പോലീസിന്റെ വാഹനപരിശോധന തോന്നിയപടി ; പ്രതിഷേധം വ്യാപകം

ktm-policeസ്വന്തം ലേഖകന്‍

കൊല്ലം: പോലീസ് നടത്തുന്ന വാഹനപരിശോധന അതിരുകടക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം ആശ്രാമം ലിങ്ക് റോഡില്‍ സംഭവിച്ചത്. മാനദണ്ഡങ്ങളും മേലുദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പറത്തിയാണ്‌ വാഹനപരിശോധന നടത്തിവരുന്നത്. എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വേണം വാഹന പരിശോധന നടത്തേണ്ടതുണ്ടെന്ന് ഡിജിപിയുടെ നിര്‍ദേശം ഉണ്ട്. മാത്രമല്ല ഉദ്യോഗസ്ഥന്‍ വാഹനം ഓടിക്കുന്നവരുടെ അടുത്തു ചെന്നുവേണം പരിശോധനകള്‍ നടത്തുവാന്‍.മാത്രമല്ല സ്ത്രീകളും കുട്ടികളുമായും കുടുംബസമേതം വരുന്നവരെയും വാഹന പരിശോധനയുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ട്.

കൊല്ലത്ത് ഒരു പോലീസ് സ്റ്റേഷനില്‍ പോലും ഈ നിര്‍ദേശങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെടാറില്ല. റോഡില്‍ കാമറകള്‍ ഇല്ലാത്ത സ്ഥലത്തും തണല്‍ പറ്റിയും ജീപ്പ് കൊണ്ടിട്ട് എസ്‌ഐ ജീപ്പില്‍ ഇരിക്കും.
എന്നിട്ട് ഏതാനും കോണ്‍സ്റ്റബിള്‍ മാരെ റോഡില്‍ നിര്‍ത്തും. റോഡിന് വശംചേര്‍ന്ന് ഒളിഞ്ഞ് നില്‍ക്കുന്ന പോലീസുകാര്‍ വാഹനത്തിന് മുന്നില്‍ ചാടിയാണ് നിര്‍ത്തിക്കുക. എന്നിട്ട് വാഹനം ഓടിക്കുന്നവരെ എസ്‌ഐയുടെ മുമ്പിലേയ്ക്ക് പറഞ്ഞുവിടും.ഹെല്‍മെറ്റ് ധരിച്ചെത്തുന്ന ബൈക്ക് യാത്രികരെയും തടഞ്ഞുനിര്‍ത്തി ലൈസന്‍സും മറ്റ് രേഖകളും ആവശ്യപ്പെടും. എല്ലാ രേഖകളുമുണ്ടെങ്കില്‍ ഓവര്‍ സ്പീഡിനെങ്കിലും ഒരു പെറ്റിക്കേസ് കൊടുത്താലേ ചില ഉദ്യോഗസ്ഥര്‍ക്ക് തൃപ്തിയാകൂ.

ഇത്തരത്തിലുള്ള കാഴ്ച കാണണമെങ്കില്‍ വൈകുന്നേരം കൊച്ചുപിലാമൂട് ജംഗ്ഷന് സമീപമുള്ള പാലത്തിന് അടുത്തെത്തിയാല്‍ മതി. തിരക്കേറിയ ഈ റോഡില്‍ പോലീസിന്റെ വിളയാട്ടം പലപ്പോഴും ഗതാഗത കുരുക്കിന് വരെ വഴിവയ്ക്കുന്നുണ്ട്.വടയാറ്റുകോട്ട റോഡിലും ചിന്നക്കടയിലും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ആരെങ്കിലും വണ്‍വേ തെറ്റിച്ചോ ഹെല്‍മെറ്റ് ഇല്ലാതെയോ ബൈക്കില്‍ വന്നാല്‍ താക്കോല്‍ ഊരിയെടുക്കുന്നത് നിത്യസംഭവമാണ്. പിന്നീട് യാത്രക്കാരന്‍ വാഹനം ഉരുട്ടി പോലീസുകാരന്‍ പറയുന്ന സ്ഥലത്ത് കൊണ്ടുവയ്ക്കണം. അല്‍പ്പം വൈകിയാല്‍ തെറിയഭിഷേകം ഉറപ്പ്. ഈ ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ചില പോലീസുകാര്‍ പടിയും വാങ്ങുന്നുണ്ട്.

