പരവൂര്‍: വെടിക്കെട്ട് അപകടത്തില്‍ വെന്തുനീറുന്ന പരവൂരിന് സഹായഹസ്തവുമായി വിവിധ സംഘടനകള്‍ രംഗത്ത്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ദുരിതംപേറുന്നവര്‍ക്കും ആശ്വാസത്തിന്റെ കൈത്താങ്ങായി മാറുകയാണ് പ്രവാസി സംഘടനകള്‍ അടക്കമുള്ളവര്‍.ഇതില്‍ ഏറ്റവും വലിയ സഹായവുമായി യുഎഇ ആസ്ഥനാമായുള്ള ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ്. വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് അരലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. 107 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
ധനസഹായ വിതരണം ഇന്ന് വൈകുന്നേരം നാലിന് പരവൂര്‍ കോട്ടപ്പുറം എല്‍പി സ്കൂള്‍ അങ്കണത്തില്‍ നടക്കും. ആശ്രിതര്‍ക്ക് നേരിട്ട് പണം അവരുടെ കൈകളില്‍ എത്തിക്കുക എന്ന മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്റെ ആഗ്രഹപ്രകാരമാണിത്.സഹായധന വിതരണത്തിന ഉദ്ഘാടമൊന്നുമില്ല. ലളിതമായ ചടങ്ങില്‍ തുക കൈമാറും. പഞ്ചായത്ത് മെമ്പറുടെ കത്ത്, മരണ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി എത്തിയാല്‍ സഹായധനം നല്‍കുമെന്ന് കോര്‍ഡിനേറ്റര്‍ എസ്.മഹാദ് അറിയിച്ചു.
ദുരന്തം നടന്ന ദിവസം തന്നെ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.കെ.ടി.റബിയുള്ള മരിച്ചവരുടെ ആശ്രിതര്‍ക്ക് അരലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആശ്രിതരില്‍ അര്‍ഹതയും യോഗ്യതയുമുള്ളവര്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കും.ഇവരുടെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശത്തെ 300 വീടുകളില്‍ 20 ലിറ്റര്‍ കാനുകളില്‍ കുടിവെള്ളം വിതരണം ചെയ്ത് വരികയാണ്. സ്ഥലത്ത് ജലലഭ്യത ഉറപ്പാകും വരെ ഇത് തുടരുമെന്ന് കോര്‍ഡിനേറ്റര്‍ പറഞ്ഞു.
ഉപദേശക സമിതി വൈസ്‌ചെയര്‍മാന്‍ കെ.പി.അഹമ്മദ്കുട്ടി, ഷിഫാ അല്‍ജസീറ റിയാദ് ഗ്രൂപ്പ് സിഇഒ അഷറഫ് വേങ്ങോട്ട് ഷാദി അരീപ്ര, മുഹമ്മദ് ഷാക്കിര്‍, മീഡിയാ വിഭാഗം വൈസ്പ്രസിഡന്റ് ഇ.സതീഷ്, കോര്‍ഡിനേറ്റര്‍ എസ്.മഹാദ് എന്നിവരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ധനസഹായം കൈപ്പറ്റുന്നതിന് മരിച്ചവരുടെ അവകാശികളോ ആശ്രിതരോ ആവശ്യമായ രേഖകളുമായി കോര്‍ഡിനേറ്ററെ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ 81291 31797 എന്ന നമ്പരില്‍ ലഭിക്കും.
ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മനാമ ഗ്രൂപ്പ് അപകടത്തില്‍ മരിച്ച ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലുള്ളവരുടെ ബന്ധുക്കള്‍ക്ക് ഒരുമാസത്തേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു. ഇവര്‍ ജില്ലാ ആശുപത്രിയിലെ ബേണ്‍സ് വാര്‍ഡിലേക്ക് ഫാനും കിടക്കകളും സംഭാവന ചെയ്തു. ദുരന്തദിവസം പരവൂര്‍ മേഖലയില്‍ സൗജന്യമായി കുടിവെള്ളവും വിതരണം ചെയ്തു.
പട്ടാമ്പിയിലെ ഫേസ്ബുക്ക് കൂട്ടായ്മയായ സൈബര്‍ വോയ്‌സിന്റെ ആഭിമുഖ്യത്തില്‍ ദുരന്തമേഖലയിലെ വീടുകളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.
മറ്റൊരു സംഘടന ഇന്നലെ 50 വാട്ടര്‍ ബെഡുകള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.കുറുപ്പിന് കൈമാറി.വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവരുടെ ആശുപത്രി ചികിത്സകള്‍ക്കും പുനരധിവാസത്തിനുമായി കൊച്ചി ആസ്ഥാനമായുള്ള എംസിഎംഎസ് ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌സ് 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗ്രൂപ്പ് വൈസ്‌ചെയര്‍മാന്‍ പ്രഫ.പ്രമോദ് പി.തേവന്നൂര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുക കൈമാറി.