തൊടുപുഴ: തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പത്തിലധികം പേര്‍ ഡെങ്കിപനി ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ ഏറെയും രോഗികള്‍ വണ്ണപ്പുറം ഭാഗത്തു നിന്നാണ് ചികിത്സക്കായി എത്തിയിരിക്കുന്നത്. തൊടുപുഴ നഗരസഭയുടെ പരിതിയില്‍ നിന്ന് രണ്ടു പേര്‍ക്കാണ് ഡെങ്കിപനിയുള്ളതായി സ്ഥിതികരിച്ചിരിക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തിന്റെ വിവിധ മേഖലയിലെ ജനങ്ങള്‍ക്ക് ഡെങ്കിപ്പനി വ്യാപകമാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. പനി ബാധിച്ച് ഒരാള്‍ മരിക്കുകയും 30 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയും ചെയ്തതോടെയാണ് ജനങ്ങള്‍ പരിഭ്രാന്തി ശക്തമായിരുക്കുന്നത്.
വണ്ണപ്പുറം പുതിയാമഠത്തില്‍ ജോയിയാണ് (54) രണ്ടാഴ്ച മുന്‍പ് ഡെങ്കിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇത് കൂടാതെ മേഖലയിലെ നിരവധി ആളുകള്‍ തൊടുപുഴയിലെ താലൂക്ക് ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷനിലും മൂവാറ്റുപുഴയിലെ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നത്.തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ മാത്രമായി ആറു പേരാണ് ഇവിടെ നിന്നുള്ളവര്‍ ചികിത്സ തേടിയിരിക്കുന്നത്. ഇത് കൂടാതെ പ്രദേശവാസികളായ 20 ഓളം പേര്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കൂടാതെ രണ്ടു പേര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഈ മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി എടുക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലന്നാണ് പ്രദേശവാസികളുടെ പരാതി. രോഗബാധിതരുടെ വീടുകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും കൊതുകള്‍ വര്‍ധിച്ചതുമാണ് പനി പടരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. കൊതുനിവാരണം ഫലപ്രദമായ രീതിയില്‍ നടത്താനായാല്‍ ഡെങ്കിപനിയെ തടയാനാകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ആര്‍ ഉമാദേവി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഡെങ്കിപനി പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപനി സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തൊടുപുഴ നഗരസഭ പരിതിയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ ബോര്‍ഡ് രോഗം തടയാനാവശ്യമായ നടപടികളും ഒപ്പം തന്നെ രോഗങ്ങള്‍ വരാതിരിക്കാനുള്ള ബോധവത്ക്കരണവും ജനങ്ങള്‍ക്ക് നല്‍കി വരുന്നതായി സൂപ്രണ്ട് അറിയിച്ചു.
ഡെങ്കിപ്പനി തടയാന്‍
* വീട്ടിലും പരിസരത്തും കൊതുകു വളരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുക.
* റബര്‍ തോട്ടത്തിലെ ചിരട്ടയില്‍ വെള്ളം കെട്ടിനിന്ന് കൊതുകള്‍ വളരുന്നത് തടയുക.
* കവുങ്ങിന്റെ പാള, ജാതിതൊണ്ടുകള്‍, കൊക്കോ തോടുകള്‍ എന്നിവ നശിപ്പിച്ച് കളയുക.
* മരപൊത്തുകള്‍, മുളംകുറ്റികള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണ്‌നിറക്കുക.
*ഉപയോഗശൂന്യമായ പാത്രങ്ങളും, പ്ലാസ്റ്റിക്കുകളും വലിച്ചെറിയാതിരിക്കുക.
* ആവശ്യമില്ലാത്ത പാഴ്‌ചെടികള്‍ വെട്ടിമാറ്റി പരിസരം ശുചിയാക്കുക.
* കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിക്കുക.