍ 15 വരെ തെങ്ങുകളില്‍ കയറും. വെട്ടിയെടുക്കുന്ന 150 വരെ കരിക്കിന്‍കുലകളുമായി ഉച്ചയോടെ ടൗണിലെത്തും. നാടന്‍ കുമരകം കരിക്ക് എന്ന ബോര്‍ഡു വച്ചാണു വില്‍പന. രാവിലെ 11നു തുടങ്ങുന്ന കച്ചവടം വൈകുന്നേരം ആറിനാണ് അവസാനിപ്പിക്കുന്നത്. ഒരു ദിവസം 100 കരിക്കുകള്‍ വരെ വില്‍ക്കും. ആദ്യമൊക്കെ തെങ്ങുകയറ്റ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു അനിത കരിക്ക് ശേഖരിച്ചിരുന്നത്. തൊഴിലാളികള്‍ക്കു ക്ഷാമമുണ്ടായപ്പോള്‍ അതു കച്ചവടത്തെ ബാധിച്ചു. ഒടുവില്‍ മറ്റൊന്നും ചിന്തിക്കാതെ ഈ വനിത തെങ്ങുകയറാന്‍ തുടങ്ങുകയായിരുന്നു. ഇതിനായി 2000 രൂപ മുടക്കി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൈയില്‍നിന്നും തെങ്ങുകയറ്റ യന്ത്രവും വാങ്ങി. ഭര്‍ത്താവിനൊപ്പം തെങ്ങുകയറ്റം പടിക്കാനായി ആദ്യമെത്തിയപ്പോള്‍ പലരും മൂക്കത്തുവിരല്‍വച്ചു. പക്ഷേ, ഇതൊന്നും കൂസാക്കാതെ അനിത തെങ്ങുകളുടെ ഉയരങ്ങളിലേക്ക് പതുക്കെ ചവിട്ടി കയറുകയായിരുന്നു.
കരിക്കു കച്ചവടം നടത്തുന്നതിനിടയില്‍ ഓട്ടോ ഓടിക്കാനും അനിത സമയം കണെ്ടത്തുന്നു. ഓട്ടോ ഓടിക്കുന്നതില്‍ ചിലര്‍ തടസം ഉന്നയിച്ചപ്പോള്‍ അതിനെയും ധീരമായി നേരിട്ടു. എതിര്‍പ്പുണ്ടായപ്പോള്‍ ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനിതയ്ക്ക് ഓട്ടോ ഓടിക്കാന്‍ സ്റ്റാന്‍ഡ് അനുവദിച്ചു നല്‍കിയത്. സ്കൂട്ടര്‍ മുതല്‍ ജെസിബി വരെ ഓടിക്കാനുള്ള ലൈസന്‍സ് അനിതയ്ക്കുണ്ട്.
അഖില്‍, അഞ്ജന, അജയ് എന്നിവരാണു മക്കള്‍. ജെസിഐ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വനിതാദിനമായ ഇന്ന് അനിതയ്ക്ക് കോട്ടയത്ത് ആദരം നല്‍കുന്നുണ്ട്.
റിക്‌സി വെളിച്ചമായി; പന്ത്രണ്ടു പേരില്‍
സിജോ പൈനാടത്ത്
കൊച്ചി: വൈകല്യങ്ങളുടെ ഇരുട്ടുമുറിയായിരുന്നു റിക്‌സിക്ക് ഇന്നലെകളിലെ ജീവിതം. കാലുകള്‍ നീട്ടി നടക്കാനാവാതെ, ഉള്ളുതുറന്നു സംസാരിക്കാനാവാതെ, സ്വന്തമായി എന്തെങ്കിലും ചെയ്യാനാകാതെ, ചിരിയും കൂട്ടുകളുമില്ലാതെ…! ഇരുള്‍ വീണ ജീവിതത്തെ തോല്‍പ്പിച്ചു പുതുജീവിതം വെട്ടിപ്പിടിച്ച റിക്‌സി ഇന്നു പല ജീവിതങ്ങള്‍ക്കു പ്രകാശമാണ്.
