ആലുവ: കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായിരുന്നു പ്രമാദമായ പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്. അന്യസംസ്ഥാനക്കാരെ മുതല്‍ സ്വന്തം നാട്ടിലെ സമുന്നതനായ നേതാവിനെ വരെ പ്രതിക്കൂട്ടിലാക്കിയ ഈ കേസിലെ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കഴിഞ്ഞെങ്കിലും പെരുമ്പാവൂരുകാരുടെ ആശങ്കകളൊഴിയുന്നില്ല. ഓരോ ദിവസവും പുറത്തുവരുന്ന നിറംപിടിപ്പിച്ച കഥകള്‍ക്ക് കൊലനടന്ന് അമ്പതാം ദിവസമാണ് ഒരു ക്ലൈമാക്‌സ് ഉണ്ടായത്. പക്ഷേ, വെറും ലൈംഗികമോഹത്തിന് വേണ്ടി മാത്രം ഇത്രയും പൈശാചികമായി ഒരു കൊലനടത്തുമോയെന്നാണ് പലരുടെയും സംശയം.
ഡല്‍ഹി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തിന്റെ ഓര്‍മയുണര്‍ത്തുന്നതായിരുന്നു ജിഷവധം. ഒറ്റക്കയ്യന്‍ ഗോവിന്ദചാമി റെയില്‍വേ ട്രാക്കിലിട്ട് കടിച്ചുകീറികൊന്ന സൗമ്യവധത്തിനുശേഷം കേരളത്തിന്റെ ജനകീയ ജാഗ്രത നേടിയതും ഈ കൊലക്കേസാണ്. കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത ആ ഒറ്റമുറി വീടിനുള്ളില്‍ നിയമ വിദ്യാര്‍ഥിനി കൂടിയായ ജിഷ ഏപ്രില്‍ 28ന് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി മാറിയ ഈ കേസിലെ പ്രതിയെ പിടികൂടാന്‍ അമ്പതു ദിവസമെടുത്തെങ്കിലും ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെ കേരള പോലീസ് കൈയടി നേടിയിരിക്കുകയാണ്.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിച്ചത് ജിഷയുടെ നാട്ടുകാരായിരുന്നു. അയ്യായിരത്തിലധികം ആളുകളുടെ ഫിംഗര്‍പ്രിന്റ് പരിശോധിച്ചതായി പോലീസ് തന്നെ ഔദ്യോഗികമായി അംഗീകരിക്കുമ്പോള്‍ ഇതില്‍ അധികംപേരും നാട്ടുകാരുതന്നെയാണ്. പലര്‍ക്കും ജോലിക്ക് കൃത്യമായി പോകാന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരായ പലരുടെയും പണിയും പോയി. കൊലയാളിയെ കണ്ടെത്തിയതോടെ ശ്വാസം നേരെ വീണവരില്‍ തൊട്ടടുത്ത അയല്‍വാസി സാബു, പഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ ഉള്‍പ്പെടും. ഗുണ്ടാനേതാവ് വീരപ്പന്‍ സന്തോഷും ഈ കേസില്‍ വില്ലന്‍ കഥാപാത്രമായിരുന്നു. തന്റെ രാഷ്ട്രീയ ഭാവിയെ തന്നെ തകര്‍ത്തുകളയുന്ന വിധത്തിലുള്ള കടുത്ത ആരോപണത്തിന് വിധേയയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചനും പ്രതിയുടെ അറസ്റ്റ് ഏറെ ആശ്വാസമാണ് നല്‍കുന്നത്.
