സിജോ പൈനാടത്ത്
കൊച്ചി: തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളും ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ട്രെയിന്‍ യാത്രയ്ക്കിടയില്‍ പലപ്പോഴും കൗതുകങ്ങള്‍ തട്ടിവിടാറുള്ള അഭിലാഷിന്റെ കനമുള്ള ചോദ്യത്തിലെ പൊരുള്‍ സഹയാത്രികരായ കൂട്ടുകാര്‍ക്ക് ആദ്യം പിടികിട്ടിയില്ല. പിന്നാലെയെത്തി അഭിലാഷിന്റെ വിശദീകരണം. ബന്ധമുണ്ട്; തെരഞ്ഞെടുപ്പു കാലത്തു സ്ഥാനാര്‍ഥികള്‍ പാസഞ്ചര്‍ ട്രെയിന്‍ പോലെയാണ്. എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തും, ആളുകളെ കയറ്റും. തെരഞ്ഞെടുപ്പു കഴിഞ്ഞു ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അവര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ പോലെയാണ്. സ്‌റ്റോപ്പുകള്‍ കുറവാകും. എല്ലായിടത്തും നിര്‍ത്തി ആളുകളെ കയറ്റാന്‍ സമയമുണ്ടാവില്ല. പ്രധാന സ്റ്റേഷനുകളില്‍ മാത്രം നിര്‍ത്തുന്നതു പോലെ പ്രധാനപ്പെട്ടവരെ മാത്രം കാണും, സാധാരണക്കാരെ മറക്കും.
തെരഞ്ഞെടുപ്പു കാലത്തെ സീസണല്‍ തമാശ കേട്ടു യാത്രക്കാര്‍ ഒന്നടങ്കം ചിരിച്ചെങ്കിലും, പറഞ്ഞതിലല്‍പം കാര്യമുണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. അതെ, നാട്ടിലും നഗരങ്ങളിലുമുള്ള തെരഞ്ഞെടുപ്പു ചൂട് ട്രെയിനുകളിലും സജീവമാണ്. സ്ഥിരം യാത്രക്കാര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കുമെല്ലാം പങ്കുവയ്ക്കാനുള്ള വിശേഷങ്ങളിലേറെയും തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ളതു തന്നെ. പ്രചാരണരംഗത്തെ തമാശകളും സ്ഥാനാര്‍ഥികളുടെ സ്വാധീനങ്ങളും അടിയൊഴുക്കുകളും പ്രതീക്ഷകളുമെല്ലാം ട്രെയിന്‍ യാത്രക്കാരുടെ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്നു.
പാസഞ്ചര്‍ ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മകളിലാണു തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ കൂടുതല്‍ സജീവം. കോട്ടയം, തൃശൂര്‍, ആലപ്പുഴ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തേക്കുള്ള വിവിധ പാസഞ്ചര്‍ ട്രെയിനുകളില്‍ തെരഞ്ഞെടുപ്പുചര്‍ച്ച പൊടിപൊടിക്കുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ചര്‍ച്ചകള്‍ക്കു ചൂടേറുന്നതും കാണാം. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന തെരഞ്ഞെടുപ്പു പോസ്റ്റുകളും ട്രെയിന്‍ യാത്രകളിലെ ചര്‍ച്ചാവിഷയങ്ങളാണ്.
അങ്കമാലിയില്‍ നിന്നു രാവിലെ 9.30നു പുറപ്പെടുന്ന മെമു ട്രെയിനില്‍ വന്‍തിരക്ക് അനുഭവപ്പെടാത്തതിനാല്‍ വിശാലമായ ചര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് യാത്രക്കാരനായ ജോജോയുടെ അഭിപ്രായം. അങ്കമാലിയില്‍ നിന്നാരംഭിക്കുന്ന യാത്ര എറണാകുളത്ത് എത്തുമ്പോഴേക്കും അഞ്ചു മണ്ഡലങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകും. അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിലെ ചര്‍ച്ചകള്‍ക്കു പക്ഷേ, മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പ്രശ്‌നമല്ല. കാസര്‍ഗോഡു മുതല്‍ പാറശാല വരെയുള്ള മണ്ഡലങ്ങളുടെ ചരിത്രവും വര്‍ത്തമാനവും അടിയൊഴുക്കു സാധ്യതകളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന യാത്രക്കാര്‍ക്കാണു ചര്‍ച്ചകളില്‍ മുന്‍തൂക്കം.
