ആലപ്പുഴ: ലോട്ടറി വില്‍പ്പനക്കാരുടെ കൈകളില്‍നിന്നു നോക്കാനെന്ന പേരില്‍ ലോട്ടറി വാങ്ങിയശേഷം കടന്നുകളയുന്ന സംഘം ആലപ്പുഴയില്‍ സജീവം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇത്തരത്തില്‍ ലോട്ടറികള്‍ നഷ്ടപ്പെട്ടതായാണ് അറിയുന്നത്. കാല്‍നടയായി ലോട്ടറി വില്‍പ്പന നടത്തുന്ന പ്രായമായ വില്‍പ്പനക്കാരാണ് ഇവരുടെ ഇരകള്‍. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തുന്ന രണ്ടംഗ സംഘം ലോട്ടറി ടിക്കറ്റുകള്‍ തട്ടുന്നുവെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് ലോട്ടറി ടിക്കറ്റ് വില്ക്കുന്നവരുടെ സമീപത്തേക്ക് ഇരുചക്ര വാഹനത്തിലെത്തുന്ന സംഘം ടിക്കറ്റ് വേണമെന്നാവശ്യപ്പെടും. തുടര്‍ന്ന് തെരഞ്ഞെടുക്കുന്നതിനെന്ന വ്യാജേന ബൈക്കിന് പിന്നിലിരിക്കുന്നയാള്‍ വില്‍പ്പനക്കാരനില്‍നിന്നു ടിക്കറ്റ് വാങ്ങി നോക്കുന്നതിനിടെ ബൈക്ക് ഓടിച്ചുപോകുകയാണ് ചെയ്യുന്നത്. പലര്‍ക്കും 20തും 30തും ടിക്കറ്റുകള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടെങ്കിലും പോലീസില്‍ പരാതി നല്കിയാലുള്ള നൂലാമാലകളോര്‍ത്ത് ആരും പരാതിപ്പെട്ടിട്ടില്ല.
വില്‍പ്പനക്കാര്‍ ലോട്ടറി വാങ്ങുന്ന ഏജന്‍സികളില്‍ തട്ടിപ്പിനെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. നേരത്തെ സമ്മാനാര്‍ഹമായ ലോട്ടറിയെന്ന പേരില്‍ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരില്‍ നിന്നും പണം തട്ടുന്ന സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നൊരു പടികൂടി കടന്ന് ലോട്ടറി പട്ടാപ്പകല്‍ ബൈക്കിലെത്തി പിടിച്ചുപറിക്കുന്ന സ്ഥിതിയെന്ന നിലയിലായിരിക്കുകയാണ്.