പാലക്കാട്: ചൂടു ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പാലക്കാട് ജില്ലയില്‍ ഇന്നലെ രേഖപ്പെടുത്തിയതു സംസ്ഥാനത്തെ റിക്കാര്‍ഡ് താപനില. ജില്ലയിലെ മലമ്പുഴയിലാണു ഇന്നലെ 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂടു രേഖപ്പെടുത്തിയത്. സമീപ പ്രദേശമായ മുണ്ടൂരില്‍ താപനില 40.5 ആണ്. മലമ്പുഴയിലെ താപനില ഇതിനുമുമ്പു വര്‍ധിച്ചത് 41.5 വരെയാണ്. ആഴ്ചകളായി ജില്ലയിലെ താപനില 40 ഡിഗ്രിയിലാണു പോകുന്നത്. കൂടുതല്‍ ചൂടു രേഖപ്പെടുത്തുന്ന മലമ്പുഴയിലും മുണ്ടൂരിലും അടുത്തദിവസങ്ങളിലായി 40നും മുകളിലാണു ചൂട്.
ഇതോടെ ചൂടുകൊണ്ടു വലയുകയാണു ജനം. തൊഴിലിടങ്ങളില്‍ അസ്വസ്ഥത വിതച്ചും കാര്‍ഷികവിളകളെ കരിച്ചുണക്കിയുമാണു ചൂടിന്റെ തോത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ജില്ലയില്‍ ദിവസവും അമ്പതോളംപേര്‍ ചൂടിന്റെ ആഘാതം താങ്ങാനാവാതെ കുഴഞ്ഞുവീഴുന്നുണെ്ടന്നാണു റിപ്പോര്‍ട്ട്. രണ്ടു സൂര്യാഘാതമരണങ്ങളും ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്തു. കുട്ടികളും സ്ത്രീകളും പ്രായമായവരുമെല്ലാം രാവിലെ 10 നുശേഷമുള്ള കാല്‍നടയാത്ര ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ നിര്‍മാണമേഖലയിലെ ജോലിസമയവും ക്രമീകരിച്ചിട്ടുണ്ട്. ചൂടുവര്‍ധിച്ചതോടെയുള്ള രോഗാവസ്ഥകളുമായി നിരവധിപേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്.