കൊല്ലം: ബിഡിജെഎസ് വര്‍ഗീയ മുന്നണിയായ എന്‍ഡിഎയുടെ ഘടകകക്ഷിയായതോടെ ശ്രീനാരായണ ഗുരുദേവന്റെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മതാതീത ആത്മീയതയെ പണയം വച്ച രാഷ്ട്രീയ പാര്‍ട്ടിയായി മാറിയെന്ന് ജെഎസ്എസ് സത്ജിത് വിഭാഗം സംസ്ഥാന കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നു പറഞ്ഞ ഗുരുദേവന്റെ അനുയായികളില്‍ ചിലര്‍ മറ്റ് മതസ്ഥരോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്ന ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നത് കടുത്ത അനൗചിത്യമാണ്.
ഇതിനെക്കുറിച്ച് ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ ആഴത്തില്‍ ചിന്തിക്കണം. കടുത്ത രാഷ്ട്രീയ, സാമൂഹ്യ അബദ്ധമാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്.പട്ടികജാതി, പട്ടികവര്‍ഗ ഹോസ്റ്റലുകളുടെ സ്ഥിതി രാജ്യത്താകമാനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് സംസ്ഥാന കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള കൂടുതല്‍ ഹോസ്റ്റലുകള്‍ സ്കൂള്‍- കോളജ് തലത്തില്‍ ആരംഭിക്കണമെന്നും നിലവിലുള്ളവയുടെ ശോചനീയാവസ്ഥ മാറ്റി കൂടുതല്‍ മെച്ചപ്പെടുത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന സെമിനാര്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ. എ. അസീസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍.എം. പിയേഴ്‌സണ്‍, എന്‍. അനിരുദ്ധന്‍, എ. യൂനുസ്കുഞ്ഞ്, പ്രഫ. വി. ശിവപ്രസാദ്, ഹരിലാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സെമിനാറില്‍ അഡ്വ. സത്ജിത് ചര്‍ച്ച ക്രോഡീകരിച്ചു. സി. പി. കുമാരന്‍, ശിവനാണു ആചാരി എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അലക്‌സ് കളപ്പില അധ്യക്ഷത വഹിച്ചു. കിടങ്ങില്‍ സുലോചനന്‍, എന്‍. ബാഹുലേയന്‍, പുറ്റിംഗല്‍ ദിവാകരന്‍, എല്‍. കുമാര്‍, കെ. വി. ജോയി, പപ്പന്‍ ചേലിയ, അടൂര്‍ മധു, ബേബി ഗിരിജാ ദിനേശ്, ജയചന്ദ്രന്‍, എലിസബത്ത്, സതി, അഡ്വ. കെ. പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.