ഞരമ്പുകളുടെ പ്രവര്‍ത്തനശേഷി ഇല്ലാതാവുന്ന അപൂര്‍വരോഗം ജന്മനാ ദുരിതമായ അങ്കമാലി കറുകുറ്റി സ്വദേശിനി റിക്‌സി റാഫേലാണ് ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകവും പ്രകാശവുമാകുന്നത്. വൈകല്യങ്ങളെ മറന്ന് ആരംഭിച്ച സ്വയം തൊഴില്‍ സംരംഭത്തിലൂടെ 12 പേരുടെ ജീവിതങ്ങള്‍ക്കാണ് ഇന്നു റിക്‌സി തണലാവുന്നത്. റിക്‌സി സ്വന്തമായി ഉണ്ടാക്കുന്ന ആഭരണങ്ങള്‍, പൂക്കൂടകള്‍, പൂക്കള്‍, മറ്റു കരകൗശല ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനമാണ് 12 പേരുടെ വരുമാന മാര്‍ഗം.
സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടായിരുന്ന റിക്‌സിയുടെ ജീവിതം രണ്ടര പതിറ്റാണ്ടിലധികം വീടിനുള്ളില്‍ തന്നെയായിരുന്നു.
പലേടങ്ങളിലും ചികിത്സ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. എറണാകുളം പൊന്നുരുന്നി വെല്‍ഫെയര്‍ സര്‍വീസസാണു റിക്‌സിയുടെ പുതുജീവിതത്തിന് ആദ്യം പ്രതീക്ഷ പകര്‍ന്നത്. വെല്‍ഫെയറിന്റെ കറുകുറ്റിയിലുള്ള സ്‌നേഹ സെന്ററില്‍ ഏറെക്കാലം ഫിസിയോതെറാപ്പി ചികിത്സയിലൂടെ റിക്‌സിക്കു പതുക്കെ നടക്കാവുന്ന സ്ഥിതിയായി. വൈകാതെ വെല്‍ഫെയറിന്റെ സഹായത്തോടെ ആദ്യം കറുകുറ്റിയിലും പിന്നീട് മുരുങ്ങൂരിലും പൂക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനം തുടങ്ങി.
വിവാഹ ബൊക്കെകള്‍, മാലകള്‍, ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ മികവു തെളിയിച്ച റിക്‌സി അതിന്റെ വിപണി സാധ്യതകള്‍ സമഗ്രമായി പഠിച്ച് അങ്കമാലിയില്‍ വിപുലമായ സ്ഥാപനം തുടങ്ങി. അമ്മ എല്‍സി, സഹോദരങ്ങളായ റിജോ, റിനി എന്നിവരും റിക്‌സിയുടെ അതിജീവന വഴികളില്‍ പിന്തുണയായി ഒപ്പമുണ്ട്. രണ്ടു ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ 12 പേര്‍ റിക്‌സിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും മാര്‍ക്കറ്റിംഗിലും ഇവര്‍ സജീവം.
ഇന്നലെകളിലെ ശാരീരിക വിഷമതകളില്‍ കുടുങ്ങാതെ ജീവിതത്തിലേക്കു നടന്നടുക്കാന്‍ അളവില്ലാത്ത ദൈവാനുഗ്രഹമാണ് തനിക്കു തുണയായതെന്നു റിക്‌സി പറയുന്നു.
പെണ്‍കുട്ടികളോടു സൗമിനിയും ആശയും സോഷ്യല്‍ മീഡിയയില്‍ കുടുങ്ങരുത്
കൊച്ചി: ഇന്നു ലോക വനിതാ ദിനം. എറണാകുളം ജില്ലയിലെ രണ്ടു തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവിയിലും വനിതകളാണ്. കൊച്ചി മേയര്‍ സൗമിനി ജെയിനും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലും. ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനത്തില്‍, ഇരുവരും ദീപികയുമായി സംസാരിക്കുന്നു. വിവിധ വിഷയങ്ങളില്‍ ഇവര്‍ക്കു വനിതാസമൂഹത്തോടു പറയാനുള്ളതു കേള്‍ക്കാം.
