പുത്തന്‍പുര കടവില്‍ തൂക്കുപാലം: നടപടി ഫയലില്‍ ഒതുങ്ങി

ekm-thukkupalamമൂവാറ്റുപുഴ: തൊടുപുഴയാറിനു കുറുകെ പുത്തന്‍പുര കടവില്‍ തൂക്കുപാലത്തിനു ഭരണാനുമതി ലഭിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ഫയലില്‍തന്നെ. കിഴക്കേക്കര നിവാസികള്‍ക്കു സ്വപ്നസാഫല്യമായി മൂവാറ്റുപുഴ നഗരസഭ 13-22 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പുത്തന്‍പുര കടവില്‍ തൂക്കുപാലം നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഒടുവില്‍ മുന്‍ എംഎല്‍എമാരായിരുന്ന ജോണി നെല്ലൂര്‍, ബാബു പോള്‍ എന്നിവര്‍ പത്തുലക്ഷം രൂപ വീതം പാലം നിര്‍മാണത്തിനായി അനുവദിക്കുകയും ചെയ്തു. അന്ന്,  വേണ്ട സാങ്കേതിക വിദഗ്ധരെ ലഭിക്കാത്തതിനാല്‍ നിര്‍മാണം നടന്നില്ല. തുടര്‍ന്ന് അനുവദിച്ച പണം മറ്റു പദ്ധതികള്‍ക്കു വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും തൂക്കുപാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പുത്തന്‍പുര കടവില്‍ തൂക്കുപാലം നിര്‍മിച്ചാല്‍കിഴക്കേക്കര പ്രദേശത്തുനിന്നും എളുപ്പത്തില്‍ നഗരത്തിന്റെ ഹൃദയഭാഗമായ കച്ചേരിത്താഴത്ത്  എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗമാണ്. ഇപ്പോള്‍ കടത്തുവഞ്ചിയെയാണ് നാട്ടുകാര്‍ കൂടുതലായും ആശ്രയിക്കുന്നത്. കടത്തുവഞ്ചിയിലെ യാത്രാദുരിതം അകറ്റാനും ടൂറിസം സാധ്യതകള്‍ മുന്‍ നിറുത്തിയുമാണ് നഗരസഭ ഇവിടെ തൂക്കുപാലം നിര്‍മിക്കുന്നതിന് തീരുമാനമെടുത്തത്.

കാളിയാറും കോതയാറും തൊടുപുഴയാറും കൂടിച്ചേര്‍ന്ന് മൂവാറ്റുപുഴയാര്‍ രൂപംകൊള്ളുന്ന ത്രിവേണിസംഗമത്തെ ടൂറിസം കേന്ദ്രമാക്കി ഇക്കോ ടൂറിസവും കിഴക്കേക്കര, കാവുങ്കര, പുഴക്കരക്കാവ് എന്നിവിടങ്ങളിലേക്ക് മൂന്ന് ആരക്കാലുള്ള തൂക്കുപാലവും പിന്നീട് വിഭാവനം ചെയ്തിരുന്നു. എന്നാല്‍ വിവിധ പ്രശ്‌നങ്ങളില്‍ തട്ടി പദ്ധതി നടത്തിപ്പ് നീണ്ടുപോയി. പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ തൂക്കുപാലം നിര്‍മിക്കാന്‍ ഭരണകര്‍ത്താക്കള്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു ജനങ്ങള്‍.

Related posts