ജിഷയുടെ അയല്‍വാസികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, കോളജിലെ സഹപാഠികള്‍, സഹോദരി ഭര്‍ത്താവ് തുടങ്ങി പലരും സംശയത്തിന്റെ നിഴലിലായിരുന്നു. ഒരുവേള ജിഷയുടെ അമ്മയേയും സഹോദരിയേയും വരെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചു. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങള്‍ അടങ്ങിയ ഫയലുകള്‍ ജിഷയില്‍ നിന്നും തട്ടിയെടുക്കാന്‍ അവരയച്ച വാടകകൊലയാളിയാണ് കൃത്യം നടത്തിയതെന്ന് മറ്റൊരുകഥയും പ്രചരിച്ചു. ഒടുവില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പ്രത്യേക സൈബര്‍ സെല്ല് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇരുപതുലക്ഷത്തിലധികം ഫോണ്‍കോളുകള്‍ പരിശോധിച്ചും ഏകദേശം 1500 ലധികം ആളുകളെ നേരില്‍ കണ്ട് മൊഴിയെടുത്തും, വെസ്റ്റ് ബംഗാള്‍, ഒറീസ, അസാം, ഛത്തീസ്ഗഡ്, ബീഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രത്യേക സംഘത്തെ കൊണ്ടും അന്വേഷിച്ചാണ് യഥാര്‍ത്ഥ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിലെത്തിയത്.
എന്നാല്‍, അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാനക്കാര്‍ ജോലി ചെയ്തുവരുന്ന പെരുമ്പാവൂരില്‍ ഏതാനും ചിലരുടെ ഇത്തരം പ്രവൃത്തികള്‍ പണിയെടുത്ത് ജീവിക്കുന്ന ആയിരങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. ഒന്നരലക്ഷത്തോളം അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന പെരുമ്പാവൂരിലും പരിസര സ്റ്റേഷനുകളിലുമായി രണ്ടുവര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അമ്പതിലേറെ കേസുകളാണ്. ഇതിലാകട്ടെ അഞ്ച് കൊലപാതക കേസുകളുണ്ട്.
അല്ലപ്രയില്‍ ഒരമ്മയെയും പിഞ്ചു കുഞ്ഞിനെയും കഴുത്തറുത്ത് കൊന്ന് കേസിലെ പ്രതിയെയും ഒന്നരമാസത്തിനുശേഷം അസാമില്‍ നിന്നാണ് പിടികൂടിയത്. രണ്ടു വര്‍ഷം മുന്‍പ് സുഹൃത്തിനെ കൊന്നുകടഞ്ഞു കളഞ്ഞവരെ പിടികൂടിയതും ഈയടുത്തിടെയാണ്. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ പെരുപ്പത്തില്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നുവെന്നാണ് ജിഷവധം കാട്ടിതരുന്നത്. യഥാര്‍ത്ഥത്തിലുള്ള അന്യസംസ്ഥാനക്കാരുടെ കണക്കുകള്‍ എവിടെയും ലഭ്യമല്ല. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ 2013 ലെ കണക്കനുസരിച്ച് 25 ലക്ഷത്തിലേറെപ്പേര്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നാണ്. വര്‍ഷം തോറും രണ്ടരലക്ഷത്തോളം പേര്‍ തൊഴില്‍ തേടി എത്തുന്നുമുണ്ട്.
അന്യസംസ്ഥാന കുറ്റവാളികളുടെ ഒരു ഒളിത്താവളമായിട്ടാണ് കേരളത്തെ കാണുന്നത്. കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം ഒളിവില്‍ കഴിയാനും ലഹരിമരുന്നും കള്ളനോട്ടും വിതരണം നടത്താനും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറാനും കഴിയുന്ന സുരക്ഷിതമായ താവളമായി പെരുമ്പാവൂര്‍ പോലുള്ള പ്രദേശങ്ങള്‍ അന്യസംസ്ഥാനക്കാര്‍ തെരഞ്ഞെടുക്കുകയാണ്. കുറ്റവാസനയുള്ളവര്‍ കുറച്ചേയുള്ളുവെങ്കിലും അവരുടെ ക്രൂരകൃത്യങ്ങള്‍ നല്ലരീതിയില്‍ പണിയെടുത്ത് സമാധാനത്തോടെ ജീവിക്കുന്ന മറ്റു അന്യനാട്ടുകാരിലേക്കും സംശയത്തിന്റെ മുള്‍മുനയായി നീളുകയാണ്.