സോഷ്യല്‍ മീഡിയ
സൗമിനി ജെയിന്‍: വീട്ടിലെത്തിയാല്‍ കുടുംബാംഗങ്ങളുമായി സംസാരിക്കാതെ സോഷ്യല്‍ മീഡിയയില്‍ തമ്മില്‍ കാണാത്ത സുഹൃത്തുക്കളുമായി മതിമറന്നു സംസാരിക്കുന്ന പെണ്‍കുട്ടികള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതു വഴി നല്ല ഗുണങ്ങള്‍ ഉണെ്ടങ്കിലും ഇവയുടെ അമിതമായ ഉപയോഗം ഒഴിവാക്കണം.
ആശ സനില്‍: യുവതലമുറ പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ ദിവസത്തിന്റെ പകുതിയിലേറെ സമയവും സോഷ്യല്‍ മീഡിയയിലും മൊബൈല്‍ ഫോണിലുമാണെന്നതു പ്രതീക്ഷാവഹമല്ല. പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാണ്. എന്നാല്‍, നിത്യേന നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അവര്‍ മതിയായ അവബോധമുള്ളവരല്ല. അതുകൊണ്ടാണു പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെയുള്ള ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളില്‍ വീഴുന്നത്. സോഷ്യല്‍ മീഡിയ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം പല തരത്തിലുള്ള പ്രശ്‌നങ്ങളിലും ചെന്നെത്തിക്കും.
പ്രതികരണശേഷി ആര്‍ജിക്കണം, പ്രയോഗിക്കണം
സൗമിനി ജെയിന്‍: വനിതകള്‍ പല രംഗത്തും പുരുഷന്മാരേക്കാള്‍ ശക്തരാണ്. സമൂഹത്തിന്റെ നന്മയ്ക്ക് ഒറ്റക്കെട്ടായി മുന്നേറാന്‍ വനിതകള്‍ സന്നദ്ധരാകണം. സംരംഭകത്വ മേഖലയില്‍ വനിതകള്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. വനിതാശാക്തീകരണത്തിന് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ആശ സനില്‍: സ്ത്രീസ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനുമായി രാജ്യത്ത് ഒട്ടനവധി നിയമങ്ങളുണ്ട്. പ്രതികരണശേഷിയുടെ കാര്യത്തില്‍ പിന്നിലായതിനാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സ്ത്രീകള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങളെ എങ്ങനെ നിയമപരമായി നേരിടണമെന്ന് അവരെ ബോധവത്കരിക്കണം. പ്രതികരണശേഷിയില്ലാത്തതാണു അതിക്രമം പെരുകാന്‍ കാരണം.
സ്വയംപര്യാപ്തത, സംരംഭകത്വം
സൗമിനി ജെയിന്‍: വനിതകളില്‍ നല്ലൊരു ശതമാനവും കുടുംബശ്രീ പോലുള്ള കൂട്ടായ്മകളിലൂടെ സ്വയം സംരംഭകരായി സമൂഹത്തിനു മാതൃകയാകുന്നുണ്ട്. സ്വന്തമായി ജോലി കണെ്ടത്തുകയും മറ്റുള്ളവര്‍ക്കു ജോലി നല്‍കുകയും ലാഭം കണെ്ടത്തുകയും ചെയ്യുന്ന സ്ത്രീകള്‍ യഥാര്‍ഥത്തില്‍ നല്ല സംരംഭകരാണ്. ഒരു വ്യവസായത്തെ എങ്ങനെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാമെന്ന് ബോധ്യമുള്ളവരാണ് ഇവര്‍. കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നതു പ്രോത്സാഹിപ്പിക്കും.
ആശ സനില്‍: സ്വയം സംരംഭകരായി തൊഴില്‍ദാതാക്കളാവാന്‍ കഴിവുള്ള സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ നിരവധിയുണ്ട്. സമൂഹത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവര്‍ക്കു കൈത്താങ്ങാവാന്‍ വനിതകള്‍ തന്നെ മുന്നിട്ടിറങ്ങണം. ഭര്‍ത്താവ് മരിച്ചശേഷം മക്കള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവരുണ്ട്. വളരെ കഷ്ടപ്പെട്ടാണ് അവര്‍ ജീവിക്കുന്നത്. മക്കളുടെ പഠിപ്പ്, വര്‍ധിച്ച ജീവിത ചെലവുകള്‍ ഇവയെല്ലാം വിധവാ പെന്‍ഷന്‍ കൊണ്ടു മാത്രം തള്ളിനീക്കാനാവില്ല. വിധവകളുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും. അവരവരുടെ വീടുകളോടു ചേര്‍ന്ന് ഈ വനിതകള്‍ക്ക് സ്വന്തമായി എന്തെങ്കിലും കച്ചവടത്തിനായി പെട്ടിക്കടകള്‍ നിര്‍മിച്ചു നല്‍കും. ചെറിയ സംരംഭം തുടങ്ങാന്‍ വായ്പ തുടങ്ങിയ എല്ലാ സഹായങ്ങളും ചെയ്യും. ബോധവത്കരണവും ഉണ്ടാകും.
