ബിജെപിയിലും സ്ഥാനാര്‍ഥി നിര്‍ണയ തിരക്ക്, ആര്‍എസ്എസുമായും ചര്‍ച്ച

TCR-BJPസ്വന്തം ലേഖകന്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയില്‍ ബിജെപി സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നടപടികള്‍ക്കു ചൂടേറി. ജില്ലയിലെ 13 സീറ്റിലും വോട്ടുവാരുന്ന സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. വെള്ളാപ്പിള്ളിയുടെ ബിഡിജെഎസ് പാര്‍ട്ടിയുമായി സംസ്ഥാനതലത്തില്‍ സഖ്യമുണ്ടാകുകയാണെങ്കില്‍ ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റു വിട്ടുകൊടുക്കേണ്ടിവരും. കേരള പുലയര്‍ മഹാസഭയ്ക്കും ഒരു സീറ്റു നല്കും.  ഓരോ മണ്ഡലത്തിലും അനുയോജ്യരായ സ്ഥാനാര്‍ഥി ആരെന്നതു സംബന്ധിച്ചു കീഴ്ഘടകങ്ങളില്‍നിന്നു വിവരശേഖരണം നടത്തിവരികയാണ്. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ആര്‍എസ്എസ് നേതൃത്വവുമായി രണ്ടു ദിവസത്തിനകം ആശയവിനിമയം നടത്തും.

ഈ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കിയശേഷം മണ്ഡലങ്ങളിലേക്ക് അനുയോജ്യരായ സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന കമ്മിറ്റിക്കു കൈമാറും. കേന്ദ്ര നേതൃത്വത്തിന്റെ മാര്‍ഗദര്‍ശനങ്ങള്‍ക്കു വിധേയമായി സംസ്ഥാന കമ്മിറ്റിയാണു സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തുക. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച നേട്ടമുണ്ടാക്കാനായതിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ തൃശൂരില്‍ സന്ദര്‍ശനം നടത്തിയതും പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണു പകര്‍ന്നിരിക്കുന്നത്. കേന്ദ്രത്തിലുള്ള ഭരണത്തിന്റെ തണല്‍കൂടിയാകുമ്പോള്‍ ഇത്തവണ കേരളത്തിലെന്നല്ല, തൃശൂരില്‍തന്നെ ബിജെപി അക്കൗണ്ടു തുറക്കു മെന്നാണു ജില്ലാ പ്രസിഡന്റ് എ. നാഗേഷിന്റെ  അവകാശവാദം.

കൊടുങ്ങല്ലൂര്‍, മണലൂര്‍, പുതുക്കാട്, കയ്പമംഗലം എന്നീ നാലു നിയോജക മണ്ഡല ങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്താനാണു ബിജെപിയുടെ പദ്ധതി. കൂടുതല്‍ വോട്ടുവാരുന്ന മേഖലയാണിത്. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്കു കരുത്തരായ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും. ജില്ലാ പ്രസിഡന്റ് എ. നാഗേഷിനെ പുതുക്കാടു മത്സരിപ്പിക്കണമെന്ന അഭിപ്രായം ഉണ്ട്. തെരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിയുടെ ജില്ലയിലെ മൊത്തത്തിലുളള ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന്റെ സേവനം അനിവാര്യമായതിനാല്‍ അദ്ദേഹം മല്‍സരത്തില്‍നിന്നു മാറിനില്‍ക്കണമെന്ന അഭിപ്രായമുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മാറ്റാതിരുന്ന ഏക ജില്ലാ പ്രസിഡന്റാണ് നാഗേഷ്. മത്സരിക്കാനിറങ്ങിയാല്‍ ജില്ലയിലെ മറ്റെല്ലാ നിയോജക മണ്ഡലങ്ങളിലും ക്ഷീണമുണ്ടാകുമെന്നാണു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള ആശങ്ക.

ബിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ ടി.സി. സേതുമാധവന്‍ പുതുക്കാട് സ്ഥാനാര്‍ഥിയായി പരി ഗണിക്കപ്പെടുന്ന നേതാവാണ്. പഴയകാലം മുതലേ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. പുതുക്കാട്, കൊടകര മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സേതു സാധാരണക്കാര്‍ക്കിടയി ലും പൊതുസമ്മതനാണെന്നാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള വികാരം. അനേകം തൊഴിലാളി യൂണിയനുകളുടെ പ്രസിഡ ന്റുമാണ്. ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റായ അഡ്വ. ബി. ഗോപാലകൃഷ്ണനെ കൊടുങ്ങ ല്ലൂരില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. ആര്‍എസ്എസ് ഘടകങ്ങള്‍ക്ക് താത്പര്യമുള്ള നേതാവാണ് ഗോപാലകൃഷ്ണന്‍. കുന്നംകുളത്ത് അഡ്വ. അനീഷ്, ഇരിങ്ങാലക്കുടയില്‍ സന്തോഷ് ചെറാക്കുളം, തൃശൂരില്‍ എം.എസ്. സമ്പൂര്‍ണ എന്നിവര്‍ മത്സരിച്ചേക്കും.

ചാലക്കുടിയില്‍ കെ.പി. ഹരിദാസ്, അഡ്വ. രവികുമാര്‍ ഉപ്പത്ത് എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയാകും. വടക്കാഞ്ചേരിയില്‍ സുരേന്ദ്രന്‍ ഐനിക്കുന്നത്തിനാണു സാധ്യത. സംവരണ സീറ്റുകളായ നാട്ടിക, ചേലക്കര എന്നിവിടങ്ങളില്‍ പട്ടികജാതിമോ ര്‍ച്ച നേതാവായ ഷാജുമോന്‍ വട്ടേക്കാട്,കെ പിഎംഎസ് നേതാവ് ബാബു എന്നിവര്‍ മത്സരിക്കും. മണലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കയ്പമംഗലം എന്നീ നിയോജമണ്ഡലങ്ങളില്‍ ഏതെങ്കിലും കൈവശപ്പെടുത്തണമെന്നാണ് ബിഡിജെഎസിന്റെ ആഗ്രഹം. ബിഡിജെഎസ് എസ്എന്‍ഡിപി നാട്ടിക യൂണിയന്‍ നേതാവായ ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് എന്നിവരെ മത്സരരംഗത്തിറക്കാനാണു സാധ്യത.

Related posts