പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഒരു പഴമൊഴിയുണ്ട്. തിരിച്ചടികളില്‍ പതറാതെ പരീക്ഷണങ്ങള്‍ നടത്തി വിജയിക്കുന്നവരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്താറുണ്ട്. അതുപോലെ ഒരു കഥ മഹീന്ദ്രയ്ക്കും പറയാനുണ്ട്. ക്വാണ്ടോ എന്ന മോഡലില്‍ നേരിട്ട തിരിച്ചടിയാണ് വീണ്ടും ഒരു പരീക്ഷണത്തിനു കമ്പനിയെ പ്രേരിപ്പിച്ചത്. ഫലമോ, നുവോസ്‌പോര്‍ട്ട് എന്ന കോംപാക്ട് എസ്യുവി ജനിച്ചു.
മഹീന്ദ്രയുടെ ആദ്യ കോംപാക്ട് എസ്യുവി മോഡലായ ക്വാണ്ടോയുടെ പകരക്കാരനായി ഇന്നു നിരത്തില്‍ നിറയുന്ന മഹീന്ദ്രയുടെ നുവോസ്‌പോര്‍ട്ടിന്റെ വിശേഷങ്ങളിലേക്ക്…
ഒന്നിനു പകരം രണ്ട് കോംപാക്ട് എസ്യുവികളാണ് മഹീന്ദ്ര നിരത്തിലിറക്കിയത്. ടിയുവിയാണ് ഈ ശ്രേണിയില്‍ ആദ്യത്തേത്ത്. റഫ് ലുക്കാണ് ടിയുവിയുടെ ഐഡന്റിറ്റി എങ്കില്‍ ലാളിത്യവും അഴകുമാണ് നുവോ സ്‌പോര്‍ട്ടിന് അലങ്കാരം.
എക്‌സ്ടീരിയര്‍: വളരെ ഉയര്‍ന്നു നില്‍ക്കുന്ന മുന്‍ഭാഗം ഒരു എസ് യുവിയുടെ തലയെടുപ്പ് നുവോ സ്‌പോര്‍ട്ടിന് നല്കുന്നുണ്ട്. സ്‌കോര്‍പിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഡിസൈനിലുള്ള ചെറിയ ഗ്രില്ലും ബോണറ്റിന്റെ മധ്യത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫ്രണ്ട് സ്കൂപ്പും ഹെഡ്‌ലാമ്പിനു മുകളില്‍ ബോണറ്റില്‍ തന്നെ നല്കിയിട്ടുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുമാണ് മുന്‍ഭാഗത്ത് ശ്രദ്ധയാകര്‍ഷിക്കുന്നവ. വലിയ ഹെഡ്‌ലാമ്പുകളും അതിനു താഴെയായി സുരക്ഷിതമായി നിലയുറപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും മഹീന്ദ്രയുടെ മറ്റു മോഡലുകളില്‍നിന്നു വ്യത്യസ്തമാണ്. ക്വാണ്ടോയുടെ പകരക്കാരനായെത്തിയെങ്കിലും മുഖം പൂര്‍ണമായി മാറ്റിയിട്ടുണ്ട്.
മുന്‍ഭാഗം പുതുമോടി നേടിയപ്പോള്‍ റിയര്‍ സൈഡ് ക്വാണ്ടോയുടേതിനു സമാനമാണ്. നുവോസ്‌പോര്‍ട്ടിലേക്ക് വിമര്‍ശനങ്ങളുടെ വിരല്‍ ചൂണ്ടുന്ന ഏക കാര്യവും ഇതുതന്നെയാണ്.
വശങ്ങളില്‍ സൗന്ദര്യത്തിന് അത്യന്താപേക്ഷിതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വീല്‍ ആര്‍ച്ച് മുതല്‍ ചുറ്റിലും നല്കിയിരിക്കുന്ന ബ്ലാക്ക് ഫിനീഷിംഗ് ബോഡി ക്ലാഡിംഗുകളും ബ്ലാക്ക് പില്ലറുകളും ചേര്‍ന്ന് നുവോസ്‌പോര്‍ട്ടിന് മള്‍ട്ടികളര്‍ എഫക്ട് നല്കുന്നുണ്ട്.
3985 എംഎം നീളവും 1850 എംഎം വീതിയും1870 എംഎം നീളവും നല്കിയിരിക്കുന്ന കാറിന് 16 ഇഞ്ച് അലോയിയില്‍ 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്കിയിട്ടുണ്ട്.
ഇന്റീരിയര്‍: മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളുടെ ഒരു സങ്കലനം എന്ന വിശേഷണമാണ് നുവോസ്‌പോര്‍ട്ടിന്റെ ഇന്റീരിയറിന് ഏറ്റവും യോജ്യമായത്. ഇന്റീരിയറിലെ പല ഭാഗങ്ങളും മറ്റു മോഡലുകളെ ഓര്‍മിപ്പിക്കുന്നതാണ്.
