പാരീസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകള്‍ പൊന്നായി. ഫ്രാന്‍സിന്റെ കിരീട പ്രതീക്ഷകളെ തട്ടിയകറ്റി താന്‍ വിജയഗോള്‍ നേടുമെന്ന് റൊണാള്‍ഡോ പ്രവചിച്ചിരുന്നതായി പോര്‍ച്ചുഗലിന്റെ ഫൈനല്‍ ഹീറോ എഡര്‍. റൊണാള്‍ഡോ പകര്‍ന്നു നല്കിയ ഊര്‍ജം ഫൈനലില്‍ നിര്‍ണായകമായി. തങ്ങള്‍ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. യൂറോ കപ്പ് കിരീട നേട്ടത്തില്‍ ടീമിലെ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നതായും എഡര്‍ പറഞ്ഞു.
മത്സരത്തിന്റെ 24-ാം മിനിറ്റില്‍ റൊണാള്‍ഡോ പരിക്കേറ്റു പുറത്തുപോയതോടെ വിജയപ്രതീക്ഷ മങ്ങിയ പോര്‍ച്ചുഗലിനെ ഉണര്‍ത്തിയത് എഡറിന്റെ ഗോളാണ്. 79-ാം മിനിറ്റില്‍ റൊനേറ്റോ സാഞ്ചസിനു പകരക്കാരനായി എത്തിയ എഡര്‍ എക്സ്ട്രാ ടൈമിന്റെ 19-ാം മിനിറ്റില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന് കന്നി കിരീടം നേടി കൊടുത്തത്. ഫ്രഞ്ച് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഇരുപത്തെട്ടുകാരനായ എഡര്‍ വലചലിപ്പിച്ചപ്പോള്‍ കണ്ണീരോടെ മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ കണ്ണുകളിലും സന്തോഷം വിരിഞ്ഞു.
ഫ്രഞ്ച് ക്ലബ് ലില്ലെയുടെ താരമാണ് എഡെര്‍സിറ്റൊ അന്റോണിയൊ മക്കെഡൊ ലോപ്പസ് എന്ന എഡര്‍. 2012ല്‍ ഓഗസ്റ്റിലാണ് എഡര്‍ പോര്‍ച്ചുഗീസ് ദേശീയ ടീമില്‍ ഇടം നേടി. പോര്‍ച്ചുഗീസ് ക്ലബ് ബ്രാഗയ്ക്കായി 60 മത്സരങ്ങളില്‍ 26 ഗോള്‍ നേടിയ എഡറിന്റെ കളി മികവാണ് ദേശീയ ടീമില്‍ ഇടം നേടി കൊടുത്തത്. പിന്നീട് ഇംഗ്ലീഷ് ക്ലബ് സ്വാന്‍ഡി സിറ്റിയിലെത്തിയ എഡറിന്റെ പ്രകടനം നിറം മങ്ങിയതോടെ വായ്പ അടിസ്ഥാനത്തില്‍ ലില്ലെക്ക് കൈമാറുകയായിരുന്നു. യൂറോ കപ്പ് ഫൈനലിലെ മിന്നും പ്രകടനം എഡറിന്റെ കളിജീവിതത്തെ മാറ്റി മറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.