വിഴിഞ്ഞം: കോണ്‍ഗ്രസിനു വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രചരണ വാഹനങ്ങലും അകമ്പടി വാഹനങ്ങളും നിരനിരയായെത്തി. പിന്നില്‍ തുറന്ന ജീപ്പില്‍ ഷാള്‍ അണിഞ്ഞു ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കറുത്ത മെലിഞ്ഞ ശരീരത്തെ കണ്ട തീരദേശക്കാര്‍ അമ്പരന്നു. സിനിമയിലും സീരിയലുകളിലുമുള്ള സ്വതസിദ്ധമായ ശൈലിയില്‍ വന്നയാളുടെ ഒരു പരിചയപ്പെടുത്തല്‍. ചാളമേരി. പ്രേഷകരെ തമാശയിലാറാടിച്ച് കുടുകുടെ ചിരിപ്പിക്കുന്ന ചാളമേരിയെ നേരില്‍ കണ്ടതോടെ തീരദേശം ഇളകി മറിഞ്ഞു.
തന്റെ മകനായ പയ്യനാണ് വിന്‍സെന്റ് അവനെ വിജയിപ്പിക്കണെന്ന് തുടങ്ങി തമാശയുടെ പതിവ് ശൈലിയിലേക്കിറങ്ങിയതോടെ കാണാനും കേള്‍ക്കാനുമായി പ്രായഭേദമെന്യേ വന്‍ ജനാവലി തന്നെ ഓരോയിടവും തടിച്ചുകൂടിയത്. എല്ലാവരോടും കോണ്‍ഗ്രസിനു പിന്തുണ ആവശ്യപ്പെട്ടായിരുന്നു മടക്കം. കൊച്ചുതുറ, പുതിയതുറ, ഉള്‍പ്പെടെ കോട്ടുകാല്‍, കരിംകുളം പഞ്ചായത്തുകളിലെ തീരദേശത്തെ വിവിധ സ്ഥലങ്ങള്‍ ഇളക്കി മറിച്ച ചാളമേരി ഇന്നു വിഴിഞ്ഞത്തും എത്തും.
വ്യത്യസ്ഥ ശൈലിയില്‍ വോട്ടുപിടുത്തം നടത്തി മുന്നേറുന്ന കോവളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസത്തിനു കുറവില്ല. നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ വരുന്ന സ്വീകരണ സ്ഥലങ്ങളും ജനപങ്കാളിത്തവും തടിച്ചുകൂടുന്നവരുടെ ആവേശവും കൊണ്ട് വിജയസാധ്യത സ്വപ്നം കാണുകയാണിവര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. എം. വിന്‍സന്റിന്റെ മൂന്നാം നാളത്തെ പ്രയാണം ആരംഭിച്ചത് കോട്ടുകാല്‍ പഞ്ചായത്തിലെ പരിണയത്തു നിന്ന് രാവിലെ എട്ടരയോടെയായിരുന്നു. എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ തേടിയാണ് പ്രയാണം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീല പ്രകാശം തന്റെ യാത്രക്ക് തുടക്കും കുറിച്ചത് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പാറവിളയില്‍ നിന്നായിരുന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ഗംഗാധരന്‍ നാടാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണശേഷം രാത്രിയില്‍ പെരിങ്ങംമലയില്‍ സമാപിച്ചു.യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥികളുടെ പ്രയാണം തുടങ്ങി രണ്ടുദിവസം കഴിഞ്ഞ് പര്യടനത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ഥി ടി.എന്‍. സുരേഷിന്റെ യാത്രയ്ക്ക് ഇന്നലെ പൂവാറില്‍ നിന്ന് തുടക്കമായി. ഹാരവും ഷാളുകളുമായി നൂറുകണക്കിനു പേര്‍ നല്‍കിയ പിന്തുണക്കൊടുവില്‍ കാഞ്ഞിരംകുളത്ത് യാത്ര അവസാനിപ്പിച്ചു. ഒറ്റദിവസം കൊണ്ട് മൂന്നു തീരദേശ പഞ്ചായത്തുകള്‍ താണ്ടാനും സുരേഷിനായി.