ബ്ലാക്ക്, ഗ്രേ നിറങ്ങള്‍ ചേര്‍ന്നതാണ് ഡാഷ്‌ബോര്‍ഡ്. സൈലോയിലേതിനു സമാനമായ വലിയ എസി വെന്റുകളാണ് സെന്റര്‍ കണ്‍സോളില്‍ നല്കിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിന്റെ വശങ്ങളില്‍ താരതമ്യേന വലുപ്പമുള്ള ക്രോം ഫിനീഷിംഗുള്ള റൗണ്ട് വെന്റുകളും നല്കിയിട്ടുണ്ട്.
കെന്‍വുഡ് പുതുതായി രൂപകല്പന ചെയ്ത ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ബ്ലൂടൂത്ത്, യുഎസ്ബി, എഫ്എം എന്നിവയ്ക്കു പുറമെ ജിപിഎസ് സ്ക്രീനായും ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നുണ്ട്.
നുവോസ്‌പോര്‍ട്ടിന്റെ പ്രഖ്യാപിത എതിരാളികളായ ഇക്കോ സ്‌പോര്‍ട്ട്, വിത്താര ബ്രസ എന്നീ മോഡലുകള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിംഗ് സംവിധാനം നല്കുമ്പോള്‍ നുവോസ്‌പോര്‍ട്ടില്‍ ഇല്ല. ഈ അഭാവം വാഹനത്തിന് ഒരു പോരായ്മയാകുന്നുണ്ട്. സ്റ്റിയറിംഗ് വീല്‍, മീറ്റര്‍ കണ്‍സോള്‍ എന്നിവയിലെല്ലാം ക്വാണ്ടോയെ അനുകരിക്കുകയാണ്.
5+2 സീറ്റ് ആണ് നുവോസ്‌പോര്‍ട്ടിലുള്ളത്. ആദ്യത്തെ രണ്ടു നിരയില്‍ വിശാലമായ ലെഗ് സ്‌പേസ് വാഹനത്തിലുണ്ട്. ഏറ്റവും പിന്‍നിരയില്‍ ചൈല്‍ഡ് സീറ്റാണ് ഒരുക്കിട്ടുള്ളത്. എന്നാല്‍, ഈ സീറ്റുകള്‍ മടക്കിവച്ചാല്‍ മധ്യനിരയിലെ സീറ്റുകള്‍ ചായിച്ച് കിടത്താന്‍ സാധിക്കും.
412 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് കമ്പനി നല്കുന്നതെങ്കിലും സീറ്റുകള്‍ മറിച്ച് 850 ലിറ്റര്‍ വരെ ഉയര്‍ത്താനും സാധിക്കും. ഗിയര്‍ ലിവറിനരികിലും ഡോര്‍പാഡിലുമൊക്കെയായി നിരവധി ബോട്ടില്‍ ഹോള്‍ഡറുകളും നല്കിയിട്ടുണ്ട്.
സുരക്ഷ: സുരക്ഷാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ബേസ് മോഡല്‍ ഉള്‍പ്പെടെ എല്ലാ മോഡലുകള്‍ക്കും എബിഎസ് ഇബിഡി ബ്രേക്കിംഗ് സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ലോക്ക്, ചൈല്‍ഡ് ലോക്ക് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ടോപ്പ് എന്‍ഡ് മോഡലുകളില്‍ ഡുവല്‍ എസ്ആര്‍എസ് എയര്‍ബാഗും നല്കിയിട്ടുണ്ട്.
എന്‍ജിന്‍: മഹീന്ദ്ര വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എംഹോക്ക്100 എന്‍ജിനാണ് നുവോസ്‌പോര്‍ട്ടിന് കരുത്തു പകരുന്നത്. മാന്വല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ പുറത്തിറങ്ങുന്ന നുവോസ്‌പോര്‍ട്ട് 1493 സിസിയില്‍ 240 എന്‍എം ടോര്‍ക്ക് 100പിഎസ് പവറാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നല്കിയിരിക്കുന്ന ഇക്കോ മോഡില്‍ എന്‍ജിന്‍ 180 എന്‍എം ടോര്‍ക്കില്‍ 73പിഎസ് പവറും ഉത്പാദിപ്പിക്കുന്നു. ഇത് കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പു നല്കുന്നുണ്ട്.
മൈലേജ്: മഹീന്ദ്രയുടെ മറ്റ് വാഹനങ്ങളില്‍ നല്കിയിരിക്കുന്ന മൈക്രോ ഹൈബ്രിഡ് സംവിധാനം നുവോസ്‌പോര്‍ട്ടിലും നല്കിയിരിക്കുന്നതിനാല്‍ 17.45 കിലോമീറ്റര്‍ മൈലേജാണ് കമ്പനി ഉറപ്പു നല്കുന്നത്.
വില: എന്‍4, എന്‍4+, എന്‍6, എന്‍6 എഎംടി, എന്‍8, എന്‍8 എഎംടി എന്നീ ആറ് മോഡലുകളില്‍ പുറത്തിറങ്ങുന്ന നുവോസ്‌പോര്‍ട്ടിന് 8.74 ലക്ഷം മുതല്‍ 11.73 ലക്ഷം രൂപ വരെയാണ് കോട്ടയത്തെ ഓണ്‍റോഡ് വില.
ടെസ്റ്റ് ഡ്രൈവ്: ടിവിഎസ് സുന്ദരം, കോട്ടയം, ഫോണ്‍: 8606256044
അജിത് ടോം