തൊഴിലാളികള്‍ പട്ടിണിയില്‍; കശുവണ്ടി മേഖലയില്‍ അരക്ഷിതാവസ്ഥ തുടരുന്നു

KLM-NUTSകൊട്ടാരക്കര: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതു മുന്നണി അത്യുജ്ജ്വല വിജയമാണ് നേടിയത്. പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് വിജയം നേടി. മറ്റൊരു ജില്ലക്കും അവകാശപ്പെടാന്‍ കഴിയാത്ത മുന്നേറ്റമായിരുന്നു ഇത്. തൊഴില്‍ നഷ്ടപ്പെട്ട് വറുതിയിലായ കശുവണ്ടി തൊഴിലാളികള്‍ സ്വന്തം രാഷ്ട്രീയം പോലും മറന്ന് ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടുചെയ്തതാണ് ഈ ചരിത്രവിജയമെന്ന് എതിരാളികള്‍ പോലും വിലയിരുത്തുകയുണ്ടായി. എന്നാല്‍ കശുവണ്ടിതൊഴിലാളികളുടെ വോട്ട് നേടി അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ഓണം അടുത്തു വരുന്നതോടെ തൊഴിലാളി കുടുംബങ്ങളുടെ ആകുലത വര്‍ധിക്കുകയാണ്. അധികാരത്തിലേറിയാല്‍ എത്രയും പെട്ടെന്ന് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളെല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം . വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന കശുവണ്ടി വികസനകോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്ടറികളും സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സ്വകാര്യമുതലാളിമാര്‍ അടച്ചിട്ടിരിക്കുന്ന ഫാക്ടറികളും പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു തൊഴിലാളികളോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നത്.  ഒരു പടി കൂടി കടന്ന് അടച്ചിട്ടിരിക്കുന്ന ഫാക്ടറികള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സ്വകാര്യ മുതലാളിമാര്‍ വിമുഖരായാല്‍ പിടിച്ചെടുത്ത് തൊഴില്‍ പുനരാരംഭിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

ഇവയൊന്നും നടന്നില്ല എന്നു മാത്രമല്ല തൊഴിലാളികളുടെ ജീവിത ദുരിതം അനുദിനം വര്‍ധിച്ചുവരികയും ചെയ്യുന്നു. ഫാക്ടറികള്‍ തുറക്കാന്‍ കാലതാമസമുണ്ടായാല്‍ ഇടക്കാല ധനസഹായം ലഭ്യമാകുമെന്ന പ്രതീക്ഷയും തൊഴിലാളികള്‍ക്കുണ്ടായിരുന്നു.അതും അസ്ഥാനത്തായിരിക്കുകയാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ അടച്ചിട്ടിട്ട് വര്‍ഷങ്ങള്‍ തന്നെയായി. അതുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാം ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോര്‍പറേഷന്റെ ഭരണ നേതൃത്വത്തിലുണ്ടായിരുന്നവരും ബോര്‍ഡിലുണ്ടായിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമെല്ലാം അഴിമതിയില്‍ പങ്കാളികളായിരുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വര്‍ഷങ്ങളോളം പ്രവര്‍ത്തനം നിലച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ക്കു മാത്രമാണ് നഷ്ടമുണ്ടായത്.

കടക്കെണിയിലാണ് മിക്ക കുടുംബങ്ങളും. കശുവണ്ടി ഇറക്കാനും തൊഴില്‍ പുനരാരംഭിക്കാനും ശ്രമങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും പല സാങ്കേതിക കാരണങ്ങളാല്‍ അത് തടസപ്പെടുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കശുവണ്ടി രംഗത്തെനയങ്ങളില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ മുതലാളിമാര്‍ ഫാക്ടറികള്‍ അടച്ചിട്ടത്. തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധനവിനെ ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്. സര്‍ക്കാര്‍ തീരുമാനം ഏക പക്ഷീയമായിരുന്നു എന്നതാണ് തീരുമാനത്തെ പരസ്യമായി എതിര്‍ക്കാതെ ഫാക്ടറികള്‍ അടച്ചിട്ടത്. കശുവണ്ടി സംഭരിച്ച് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ ഭൂരിപക്ഷം ഉടമകളും ഇനിയും തയാറായിട്ടില്ല. ആഗോള വിപണിയില്‍ കശുവണ്ടി പരിപ്പിനുണ്ടായ വിലയിടിവും ഇറക്കുമതിചെയ്യുന്ന കശുവണ്ടിയുടെ വില വര്‍ധിച്ചതിനാലും നില്‍ക്കാന്‍ കഴിയില്ല എന്നാണ് ഇവരുടെ നിലപാട്.

വന്‍കിടക്കാരായ ചുരുക്കം ചില മുതലാളിമാര്‍ മാത്രമാണ് ഇപ്പോള്‍ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ചെറുകിട മുതലാളിമാരില്‍ പലരും ഇപ്പോള്‍ കുടില്‍ വ്യവസായം പോലെ കുടി വറുപ്പു നടത്തിവരുന്നുണ്ട്. തൊഴിലാളികളെ വഞ്ചിക്കുന്ന ഈ നടപടിയും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടാലും പ്രവര്‍ത്തനം നിലച്ചു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ പുരുദ്ധരിച്ച് കശുവണ്ടി സംഭരണവും നടത്തി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടാകും. അപ്പോഴേക്കും ഓണക്കാലം ആരംഭിച്ചിരിക്കും . തൊഴില്‍ ദിനങ്ങളുടെ എണ്ണം ചുരുങ്ങുകയും ചെയ്യും. ആഘോഷത്തിന്റെ ഓണക്കാലം ഇതോടെ തൊഴിലാളി കുടുംബങ്ങള്‍ക്ക് അന്യമാവുകയും ചെയ്യും.

Related posts