ബൈക്ക് ഓടിച്ചുപോകുന്നവരെ പുറകേ വന്ന് പിടിച്ചുനിര്‍ത്തുന്ന പോലീസുകാരുമുണ്ട്. ബൈക്ക് റൈഡര്‍മാരുടെ വാഹന പരിശോധന പലപ്പോഴും ഇടുങ്ങിയ വഴികളിലാണ്. എസ്‌ഐമാരാല്ലാത്തവരും റൈഡര്‍മാരായി പരിശോധന നടത്തുന്നുണ്ട്.ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്യുന്ന സ്ത്രീകളുടെ വാഹനങ്ങള്‍ പരിശോധിക്കുകയാണ് ചിലരുടെ പ്രധാന വിനോദം. അവരെ പരമാവധി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതുപോലെ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഹോംഗാര്‍ഡുകളും നിരവധിയാണ്. ഇവരും ബൈക്ക് യാത്രികരുടെ താക്കോല്‍ ഊരിയെടുക്കുന്ന കാര്യത്തില്‍ വില്ലന്മാരാണ്. റോഡില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ഇവരില്‍ പലരും സമീപത്തെ കടകളില്‍ കയറി വിശ്രമിക്കുന്നതും നിത്യകാഴ്ചയാണ്.

കൊല്ലം ഡിസിസി ഓഫീസിന് സമീപം, എസ്എന്‍ കോളജ് ജംഗ്ഷന്‍, കടപ്പാക്കട ഓവര്‍ബ്രിഡ്ജ്, ലിങ്ക് റോഡ്, ഹൈസ്കൂള്‍ ജംഗ്ഷന്‍, ആശ്രാമം ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം എന്നിവിടങ്ങളിലൊക്കെ മിക്കപ്പോഴും തിരക്കേറിയ സമയത്താണ് പോലീസ് വാഹന പരിശോധന നടത്തുന്നത്.ആശ്രാമം ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം, കടപ്പാക്കട പ്രതിഭാ ജംഗ്ഷന്‍, ചെമ്മാംമുക്ക്, കര്‍ബല ജംഗ്ഷന്‍, തേവള്ളി പാലത്തിന് സമീപം, രാമന്‍കുളങ്ങര, നെല്ലിമുക്ക് എന്നിവിടങ്ങളിലും വാഹന പരിശോധനയുടെ പേരില്‍ യാത്രികരെ ബുദ്ധിമുട്ടിക്കുന്നത് പോലീസ് പതിവാക്കിയിരിക്കയാണ്.എപ്പോഴും അപകട സാധ്യതയുള്ള മേഖലയാണ് നെല്ലിമുക്ക്. അതുപോലെ ഞായറാഴ്ചകളില്‍ രാവിലെ രാമന്‍കുളങ്ങര ജംഗ്ഷനില്‍ നടക്കുന്ന വാഹന പരിശോധന ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കിന് വരെ വഴിവയ്ക്കുന്നുണ്ട്.

റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ഒളിച്ച് നില്‍ക്കുന്ന പോലീസുകാര്‍ ബൈക്ക് യാത്രികര്‍ അടുത്തെത്തുമ്പോള്‍ മുന്നില്‍ ചാടിവീഴുന്നതാണ് പതിവ്. അഡ്വഞ്ചര്‍ പാര്‍ക്കിന് സമീപം ബൈക്ക് റൈഡര്‍മാര്‍ വാഹന പരിശോധനയുടെ മറവില്‍ യാത്രക്കാരെ പിഴിയുന്നത് കൂടാതെ പാര്‍ക്കിലെത്തുന്ന കമിതാക്കളെ വിരട്ടിയും ചാകരക്കൊയ്ത്താണ് നടത്തുന്നത്. കഴിഞ്ഞദിവസം ബൈക്ക് യാത്രികനെ  പരിക്കേല്‍പ്പിച്ച പോലീസുകാരനെ കൊല്ലം എസിപി ജോര്‍ജ് കോശിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേസെടുത്തിരുന്നു.

Related posts