സുരക്ഷ
സൗമിനി ജെയിന്‍: ഉന്നത വിദ്യാഭ്യാസം നേടിയ വനിതകളില്‍ ഭൂരിഭാഗവും സ്വയം എങ്ങനെ സുരക്ഷിതരാകണമെന്നു ബോധ്യമില്ലാത്തവരാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കുമായുള്ള നിയമങ്ങള്‍ സംസ്ഥാനത്തു നിലവിലുണ്ട്. തങ്ങള്‍ക്കു നേരെയുണ്ടാകാനിടയുള്ള സംഭവങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും നമുക്കു സമഗ്രമായി അറിവുണ്ടാവണം. അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കുക തന്നെ വേണം.
ആശ സനില്‍: സ്കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ സമൂഹത്തില്‍ സുരക്ഷിതരല്ല എന്നതാണു വസ്തുത. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും യാത്രക്കിടയിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പലതാണ്. കുട്ടികള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനായി കരാട്ടെ പോലുള്ള പ്രതിരോധത്തിനായുളള പരിശീലനം നല്‍കും. ആലുവ വനിതാ സെല്ലുമായി ചേര്‍ന്നു വിവിധ പദ്ധതികള്‍ നടപ്പാക്കും.
സ്‌നേഹത്തിന്റെ മുടി പകുത്ത് അവര്‍; മാതൃവേദിക്കു ധന്യനിമിഷം
ജോണ്‍സണ്‍ വേങ്ങത്തടം
തൊടുപുഴ: തലയുടെ മുകളില്‍ കത്രിക ശബ്ദമുണ്ടാക്കുമ്പോഴും മനസു തെല്ലും പതറിയില്ല. ഇക്കാലമത്രയും ആറ്റുനോറ്റു സൂക്ഷിച്ച മുടിയുടെ സൗന്ദര്യത്തിനാണു ഭംഗം വരുന്നതെന്ന ചിന്തയേ അവര്‍ക്കില്ലായിരുന്നു. അര്‍ബുദമെന്ന മഹാരോഗത്തിന് അടിമപ്പെട്ടവരുടെ സംരക്ഷണത്തിന് ഒരു തലനാരിഴയുടെയെങ്കിലും സഹായം ചെയ്യാനായതിന്റെ ആശ്വാസമായിരുന്നു അവര്‍ക്ക്.
കോതമംഗലം രൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയിലെ വീട്ടമ്മമാരുടെ സംഘടനയായ മാതൃവേദിയിലെ അംഗങ്ങളും വിദ്യാര്‍ഥിനികളും കേട്ടറിഞ്ഞെത്തിയ കുട്ടികളുമാണു കാന്‍സര്‍രോഗികളായ സഹോദരിമാര്‍ക്കു വിഗ് നിര്‍മിക്കാന്‍ തലമുടി മുറിച്ചു നല്‍കിയത്.
