പാഴാകുന്ന കുഴല്‍കിണര്‍ ജലം സംഭരിച്ച് വിതരണം ചെയ്യണമെന്ന് ജനങ്ങള്‍

pkd-kinarചിറ്റൂര്‍: മൂന്നുവര്‍ഷമായി ഇരുപത്തിനാലു മണിക്കൂറും റോഡിലേക്ക് ഒഴുകി പാഴാകുന്ന കുഴല്‍കിണര്‍ വെള്ളം ശേഖരിച്ച് പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ വിതരണം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പട്ടഞ്ചേരി പഞ്ചായത്ത് മീരാന്‍ചള്ള പമ്പ് ഹൗസ് കുഴല്‍ക്കിണറിലാണ് മൂന്നുവര്‍ഷമായി വെള്ളം കവിഞ്ഞൊഴുകുന്ന പ്രതിഭാസം നിലനില്ക്കുന്നത്.

കുഴല്‍ക്കിണര്‍ നിര്‍മിച്ചനാള്‍ മുതല്‍ ശക്തമായ രീതിയില്‍ വെള്ളം കവിഞ്ഞൊഴുകുകയാണ്. പിന്നീട് ആറുമാസത്തിനുശേഷമാണ് കുടിവെള്ളപദ്ധതിയില്‍ പമ്പുസെറ്റ് സ്ഥാപിച്ച് ജലവിതരണം തുടങ്ങിയത്. നിലവില്‍ രണ്ടുമണിക്കൂറാണ് ഓരോദിവസവും വെള്ളം വീടുകളിലേക്ക് പമ്പുചെയ്യുന്നത്. അതിനുശേഷം മോട്ടോര്‍  ഓഫാക്കും.

കുഴല്‍ക്കിണറില്‍ സദാസമയവും നിലയ്ക്കാതെ വെള്ളം ഒഴുകുന്നതിനാല്‍ മല്ലന്‍കുളമ്പ്-ചെട്ടിയാര്‍ചള്ള റോഡ് തകര്‍ന്നുകിടക്കുകയാണ്. മൂന്നുതവണ റോഡ് പുനര്‍നിര്‍മാണം നടത്തിയെങ്കിലും നിലയ്ക്കാത്ത ജലപ്രവാഹംമൂലം വീണ്ടും തകരുകയാണ്.മീരാന്‍ചള്ള കുടിവെള്ളവിതരണപദ്ധതിയുടെ സമീപപ്രദേശങ്ങളായ ചെട്ടിയാര്‍ചള്ള, പതിക്കാട്ടുചള്ള, പാറക്കാട്ടുചള്ള, എട്ടാംനമ്പര്‍, മല്ലന്‍കുളമ്പ് അയ്യന്‍വീട്ടുചള്ള  എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം ശക്തമായിട്ടുള്ളത്.കടുത്തവേനലില്‍ ഇവിടത്തെ കുഴല്‍ക്കിണറുകളില്‍പോലും വെള്ളം ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ മീരാന്‍ചള്ള കുഴല്‍ക്കിണറില്‍ തുടര്‍ച്ചയായി ഒഴുകുന്ന വെള്ളം ശേഖരിച്ച് വാഹനങ്ങളില്‍ വിതരണം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts