തിരുവനന്തപുരം: പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കും. കൊമ്പന്‍മാരുടെ പോരാട്ടവീര്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ വമ്പന്‍മാരും കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമകളായി. തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജുന, പ്രമുഖ സിനിമാ നിര്‍മാതാവായ അല്ലു അരവിന്ദ്, വ്യവസായിയും സീരിയല്‍ സംരംഭകനുമായ നിമ്മഗഡ്ഡ പ്രസാദ് എന്നിവരാണ് ഈ വര്‍ഷം കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമകളാകുന്നത്.
ഇന്നലെ ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങിലാണ് ടീമിന്റെ സഹ ഉടമകളെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പരിചയപ്പെടുത്തിയത്. ടീമിന്റെ ഭൂരിഭാഗം ഓഹരികളും സിനിമാ താരങ്ങളുടെ കണ്‍സോര്‍ഷ്യത്തിനാണ്. സച്ചിന് 20 ശതമാനം ഓഹരികളാണ് ഉള്ളതെന്നാണ് പ്രാഥമിക വിവരം. സച്ചിന്‍ മുന്‍കൈ എടുത്താണ് പുതിയ ഓഹരി ഉടമകളെ കണെ്ടത്തിയത്. എന്നാല്‍, സച്ചിന്‍ തന്നെയാവും ഇക്കുറിയും ടീമിന്റെ നെടുനായകത്വം വഹിക്കുക. പുതിയ ഓഹരി ഉടമകളുമായി തിരുപ്പതിയില്‍വച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് സച്ചിന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി അവരുടെ പേരുവിവരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ടീമിന്റെ പ്രകടനത്തിലുണ്ടായ തകര്‍ച്ച പരിഹരിച്ച് ഇക്കുറി മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടീമിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതെന്നു സച്ചിന്‍ പറഞ്ഞു. ഐഎസ്എല്‍ മൂന്നാം സീസണിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് അര്‍ഹമായ ഗൗരവത്തോടെയാണ് കാണുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ അര്‍പ്പിച്ച വിശ്വാസവും അതുല്യമായ സ്ഥാനവുമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഇത്രയധികം പ്രശസ്തമാക്കിയത്. പതിനായിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷകള്‍ പൂര്‍ണമായും സാക്ഷാത്കരിക്കുന്ന പ്രകടനം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനെ സജ്ജമാക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
സച്ചിന്‍ തെണ്ടുല്‍ക്കറോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ ആഹ്ലാദവാനാണെന്നു നടന്‍ ചിരഞ്ജീവി പറഞ്ഞു. സംസ്ഥാനത്ത് ഫുട്‌ബോള്‍ വിപുലമാക്കാനും മികച്ച രീതിയില്‍ കളിക്കാനുള്ള പ്ലാറ്റ്‌ഫോം നല്കാനും കേരളാ ബ്ലാസ്‌റ്റേഴ്‌സിലുള്ള എല്ലാവരും ചുമതലപ്പെട്ടവരാണെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു. കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമാണുള്ളതെന്നു അക്കിനേനി നാഗാര്‍ജുന പറഞ്ഞു. കേരളീയര്‍ക്ക് കാല്‍പന്തുകളിയോടുള്ള ആവേശം നേരില്‍ കാണാനായി കാത്തിരിക്കയാണെന്നും ടീമിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും നാഗാര്‍ജുന പറഞ്ഞു. മലയാളികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സാധിച്ചതായി അല്ലു അരവിന്ദ് അറിയിച്ചു. മലയാളത്തില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്റെ പിതാവാണ് അല്ലു അരവിന്ദ്.
രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബുമായി യോജിച്ച് പ്രവര്‍ത്തിക്കുക എന്നത് അഭിമാനകരമാണെന്ന് നിമ്മ ഗഡ്ഡ പ്രസാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ളവ ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ഇക്കുറി ഏറെ നേരത്തേ തന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ടീമിന്റെ നിക്ഷേപകര്‍ സംബന്ധിച്ചുള്ള വ്യക്തമായ ധാരണകള്‍ ആയതോടെ മികച്ച താരങ്ങളെ സ്വന്തമാക്കി തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതരും ആരാധകരും.
അക്കാഡമി സ്ഥാപിക്കും
തിരുവനന്തപുരം: കേരളത്തിലെ കാല്‍പന്തുകളി പുരോഗമിപ്പിക്കാനും മികച്ച അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാഡമി സ്ഥാപിക്കുമെന്നു ടീം ഉടമകൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാവും പദ്ധതി നടപ്പിലാക്കുക. ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്. ചെറുപ്പത്തില്‍ തന്നെ കായികതാരങ്ങളെ കണെ്ടത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. 100 കുട്ടികളെ എങ്കിലും ഈ പദ്ധതിയിലൂടെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. കുട്ടികള്‍ക്കുവേണ്ട അത്യാധുനിക പരിശീലന രീതി ഉള്‍പ്പെടെയുള്ളവ ബ്ലാസ്റ്റേഴ്‌സ് നല്കും. ടീമിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സച്ചിനെ അറിയിച്ചു. സാങ്കേതിക സഹായങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ ചെയ്യും. ബ്ലാസ്റ്റേഴ്‌സ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, ഡോ. തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
സച്ചിന്‍ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം ഇനി കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സച്ചിന്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. രാവിലെ പത്തരയോടെ മുഖ്യമന്ത്രിയെ സച്ചിന്റെ നേതൃത്വത്തിലുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ സന്ദര്‍ശിച്ചു.
മദ്യവര്‍ജനം ഉള്‍പ്പെടെയുള്ള ലഹരിവിരുദ്ധ പ്രചാരണങ്ങളില്‍ സച്ചിന്റെ പേര് ഉപയോഗിക്കാന്‍ സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്ത സച്ചിനാണ് ഇതിന് ഏറ്റവും അനുയോജ്യന്‍. ഇക്കാരണത്താലാണ് സച്ചിനോട് അഭ്യര്‍ഥന നടത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണെ്ടന്ന് സച്ചിന്‍ പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറെ കൂടാതെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമകളായ ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.