കോട്ടയം: പൂഞ്ഞാറിലെ സിപിഎം പ്രാദേശിക പ്രവര്‍ത്തകരെ ശരിയാക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് തീരുമാനിച്ചപ്പോള്‍ യുഡിഎഫിന്റെ സ്ഥിതി വ്യത്യസ്തമാണ്. യുഡിഎഫിനു ഇതൊരു വിഷയമേ ആകുന്നില്ല. പൂഞ്ഞാറിലും മറ്റു പല മണ്ഡലങ്ങളിലും കാലുവാരലുണ്ടായെന്ന് കേരള കോണ്‍ഗ്രസ്-മാണി, കോണ്‍ഗ്രസ് വിഭാഗങ്ങള്‍ പരസ്പരം പഴി ചാരുന്നതല്ലാതെ ആര്, എവിടെ ചോര്‍ത്തിയെന്നതില്‍ പുനഃപരിശോധനയുണ്ടായിട്ടില്ല. പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കാതെ വന്നതിലുള്ള എതിര്‍പ്പില്‍ പൂഞ്ഞാറില്‍ കോണ്‍ഗ്രസുകാര്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാലുവാരിയതായി ആക്ഷേപമുണ്ട്. സീറ്റ് കോണ്‍ഗ്രസിനു കിട്ടിയാല്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.
സിപിഎമ്മിലേതു പോലെ യുഡിഎഫില്‍നിന്നും അതില്‍തന്നെ കോണ്‍ഗ്രസില്‍നിന്നും വലിയൊരു ശതമാനം വോട്ടുചോര്‍ച്ച ജോര്‍ജിന് അനുകൂലമായി ഉണ്ടായെന്നത് വ്യക്തം. യുഡിഎഫ് സിപിഎമ്മിലേതു പോലെ കേഡര്‍ സംവിധാനമില്ലാത്തതിനാല്‍ ശിക്ഷയും ശിക്ഷണവും പ്രായോഗികമല്ല. മുണ്ടക്കയം, എരുമേലി, മുക്കൂട്ടുതറ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ പരമ്പരാഗത യുഡിഎഫ് പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന് അനുകൂലമായി പ്രവര്‍ത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ലീഗ്, കേരള കോണ്‍ഗ്രസ് വോട്ടുകളിലും ചോര്‍ച്ചയുണ്ടായതായും വിമര്‍ശനമുണ്ട്. കേരള കോണ്‍ഗ്രസിലെ പഴയ ജോസഫ് വിഭാഗക്കാരനായ പി.സി. ജോസഫായിരുന്നു ഇടതുസ്ഥാനാര്‍ഥിയെങ്കിലും പഴയ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗവും ജോര്‍ജിനെ അനുകൂലിച്ചു.
ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോമസ് ചാഴികാടനെ കോണ്‍ഗ്രസ് വേണ്ട വിധം സഹായിച്ചില്ലെന്നും യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വന്‍തോതില്‍ വോട്ടു മറിഞ്ഞതായും മാണിവിഭാഗം പറയുന്നു. ചങ്ങനാശേരിയിലും ചിലമേഖലയില്‍ വോട്ടുചോര്‍ച്ചയുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പ്രവര്‍ത്തനത്തില്‍ നിസംഗത പുലര്‍ത്തിയതായാണു വിമര്‍ശനം. ഇലക്ഷനുശേഷം പൊതു വിലയിരുത്തല്‍ നടത്താന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയോ നേതൃയോഗമോ ഇതേവരെ ചേര്‍ന്നിട്ടില്ല. ഇനി യുഡിഎഫ് യോഗം അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുമെന്നാണ് ഉന്നത നേതാവ് പ്രതികരിച്ചത്.