ബീവറേജസിന്റെ മദ്യവില്പനശാല തിരക്കേറിയ വടക്കഞ്ചേരി ടൗണിലേക്ക് മാറ്റാന്‍ വീണ്ടും നീക്കം

KLM-BEVവടക്കഞ്ചേരി: ദേശീയപാത തങ്കം കവലയ്ക്കുസമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസിന്റെ മദ്യവില്പനശാല തിരക്കേറിയ വടക്കഞ്ചേരി ടൗണിലേക്ക് മാറ്റാന്‍ വീണ്ടും നീക്കം. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ടൗണില്‍ ബസ്സ്റ്റാന്‍ഡിനടുത്ത കെട്ടിടത്തില്‍ മദ്യശാല തുടങ്ങുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ പ്രതിഷേധം തണുത്തതോടെയാണ് പഴയ കെട്ടിടത്തില്‍ തന്നെ മദ്യവില്പനശാല ആരംഭിക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം വൈകുന്നേരം എക്‌സൈസ് വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം തിരക്കേറിയ ടൗണില്‍ മദ്യശാല ആരംഭിക്കാനുള്ള നീക്കമുണ്ടായാല്‍ ഇതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പു നല്കി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം, കെസിബിസി മദ്യവിരുദ്ധസമിതി, ആക്്ഷന്‍ കൗണ്‍സില്‍ തുടങ്ങി നിരവധി സംഘടനകള്‍ അധികൃതരുടെ നീക്കത്തിനെതിരേ രംഗത്തുണ്ട്. ടൗണില്‍ തിരക്കേറിയ സ്ഥലത്തു നിന്നുതിരിയാന്‍പോലും സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് മദ്യവില്പനശാല ആരംഭിക്കാന്‍ നീക്കം നടക്കുന്നത്.

മദ്യശാലയില്‍ ഇടയ്ക്കിടെ നടക്കുന്ന കവര്‍ച്ചകള്‍ക്കൊന്നും തുമ്പില്ലാതിരിക്കേ നിറയെ ബാങ്കുകളും മറ്റു പണമിടപാട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ടൗണില്‍ തന്നെ മദ്യവില്പന ശാലയും ആരംഭിച്ചാല്‍ അത് ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. വാഹനത്തിരക്കോ ജനത്തിരക്കോ ഇല്ലാത്ത ഒഴിഞ്ഞ സ്ഥലത്ത് മദ്യവില്പനശാല ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ സ്ഥലം കണ്ടെത്തണമെന്നാണ് ആവശ്യം.

Related posts