ആലക്കോട്: ടാറിംഗ് തകര്‍ന്ന കാപ്പിമല-മഞ്ഞപ്പുല്ല് റോഡിലൂടെയുള്ള യാത്ര ദുഃസഹമായി. നിലവില്‍ കാപ്പിമലയില്നിന്നും മഞ്ഞപ്പുല്ലിലേക്കുള്ള 300 മീറ്റര്‍ ടാറിംഗ് തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. കൂടാതെ മഞ്ഞപ്പുല്ലില്‍ നിന്നും പൈതല്‍മലയിലേക്കുള്ള റോഡ് ആരംഭത്തില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.പൈതല്മലയിലേക്ക്എത്തുന്ന സഞ്ചാരികള്‍ക്കു നടക്കാന്‍ പോലും കഴിയാത്തവിധം ഉരുളന്‍ കല്ലുകളും കുഴികളുമാണ്. കനത്ത മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്നു റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ റോഡ് അവസാനിക്കുന്നിടത്തു നിന്നും പൈതല്‍ മലയിലേക്കുള്ള രണ്ടര കിലോമീറ്റര്‍ ദൂരം വെറും നടപ്പാതമാത്രമാണ്.
ഇതാകട്ടെ സഞ്ചാരികള്‍ നടന്നു വഴിയായി തെളിഞ്ഞതാണ്. ഈ നടപ്പാതയും വീതികൂട്ടി സഞ്ചാരികള്‍ക്കു യാത്ര സുഖകരമാക്കുന്നതിനായി കല്ലുപതിപ്പിക്കുകയോ കോണ്‍ക്രീറ്റ് ചെയ്തു വൃത്തിയാക്കുകയോ വേണമെന്ന ആവശ്യത്തിലാണു നാട്ടുകാരും യാത്രക്കാരും. ആലക്കോട് ഭാഗത്തുനിന്നും പൈതല്‍മലയിലേക്ക് എത്താവുന്ന പ്രധാന മാര്‍ഗമായിട്ടും അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. കാപ്പിമല, മഞ്ഞപ്പുല്ല് റോഡിന്റെ തകര്‍ന്ന ഭാഗവും മഞ്ഞപ്പുല്ലില്‍ നിന്നും പൈതല്‍മല അടിവാരത്തേക്കുള്ള റോഡും ടാറിംഗ് നടത്തണമെന്നാണ് ആവശ്യം. അതോടൊപ്പം പൈതല്‍മലയിലേക്ക് കോണ്‍ക്രീറ്റ് നടപ്പാലം നിര്‍മിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.