“നീറ്റ്’ ഈ വര്‍ഷമില്ല; രാഷ്ട്രപതി ഓര്‍ഡിനന്‍സ് ഒപ്പുവച്ചു; ഓര്‍ഡിനന്‍സിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് നടപടി

Pranabന്യൂഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നതില്‍ ഇളവുകള്‍ നല്‍കാനുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഒപ്പിട്ടു. ഓര്‍ഡിനന്‍സിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ നടപടി. സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കുകയല്ല, നീറ്റ് പരീക്ഷ നടപ്പാക്കുന്നതിനൊപ്പം സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ക്കും ഈ വര്‍ഷം സാധുത നല്‍കുകയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമാക്കുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തിങ്കളാഴ്ച രാഷ്ട്രപതിയെ കണ്ട് വിശദമാക്കിയിരുന്നു.

നീറ്റ് പരീക്ഷ ഈവര്‍ഷം തന്നെ നടപ്പാക്കണമെന്ന് മേയ് ഒന്‍പതിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരേ ഭൂരിപക്ഷ സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയതോടെയാണ് ഈ വര്‍ഷം നീറ്റ് നടപ്പാക്കുന്നതില്‍ ചില ഇളവുകള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഈവര്‍ഷം സര്‍ക്കാര്‍ കോളജുകളിലേക്കും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വോട്ടകളിലേക്കുമുള്ള പ്രവേശനം സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാക്കാന്‍ ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമാക്കുന്നു.

സംസ്ഥാന ക്വോട്ടയില്‍ 12 മുതല്‍ 15 ശതമാനം വരെ പ്രാദേശിക മുന്‍ഗണന നല്‍കാറുണ്ട്. ഇതു കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരം നല്‍കാറുണ്ട്. നീറ്റ് നടപ്പിലാക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ സന്തുലനം ഉറപ്പാക്കാനാവില്ല. എന്നാല്‍, സ്വകാര്യ കോളജുകളിലെ മാനേജ്‌മെന്റ് ക്വോട്ടയിലെയും കല്‍പ്പിത സര്‍വകലാശാലയിലെയും പ്രവേശനം നീറ്റിന്റെ പരിധിയിലാക്കുമെന്നും ഇതു സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും രാഷ്ട്രപതിയുമായി 30 മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി വിശദമാക്കിയെന്നു ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളുടെ പ്രവേശനത്തിനു ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഈ വര്‍ഷം മുതല്‍ നടപ്പിലാക്കണമെന്നു സുപ്രീം കോടതി മേയ് ഒമ്പതിനു ഉത്തരവിട്ടതില്‍ ചില ഇളവുകള്‍ മാത്രമാണ് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരുന്നത്.

Related posts