അങ്കമാലിയില്‍ ഇക്കുറി അങ്കം മുറുകമെന്നാണു കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ കിരണിന്റെ പക്ഷം. ജോസ് തെറ്റയിലിനു സീറ്റു നല്‍കാതിരുന്നതു ശരിയായില്ലെന്ന് അഭിപ്രായമുണ്ടെങ്കിലും, ഇപ്പോഴത്തെ സ്ഥാനാര്‍ഥി ശക്തനാണെന്നതില്‍ ഇദ്ദേഹത്തിനു സംശയമില്ല. യുവത്വത്തിന്റെ ആവേശവുമായി റോജി എം.ജോണിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിക്കുമെന്നു പത്രസ്ഥാപനത്തിലെ ജീവനക്കാരനായ ബെന്നി ഉറപ്പിക്കുന്നു. ആലുവയില്‍ അന്‍വര്‍ സാദത്തിനെ വീഴ്ത്താന്‍ എളപ്പുമല്ലെന്നാണ് സംഘത്തിലെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.സലിം ശക്തനായ സ്ഥാനാര്‍ഥിയാണെന്നതിനാല്‍ യുഡിഎഫിനു ജയം എളുപ്പമല്ലെന്നു കിരണ്‍ നിരീക്ഷിക്കുന്നു.
കളമശേരിയില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജയം ഉറപ്പിച്ചുകഴിഞ്ഞെന്നു കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളായ ജുനൈലും സെയ്ഫും പറയുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധ തരംഗത്തില്‍ കളമശേരിയുടെ ഇടതുപക്ഷത്തേക്കു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു ജോജോയുടെ മറുപടി. തൃക്കാക്കരയിലും എറണാകുളത്തും മത്സരം മുറുകുകയാണെന്നും യാത്രക്കാര്‍ നിരീക്ഷിച്ചു. മുന്നണി ഏതായാലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിവുള്ളവര്‍ തെരഞ്ഞെടുക്കപ്പെടണമെന്ന അഭിപ്രായത്തിന് എല്ലാവരുടെയും കൈയടി കിട്ടി.
രാഷ്ട്രീയമല്ല പ്രശ്‌നം, രാഷ്ട്രത്തിന്റെ പുരോഗതിയാണു പ്രശ്‌നം. അതിനുവേണ്ടിയാവണം രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും നിലനില്‍ക്കേണ്ടതെന്നുമുള്ള അഭിലാഷം അഭിലാഷ് പങ്കുവച്ചതോടെ ട്രെയിന്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെത്തിയിരുന്നു. വൈകുന്നേരം കാണാമെന്നു പറഞ്ഞു ജോലിസ്ഥലങ്ങളിലേക്കു പിരിയുമ്പോള്‍, സായാഹ്ന ചര്‍ച്ചയ്ക്കുള്ള വകുപ്പ് ഒപ്പിക്കാനുള്ള ആവേശത്തിലായിരുന്നു പലരും. പ്ലാറ്റ്‌ഫോമിലിറങ്ങിയപ്പോള്‍, സഹയാത്രികര്‍ ബ്രോ എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന ജുനൈലിന്റെ വക തന്റെ അടിസ്ഥാനപ്രശ്‌നം ചൂണ്ടിക്കാട്ടി ഒരു കമന്റു കൂടി… ഈ മെമു ട്രെയിനൊന്നു സമയത്ത് ഓടിക്കാന്‍ ഏതെങ്കിലും സ്ഥാനാര്‍ഥി ഒന്നു പറഞ്ഞെങ്കില്‍?!