തന്റെ തലമുടി കൊണ്ടുനിര്‍മിക്കുന്ന വിഗ് ഫലപ്രദമാകണമെന്നു പ്രാര്‍ഥിച്ചവര്‍ ഏറെ. പരിശുദ്ധ മാതാവിന്റെ നടയില്‍ നിന്നു മുടി മുറിക്കണമെന്നു വാശിപിടിച്ച കുട്ടികളുമുണ്ടായിരുന്നു. വിവരമറിഞ്ഞു മറ്റു നാടുകളില്‍ നിന്നു മാതാപിതാക്കളൊടൊപ്പം എത്തിയ കുട്ടികളുണ്ടായിരുന്നു. മകളുടെ മുറി മുറിക്കുമ്പോള്‍ വിദേശത്തിരുന്നു പ്രാര്‍ഥിച്ച പിതാക്കളുണ്ടായിരുന്നു. അങ്ങനെ എത്രയോ പേരുടെ പ്രാര്‍ഥനയുടെ ഫലമാണ് തങ്ങള്‍ അറിയാത്ത സഹോദരിമാര്‍ക്കു പ്രയോജനപ്പെടുന്നതെന്നോര്‍ത്തപ്പോള്‍ കരഞ്ഞ കുട്ടികള്‍ വേറെ.
മാതൃവേദിയിലെ നാല്പതോളം പേരും സെന്റ്‌മേരീസ് പബ്ലിക് സ്കൂളിലെ കുട്ടികളും നിര്‍മല്‍ജ്യോതി ബാലഭവനിലെ കുട്ടികളും ഉള്‍പ്പെടെ 82 പേരാണ് നന്മയുടെ തിരിതെളിച്ചത്. ആദ്യഘട്ടത്തില്‍ സംഭരിച്ച മുടികള്‍ നാളെ തൃശൂര്‍ അമല കാന്‍സര്‍ സെന്ററില്‍ പ്രത്യേകം കവറിലാക്കി സമ്മതപത്രം ഉള്ളടക്കം ചെയ്തു സമര്‍പ്പിക്കും. അടുത്ത ഘട്ടത്തില്‍ നാകപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ അമ്പതോളം കുട്ടികള്‍ സമ്മതപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. മിഷന്‍ലീഗിലെ കുട്ടികള്‍ മുതല്‍ 60 വയസായ അമ്മമാര്‍ വരെ ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ ഒരു പോലെ സജീവമായി പങ്കെടുക്കുന്നു. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നാകപ്പുഴ പള്ളി മാതൃവേദി കൂട്ടായ്മ, വികാരി റവ. ഡോ. ജോസഫ് കൊച്ചുപറമ്പിലിന്റെ ആഹ്വാനം പ്രകാരം കാരുണ്യവര്‍ഷത്തില്‍ കാന്‍സര്‍രോഗികളെ സഹായിക്കുന്നതിനായി രംഗത്തിറങ്ങുകയായിരുന്നു. മാതൃവേദി ദേശിയ ഡയറക്ടര്‍ കൂടിയാണ് റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍. കോതമംഗലം രൂപതയിലെ ആറോളം ബ്യൂട്ടിഷ്യന്‍മാരെ വിളിച്ചുവരുത്തിയാണ് മുടി മുറിച്ചത്.
അര്‍ബുദരോഗബാധയില്‍നിന്നു മോചിതയായ ഒരു വിദ്യാര്‍ഥിനി തന്റെ മുടി നല്‍കാന്‍ എത്തിയിരുന്നു. കീമോ എടുത്തിട്ടും ഒരു മുടി പോലും നഷ്ടപ്പെടാത്ത കുട്ടി ഇതിന്റെ വേദന എത്രമാത്രമുണെ്ടന്നറിഞ്ഞ് എത്തുകയായിരുന്നു.
കാന്‍സര്‍ ബാധിതനായി മരിച്ച പിതാവിന്റെ ഓര്‍മയ്ക്കായി സ്വന്തം മുടി മുറിച്ചുനല്‍കാന്‍ എത്തിയ കുറവിലങ്ങാട് സെന്റ് മേരീസിലെ പ്ലസ് ടു വിദ്യാര്‍ഥിനി അശ്വതി വി രാജു, സമീപ ഇടവകയായ കല്ലൂര്‍ക്കാട് നിന്നെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ജസ്‌ന പള്ളിത്താഴത്ത്, നിര്‍മല്‍ ജ്യോതി ബാലഭവനിലെ മായ ബിജു, സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ജലജ, ലിസി തുടങ്ങിയവരെല്ലാം ഓരോ അനുഭവമാണ് പങ്കുവച്ചത്.
