ആലുവ: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകകേസിന്റെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാകുന്നു. കൊല്ലപ്പെട്ട ദിവസത്തെ ജിഷയുടെ കോതമംഗലം യാത്രയിലെ ദുരൂഹത നീക്കാന്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ നേര്യമംഗലം ഭാഗത്തുള്ള യുവാവുമായുള്ള പരിചയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇതിനിടെ ജിഷയുടെ മൊബൈല്‍ ഫോണിലെ ഗാലറിയില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു യുവാക്കളുടെ ചിത്രം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞതായി സൂചന ലഭിച്ചു.
ജിഷയുടെ സഹപാഠികളായ ഇവരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തേക്കും. ചിത്രങ്ങളിലുള്ള യുവാക്കളെ ജിഷയുടെ അടുത്ത ബന്ധുക്കള്‍ക്കോ പരിസരവാസികള്‍ക്കോ തിരിച്ചറിയാന്‍ കഴിയാതിരുന്നത് ദുരൂഹത ഉയര്‍ത്തിയിരുന്നു. എന്നാല്‍, കോളജ് പഠനകാലത്തെ സുഹൃത്തുക്കളാകാനാണ് സാധ്യതയെന്നു തന്നെയായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍, കൊലയാളിയെന്നു സംശയിക്കുന്ന ആളിന്റേതായി വരച്ച രേഖചിത്രങ്ങളില് ഈ യുവാക്കളോട് സാദൃശ്യമില്ല എന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. യുവാക്കളെ കണ്ടെത്തി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുക എന്നതു മാത്രമാണു പോലീസിന് മുന്നിലുള്ള പോംവഴി.
അതേസമയം, കൊല്ലപ്പെട്ട ദിവസം ബസില്‍ യാത്രചെയ്തിരുന്നതായുള്ള സ്വകാര്യ ബസ് കണ്ടക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജിഷയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണു നേര്യമംഗലം സ്വദേശിയെക്കുറിച്ചു വിവരം ലഭിച്ചത്. കസ്റ്റഡിയിലുള്ള ഇയാള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുമായി ജിഷയ്ക്ക് എന്തു ബന്ധമാണ് ഉണ്ടായിരുന്നത് എന്നു കണ്ടെത്താനായിട്ടില്ല. ഇയാളെ ഉടനെ ഡിഎന്‍എ ടെസ്റ്റിനു വിധേയനാക്കും.