പക്ഷികളുടെ പ്രജനനം മാടായിപ്പാറയില്‍ നിയന്ത്രണം വേണമെന്ന് പരിസ്ഥിതി സമിതി

KNR-MADAIPARAകണ്ണൂര്‍: മാടായിപ്പാറയില്‍ വിവിധ തരം പക്ഷികളുടെ പ്രജനന സമയമായതിനാലും പൂക്കള്‍ വിരിയുന്ന സമയമായതിനാലും പാറയില്‍ക്കൂടിയുള്ള വാഹന ഗതാഗതവും മനുഷ്യസഞ്ചാരവും നിയന്ത്രിക്കണമെന്ന് പരിസ്ഥിതി സമിതി പഞ്ചായത്തിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടു.   കാക്കപ്പൂവ്, കൃഷ്ണപ്പൂവ്, വിവിധ തരം ചൂതുകള്‍, റെട്ടാല മലബാറിക്ക, വിഷ്ണുക്രാന്തി, കുഞ്ഞിക്കോളാമ്പി തുടങ്ങിയ പൂക്കള്‍ വിരിയുന്നത്  മഴക്കാലത്താണ്. തിത്തിരിപ്പക്ഷികള്‍, വിവിധ തരം ലാര്‍ക്കുകള്‍ എന്നിവയുടെ പ്രജനനസമയവുമാണിത്.

വാഹനസഞ്ചാരവും വഴിയിലൂടെയും അല്ലാതെയുള്ള നടത്തവും കുട്ടികളുടെ കൂട്ടമായുള്ള പഠനസഞ്ചാരവും തത്കാലം നിയന്ത്രിക്കണം. പാറയിലെ കമ്പിവേലി തകര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അതിനായി താത്കാലിക വാച്ചര്‍മാരെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സമിതി നടത്തിയ നിരീക്ഷണത്തില്‍ നിരവധി പക്ഷിമുട്ടകളാണ് തുറസായ സ്ഥലങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. നിരീക്ഷണത്തില്‍ ഭാസ്കരന്‍ വെള്ളൂര്‍, നിശാന്ത് കുളപ്രം, ചന്ദ്രാംഗതന്‍, ഋഷികേശ് കഞ്ചു എന്നിവര്‍ പങ്കെടുത്തു.

ധനമന്ത്രിയുടെ തിരുത്തല്‍ ജീവനക്കാരോടുള്ള കൊഞ്ഞനം കുത്തല്‍: എന്‍ജിഒ അസോസിയേഷന്‍
തളിപ്പറമ്പ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തിന് ഒരുമാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കുമെന്നു നിയമസഭയില്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയും, തുടര്‍ന്നു പ്രസംഗം നാവുപിഴയാണെന്നും ശമ്പളമല്ല, പെന്‍ഷനാണു മുന്‍കൂറായി നല്‍കുകയെന്ന് തിരുത്തല്‍ വരുത്തുകയും ചെയ്ത നടപടി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടുമുള്ള കൊഞ്ഞനംകുത്തലാണെന്ന് എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി.

അടുത്ത രണ്ടുവര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പിഎസ്‌സി പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്ന തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.    ബ്രാഞ്ച് പ്രസിഡന്റ് കെ.വി.മഹേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി. ഗിരീഷ്കുമാര്‍, പി.സി. സാബു, വി. സത്യന്‍, കെ. അബ്ദുള്‍കരീം, കെ.വി. മുരളീധരന്‍, ജന്നിഫര്‍ വര്‍ഗീസ്, എം. അബ്ദുല്‍നാസര്‍, പി.വി. വിനോദ്, പ്രഭാകരന്‍ പിലാക്കല്‍, കെ.പി.സി. ഹാരീസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts