ബെര്‍ലിന്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ യൂറോപ്പിലെ സുരക്ഷാ ഏജന്‍സികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള നീക്കം ഫലപ്രദമാകില്ലെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യര്‍. ഇതു ഫലപ്രദമാകില്ലെന്നു മാത്രമല്ല, ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും മെയ്‌സ്യറുടെ മുന്നറിയിപ്പ്.
ഇരുപത്തെട്ട് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളെ ഒരൊറ്റ യൂറോപ്യന്‍ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുക എന്നത് പ്രായോഗികമല്ലെന്നാണ് അദ്ദേഹം പറയുന്നത്.
ജര്‍മനിയില്‍ സ്റ്റേറ്റ് തല ഏജന്‍സികളെ ഫെഡറല്‍ തലത്തില്‍ ഏകോപിപ്പിക്കുന്ന മാതൃക ഇക്കാര്യത്തില്‍ സ്വീകരിക്കാമെന്ന് നേരത്തെ ജര്‍മന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജനറല്‍ പീറ്റര്‍ ഫ്രാങ്കും ജര്‍മന്‍ പോലീസ് യൂണിയനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പൂര്‍ണമായി നിരാകരിക്കുന്ന തരത്തിലാണ് മെയ്‌സ്യറുടെ പ്രതികരണം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