ഇനി തീരുമാനമെടുക്കേണ്ടത് പിണറായി ! യൂണിയന്‍കാരെക്കൊണ്ട് പൊറുതിമുട്ടിയ തച്ചങ്കരിയുടെ ഭാവി തുലാസില്‍; ഡയറക്ടര്‍ ബോര്‍ഡ് ഭരിച്ചിരുന്നത് അംഗന്‍വാടി ജീവനക്കാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ…

തിരുവനന്തപുരം:കെഎസ്ആര്‍ടിസി വേണോ തൊഴിലാളി യൂണിയന്‍ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചോദ്യത്തിന് സര്‍ക്കാരും പിണറായിയും നല്‍കുന്ന മറുപടി അനുസരിച്ചായിരിക്കും കെഎസ്ആര്‍ടിസിയുടെയും ടോമിന്‍ തച്ചങ്കരിയുടെയും തലവര. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അഴിമതിയും വെട്ടിപ്പും നടത്താനുള്ള പ്രസ്ഥാനമായി നഷ്ടത്തില്‍നിന്നും നഷ്ടത്തിലേക്കോടിയ കോര്‍പ്പറേഷനെ ലാഭത്തിന്റെ പാതയിലേക്കു മാറ്റിയോടിക്കാനുള്ള അമരക്കാരുടെ ശ്രമങ്ങള്‍ക്കു തുരങ്കം വച്ചിട്ടുള്ളത് തൊഴിലാളി സംഘടനകളും അവരുടെ അവരുടെ പ്രതിനിധികളായെത്തിയിട്ടുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുമാണെന്നാണ് പരക്കെയുള്ള ആക്ഷേപം.

കോര്‍പ്പറേഷനെ വാരിക്കുഴിയില്‍ ആക്കിയതിനു പിന്നില്‍ ആനവണ്ടിയെ നേര്‍വഴി നയിക്കാനുള്ള ബാധ്യതയും ചുമതലയുമുള്ള ഡയറക്ടര്‍ ബോര്‍ഡാണ്. ഇവരുടെ കാലങ്ങളായുള്ള തെറ്റായ നയങ്ങളും നീക്കങ്ങളുമാണ് കോര്‍പ്പറേഷനെ ഇന്നു കാണുന്ന നിലയിലേക്കെത്തിച്ചത്. ഒന്‍പതംഗ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു പുറമേ പുറത്തുനിന്നുള്ള എട്ടംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിക്കുള്ളത്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഡയറക്ടര്‍ ബോര്‍ഡ് യോഗതീരുമാനം അനുസരിച്ചാണ്. ഒട്ടുമിക്ക ബോര്‍ഡ് യോഗങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ രണ്ടംഗങ്ങള്‍ എത്താറില്ല. സര്‍ക്കാര്‍ പ്രതിനിധികളായ മറ്റ് ഉദ്യോഗസ്ഥരില്‍ പലരും തിരക്കുകള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയും ചെയ്യും. പിന്നെ കൃത്യമായെത്തുന്നത് പുറത്തുനിന്നുള്ള എട്ടംഗങ്ങളാണ്. ഫലത്തില്‍ ഡയറക്ടര്‍ബോര്‍ഡില്‍ ഭൂരിപക്ഷം പുറത്തു നിന്നുള്ളവര്‍ക്കാണ്. ഇവര്‍ തീരുമാനിക്കുന്ന കാര്യമേ ബോര്‍ഡില്‍ നടക്കൂവെന്നു സാരം.

ഭരണകക്ഷിയുടെ പ്രധാന തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡില്‍ കടന്നുകൂടുന്നവരാണ് പുറത്തുനിന്നുള്ളവര്‍. സിറ്റിംഗ് ഫീസ് ഉള്‍പ്പെടെ ഇവര്‍ക്കായി പ്രതിവര്‍ഷം കോടികളാണു ചെലവഴിക്കുന്നത്. ഇതിനു പുറമേ യാത്രയ്ക്കായി മെറ്റല്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ ഏതു ബസുകളിലും ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സഞ്ചരിക്കാം. എന്നാല്‍ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ഇവര്‍ യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ല. യാതൊരു സാങ്കേതിക പരിജ്ഞാനവും ഇവര്‍ക്കില്ലെന്നും ആരോപണമുണ്ട്.

ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായി വിലസിയ പലര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം പോലും ഉണ്ടായിരുന്നില്ല. തോട്ടം ജീവനക്കാരും വാച്ചര്‍മാരും അംഗന്‍വാടി ജീവനക്കാരും തുടങ്ങി കൂലപ്പണിക്കാരെ വരെ ഡയറക്ടര്‍ബോര്‍ഡ് സ്ഥാനത്ത് അവരോധിച്ച് ഇവരിലൂടെ തങ്ങളുടെ കാര്യ സാധ്യം നടത്തിയെടുത്ത തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തി അവിഹിത ഇടപെടലുകളാണ് കോര്‍പ്പറേഷനെ മുടിപ്പിച്ചത്. ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ ഇവര്‍ക്കുള്ള ഭൂരിപക്ഷം മുതലെടുത്ത് തെറ്റായ തീരുമാനം അടിച്ചേല്‍പ്പിച്ചതു വഴിയാണ് കോര്‍പ്പറേഷനു സാമ്പത്തിക ബാധ്യത ഉണ്ടായത്. കമ്മീഷന്‍ തട്ടാനുള്ള പര്‍ച്ചേസിങ്ങും നിര്‍മാണപ്രവര്‍ത്തനങ്ങളും കോര്‍പ്പറേഷനില്‍ നടന്നതിന്റെ പിന്നാമ്പുറക്കഥകള്‍ എത്തിനില്‍ക്കുന്നത് ഇവരിലേക്കാണ്.

കൂടുതല്‍ സാങ്കേതിക പരിജ്ഞാനമുള്ളവരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സിഎംഡിമാര്‍ക്കെതിരേ ഒറ്റക്കെട്ടായി നിന്ന് ഇവരെ പുറത്താക്കുകയോ നിര്‍ജീവമാക്കി നിര്‍ത്തി ഭരണം കൈയാളുകയോ ആയിരുന്നു നടന്നുവന്നത്. ടി.പി സെന്‍കുമാറിനെയും എംജി രാജമാണിക്യത്തെയും പുകച്ചത് ഇങ്ങനെയായിരുന്നു. തച്ചങ്കരിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇവര്‍ കത്ത് നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ടി.എം. തോമസ് ഐസകിന്റെയും എ.കെ ശശീന്ദ്രന്റെയും പിന്തുണയോടെ കോര്‍പ്പറേഷനെ ലാഭത്തിലാക്കാനുള്ള തച്ചങ്കരിയുടെ ശ്രമത്തെ ഉള്ളില്‍നിന്ന് എതിര്‍ത്ത് തുരങ്കംവയ്ക്കുന്ന ഇവര്‍ കോര്‍പ്പറേഷനെ വീണ്ടും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ്. പതിനേഴംഗ ഡയറക്ടര്‍ ബോര്‍ഡാണ് കോര്‍പ്പറേഷനെ ഇപ്പോള്‍ നയിക്കുന്നത്.

Related posts