സമ്മതപത്രമില്ലാതെ ഈ മുടികള്‍ സ്വീകരിക്കില്ല. കുട്ടികളാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. എല്ലാ വീട്ടമ്മമാര്‍ക്കും നല്‍കണമെന്ന് ആഗ്രഹമുണെ്ടന്നു പ്രസിഡന്റ് നോബി ഷാജു കിഴക്കാലയില്‍ പറയുന്നു.
ആനിമേറ്റര്‍ സിസ്റ്റര്‍ ലില്ലി എസ്എച്ച്,സെക്രട്ടറി സിനി ആന്റണി നെടുങ്കല്ലേല്‍, ട്രഷറര്‍ എല്‍സി ജോസ് കൊട്ടാരം, വൈസ് പ്രസിഡന്റ് നിഷി റോബി ചെരുവുകാലായില്‍, ജോയിന്റ് സെക്രട്ടറി ബിജി ബെന്നി ഇലവുങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പായ്ക്കിംഗ്. നാളെ അസിസ്റ്റന്റ് വികാരിമാരായ ഫാ.ജയിംസ് മുണേ്ടാളിക്കല്‍, ഫാ. ജിന്‍സ് പുളിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൃശൂര്‍ അമലയിലേക്ക് മുടി സമര്‍പ്പിക്കാന്‍ മാതൃവേദി സംഘം പോകും.
കാരുണ്യ വര്‍ഷത്തില്‍ കാരുണ്യം ചൊരിയുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നു. 25 ഓളം നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് തയ്യല്‍മിഷനുകള്‍ നല്‍കുന്നു. എല്ലാ വീടുകളിലും ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ വിത്തുകള്‍ വിതരണംചെയ്യുന്നു. നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഒരു സഹോദരിയും കണ്ണീര്‍പൊഴിച്ചു ജീവിക്കരുതെന്നാണ് മാതൃവേദിയുടെ ആഗ്രഹമെന്ന് പ്രസിഡന്റ് നോബി ഷാജു വ്യക്തമാക്കുന്നു.
മുടി ദാനം ചെയ്യണമെങ്കില്‍
മുടി ദാനം ചെയ്യണമെങ്കില്‍ മുടിക്ക് 12 ഇഞ്ച് നീളമെങ്കിലും വേണം. 10 ഇഞ്ച് നീളത്തില്‍ ആണെങ്കില്‍ പോലും സ്വീകരിക്കപ്പെടില്ല. വിഗ് നിര്‍മിക്കാന്‍ ഉപകരിക്കണമെങ്കില്‍ 12 ഇഞ്ച് വേണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.എണ്ണമയം പാടില്ല, നരച്ചതാണെങ്കിലും പ്രശ്‌നമില്ല, ഡൈ ചെയ്തതു പാടില്ല തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.അവശതകളല്ല, അവസരങ്ങളാണു ജീവിതത്തില്‍ മാനദണ്ഡമാക്കേണ്ടതെന്നും റിക്‌സിയുടെ ഓര്‍മപ്പെടുത്തല്‍.
വനിതാ ജീവനക്കാര്‍ മാത്രമായി എയര്‍ ഇന്ത്യയുടെ ഡല്‍ഹി – സാന്‍ഫ്രാന്‍സിസ്‌കോ ഫ്‌ളൈറ്റ്
ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ വനിതാ ജീവനക്കാര്‍ മാത്രമായുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള വിമാന സര്‍വീസ് നടത്തി. ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കായിരുന്നു ഈ ഫ്‌ളൈറ്റ്. 14,500 കിലോമീറ്റര്‍ ദൂരമുള്ള ഈ നോണ്‍ സ്റ്റോപ്പ് റൂട്ടില്‍ വിമാനം പറന്നെത്താന്‍ 17 മണിക്കൂറോളം സമയമെടുത്തു. ക്യാപ്റ്റന്‍ ക്ഷമതാ ബാജ്‌പേയിയുടെ നേതൃത്വത്തില്‍ കാബിന്‍ ക്രൂ, ചെക്ക് ഇന്‍ സ്റ്റാഫ്, ഡോക്ടര്‍, കസ്റ്റമര്‍ കെയര്‍ സ്റ്റാഫ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റാഫ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് എന്നിങ്ങനെ ഈ വിമാന യാത്രയുമായി ബന്ധപ്പെട്ട ജീവനക്കാരെല്ലാം