തിരുവനന്തപുരം : പത്മതീര്‍ഥക്കരയിലെ രണ്ടു കല്‍മണ്ഡപങ്ങളും തനിമ ചോരാതെ പുനര്‍നിര്‍മിക്കാന്‍ ഇന്നലെ നടന്ന സംയുക്ത പരിശോധനയില്‍ തീരുമാനിച്ചു. ക്ഷേത്ര ഭരണസമിതി, കണ്‍സര്‍വേഷന്‍ കമ്മിറ്റി, പുരാവസ്തു വകുപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികളടങ്ങിയ സംഘമാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നുവീണ മണ്ഡപവും നവീകരണത്തിന്റെ ഭാഗമായി പൊളിച്ച കല്‍മണ്ഡപവും പുനര്‍നിര്‍മിക്കാനാണ് ധാരണയായത്. നവീകരണത്തിനായി പൊളിച്ച മണ്ഡപമാണ് ആദ്യം പുനര്‍നിര്‍മിക്കുക. ഇത് 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബലക്ഷയം ഒഴിവാക്കി പുനര്‍നിര്‍മിക്കാനാണ് ഈ മണ്ഡപം പൊളിച്ചത്. ഇതിന്‍െറ രണ്ടുവരി അടിസ്ഥാനശിലകള്‍ ഇളക്കി പുനഃസ്ഥാപിക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.
തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നുവീണ കല്‍മണ്ഡപം പുനഃസ്ഥാപിക്കും. ഈ മണ്ഡപം പൂര്‍ണമായി അടിസ്ഥാനം ഉള്‍പ്പെടെ പുനര്‍നിര്‍മിക്കണമെന്ന് പരിശോധനാസംഘം വിലയിരുത്തി. മണ്ഡപത്തിന്റെ ഭാഗങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും കല്ലുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതേ മാതൃകയിലും നിലവാരത്തിലുമുള്ള കല്ലുകള്‍ വരുത്തി നിര്‍മാണം തനിമയും പ്രൗഡിയും ചോരാതെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പടിഞ്ഞാറേ വശത്തുള്ള തന്ത്രിമഠത്തിന്റെ അടിസ്ഥാനശിലകള്‍ക്കും ബലക്ഷയം കണ്ടെത്തി. തന്ത്രിമഠം കേടുകൂടാതെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ ഇത് ബലപ്പെടുത്താമെന്ന് പരിശോധിക്കാന്‍ പുരാവസ്തുവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
പത്മതീര്‍ഥക്കുളം മലിനമാക്കുന്ന ശൗചാലയം നിര്‍ത്തലാക്കും. ഇതിനുപകരമായി നവരാത്രി ട്രസ്റ്റ് നിര്‍മിച്ച ശൗചാലയങ്ങള്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും. കുളത്തിലെ വെള്ളംവറ്റിക്കല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായതോടെയാണ് ഇന്നലെ പരിശോധന നടത്തിയത്. കല്‍മണ്ഡപങ്ങളുടെയും പടവുകളുടെയും അടിസ്ഥാന ശിലകളുടെയും പടിഞ്ഞാറേ വശത്തുള്ള മതിലിന്റെ ബലവും പരിശോധിച്ചു. വിശദമായ സംരക്ഷണ പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനകം പ്ലാന്‍ തയാറാക്കി കളക്ടര്‍ക്ക് നല്‍കും.
കളക്ടറും ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയംഗവുമായ ബിജു പ്രഭാകര്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, കണ്‍സര്‍വേഷന്‍ കമ്മിറ്റി അംഗവും ചരിത്രകാരനുമായ ഡോ. എം.ജി. ശശിഭൂഷണ്‍, കുന്നുവിള എം. മുരളി, ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍, കണ്‍സര്‍വേഷന്‍ ചീഫ് എന്‍ജിനിയര്‍ വി.എസ്. സതീഷ്, നിര്‍മിതി കേന്ദ്ര ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍. ജയന്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധനാ സംഘത്തിലുണ്ടായിരുന്നു.