ചെറായി: മണ്‍സൂണ്‍ ആരംഭിച്ചതോടെ ചെറായി ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ചൂണ്ടയിടല്‍ ആസ്വാദ്യമാകുന്നു. നേരംപോക്ക് മാത്രമല്ല മത്സ്യപ്രിയരായവര്ക്ക് ഒരു കറിക്കുള്ള മീനുമായി മടങ്ങാമെന്നതും മെച്ചമാണ്. ബീച്ചിനു തൊട്ടുമുമ്പുള്ള ബണ്ടിന്റെ ഇരുവശത്തുമായി കായലിലാണ് ചൂണ്ടയിടല്‍. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നിരവധി സന്ദര്‍ശകരാണ് ഇവിടെ ഇപ്പോള്‍ ചൂണ്ടയിടാന്‍ മാത്രമായി ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നത്. വിവിധ തരം ചൂണ്ടകളും ഇവരുടെ പക്കല്‍ ഉണ്ടാകും. ചെറിയ ചെമ്മീനാണ് ഇരയായി ഉപയോഗിക്കുന്നത്.
റിസോര്‍ട്ടുകളിലും മറ്റും എത്തുന്നവര്‍ക്ക് ചൂണ്ടകളും ഇരകളും റിസോര്ട്ടുകാര് നല്‍കും. ബീച്ച് റോഡില്‍ നിലയുറപ്പിക്കുന്ന ചൂണ്ടക്കാര്‍ക്ക് കട്ടറ, കൂരി, പൂളാന്‍, വറ്റ, കല്ലാന്കോര, എന്നിവയാണ് ലഭിക്കുന്നത്. ബീച്ച് പാലത്തിനു സമീപം വെള്ളത്തിന്റെ ഒഴുക്ക് അനുഭവപ്പെടുന്ന ഭാഗത്താണ് ചൂണ്ടക്കാര്‍ കൂടുതല്‍. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് കൂടുമ്പോഴാണ് മത്സ്യങ്ങള്‍ ചൂണ്ടയില്‍ കൂടുതലായി കൊത്തുകയത്രേ. മഴ കനത്താല്‍ വരും ദിവസങ്ങളില്‍ ചൂണ്ടക്കാരുടെ എണ്ണം ഇവിടെ വളരെ കൂടുമെന്ന് നാട്ടുകാര്‍ പറയുന്നു.