കൊച്ചി: കാലത്തിലൂടെ പിന്നോട്ടു പാഞ്ഞു കൗതുകം പരത്തുകയാണു വിന്റേജ് കാറുകള്‍. ഒരുകാലത്ത് ആഡംബരത്തിന്റെ അവസാന വാക്ക്. ഇന്നാവട്ടെ കാഴ്ചയുടെ വിരുന്ന്. നിരത്തു വിട്ടൊഴിഞ്ഞ ഒരു പറ്റം വാഹനങ്ങള്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ രാജകാല പ്രൗഢിയോട് ചേര്‍ന്നു നിരന്നു വിശ്രമിക്കുന്നു. ചുറ്റും തങ്ങളറിയാത്ത ഒരു കാലത്തെ ഗന്ധിച്ച് പുത്തന്‍ തലമുറ. സെല്‍ഫിയെടുത്തും തൊട്ടു നോക്കിയും പോയകാലത്തെ വമ്പന്മാരോട് അവര്‍ അടക്കം പറഞ്ഞു.
വിന്റേജ് വാഹനങ്ങള്‍ എന്നറിയപ്പെടുന്ന ഇത്തരം വാഹനങ്ങള്‍ക്കു മാത്രമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഹെറിറ്റേജ് എക്സ്പോ ഒരുക്കിയിരിക്കുകയാണ് കൊച്ചിന് വിന്റേജ് ക്ലബ്. പുത്തന്‍ സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ ഇവയില്‍ ഏറിയപങ്കും കാഴ്ചവസ്തുക്കളായി തീരുകയായിരുന്നു. ചുരുക്കം ചില കാറുകളില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ പരീക്ഷിച്ചവരും ഉണ്ട്.
അറുപതില്പരം കാറുകളും 50ല്‍പരം ബൈക്കുകളും പ്രദര്‍ശനത്തില്‍ അണിനിരന്നിട്ടുണ്ട്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ പഴയ പ്രതാപത്തിന് തെല്ലും കുറവില്ലാതെ അവ തലയുയര്‍ത്തി നില്ക്കുന്നു. ഹംബറും ഡോര്‍ജ് കിംഗ്സ്വേയും ഷെവര്‍ലെ ബെലേറും ഇന്നും കാറുകളിലെ താരങ്ങള്‍ തന്നെ. 1919 മോഡല്‍ ഫിയറ്റാണ് കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള കാര്‍.
പൂര്‍ണമായും െ്രെഡവറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബെന്‍സിന്റെ അവസാന മോഡലായ ബെന്‍സ് 123ഉം, ബെന്‍സ് കാറുകളില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ക്കു തുടക്കം കുറിച്ച ബെന്‍സ് 124ഉം പ്രദര്‍ശനത്തിനുണ്ട്. 30 വര്‍ഷം പഴക്കമുള്ള ബെന്‍സ് 124 എന്ന കാര്‍ ക്ലബ് പ്രസിഡന്റായ റിനേഷ് രവി സ്വന്തമാക്കിയത് ദുബായില്‍ നിന്നാണ്.
20–25 സിസി എന്‍ജിനുള്ള സൈക്കിള്‍ സമാനമായ മോപ്പഡുകളും പ്രദര്‍ശനത്തിന്റെ ആകര്‍ഷണമാണ്. 1952 മോഡല്‍ ലാംബ്രട്ടയും ഭുഗോട്ടയുമാണു പ്രമാണിമാര്‍. 1951 മോഡല്‍ മാച്ച്ലെസാണു കൂട്ടത്തിലേറ്റവും പഴക്കം ചെന്ന ഇരുചക്രവാഹനം. ഇംഗ്ലണ്ട് സ്വദേശിയായ മാച്ച്ലെസ് രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍നിന്നാണ് ക്ലബ് സെക്രട്ടറിയായ സുരേഷ് കൃഷ്ണന് സ്വന്തമാക്കിയത്. നിരത്തിലിന്നും ചീറിപ്പായാന്‍ കരുത്തുള്ള ഈ വാഹനങ്ങളെ പരിപാലിക്കാന്‍ ഏറെ പണച്ചെലവുണ്ട്. ഇവയെ സ്വന്തമാക്കിയതിനു പിന്നിലും വലിയ അധ്വാനത്തിന്റെ കഥകളുണ്ട്. അതെല്ലാം ഈ വാഹനങ്ങളോടുള്ള പ്രിയം കൊണ്ടുമാത്രമാണെന്നു സുരേഷ് പറഞ്ഞു.
വാഹനങ്ങളിലേറെയും കൊച്ചിന് വിന്റേജ് ക്ലബ് അംഗങ്ങളുടേതു തന്നെയാണ്. പഴയകാല വാഹനപ്രേമികളായ 28 അംഗങ്ങളാണു നിലവില്‍ ക്ലബ്ബില്‍ ഉള്ളത്. ഇപ്പോള്‍ നിരത്തുകളില്‍ പരിചിതമല്ലാത്ത വാഹനങ്ങളെ ഒരു കുടക്കീഴില് എത്തിച്ചു പുതുതലമുറയ്ക്കു കണ്ടു മനസിലാക്കാന്‍ അവസരമൊരുക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. സന്ദര്ശകരില്നിന്നോ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരില്നിന്നോ ഫീസ് ഈടാക്കുന്നുമില്ല.