വടകരയുടെ തീരം കടലെടുക്കുന്നു; കടലാക്രമണം: മന്ത്രി സന്ദര്‍ശിച്ചു

KKD-KADALAKRAMANAMവടകര:  ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചുകൊണ്ട് വടകരയുടെ തീരം കടലെടുക്കുന്ന സ്ഥിതി. കാലവര്‍ഷമായാല്‍ വടകരയുടെ തീരത്തിന് ഭീതിയുടെയും കണ്ണീരിന്റെയും കഥയാവും. അഴിത്തല മുതല്‍ പൂഴിത്തല വരെ 200ലേറെ വീടുകള്‍ കടലാക്രമണത്തിന്റെ ഭീഷണിയിലാണ് നഗരസഭയിലെ മുകച്ചേരി ഭാഗം, പാണ്ടികശാല വളപ്പ്, കുരിയാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടലാക്രമണം ശക്തമായി. ഒരു വീട് തകര്‍ന്നതിനു പുറമെ തീരദേശറോഡ് പലയിടങ്ങളിലായി തകര്‍ന്നിട്ടുണ്ട്.എല്ലാവര്‍ഷവും കടല്‍ കയറിവരുന്നത് വലിയ ഭീഷണിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങളി ലാണ് പ്രശ്‌നം രൂക്ഷം. ചില സ്ഥലങ്ങളില്‍ കടല്‍ഭിത്തി തകര്‍ന്നുകൊ ണ്ടിരിക്കുന്നു. അടിവശത്തെ കല്ലിളകിയാല്‍ ആ ഭിത്തി തകരുമെന്നുറപ്പാണ്.  ചില സ്ഥലങ്ങളില്‍ കടല്‍ഭിത്തിക്കും മേലെയാണ് കടല്‍ അടിച്ചുകയറുന്നത്. ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് വടകരമേഖലയിലെ തീരദേശത്തിന് ഒട്ടേറെ പദ്ധതികളുടെ വാഗ്ദാനം കിട്ടിയതാണ്. എന്നാല്‍, ഒന്നും നടപ്പായിട്ടില്ല. മുകച്ചേരിഭാഗത്ത് 73 മീറ്ററില്‍ കടല്‍ഭിത്തി കെട്ടിയിട്ടുണ്ട്. എന്നാല്‍, ഇനിയും നൂറുമീറ്ററില്‍ ഭിത്തികെട്ടിയാലേ ആ ഭാഗത്തെ പ്രശ്‌നം തീരൂ. ഇതിനുള്ള പദ്ധതി അനുമതി കാത്തുകിടപ്പാണ്.

മറുഭാഗത്ത് ആവിക്കല്‍ ഭാഗത്തേക്ക് 250 മീറ്ററിലെങ്കിലും പുതിയ ഭിത്തിവേണം. ഇവിടെയെല്ലാം നിലവിലുള്ള ഭിത്തി താഴ്ന്നുപോയതാണ്. കസ്റ്റംസ് ഓഫീസ് മുതല്‍ ആവിത്തോടുവരെ ഭിത്തിക്കുമുകളിലൂടെയാണ് തിരമാല വീടുകളിലേക്ക് അടിച്ചുകയറുന്നത്. പാണ്ടികശാല വളപ്പിലും ഇതുതന്നെ സ്ഥിതി.

കടലാക്രമണം: മന്ത്രി സന്ദര്‍ശിച്ചു
വടകര: കടലാക്രമണം രൂക്ഷമായ വടകരയുടെ തീരപ്രദേശങ്ങള്‍ മന്ത്രി ടി.പി. രാമകൃഷ്ണനും സംഘവും സന്ദര്‍ശിച്ചു. ശക്മായ മഴയിലും കാറ്റിലും തകര്‍ന്ന താഴെഅങ്ങാടി പാണ്ടികശാല വളപ്പില്‍ ആങ്ങാട്ട് പുരയില്‍ നഫീസയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. കടലാക്രമണം ശക്തമായ പാണ്ടികശാലവളപ്പ്, മുകച്ചേരി, ആവിക്കല്‍ ഭാഗങ്ങളും സന്ദര്‍ശിച്ചു.

വടകര താഴെഅങ്ങാടിയില്‍ തകര്‍ന്ന പാണ്ടികശാലവളപ്പില്‍ ആങ്ങാട്ട് പുരയില്‍ നഫീസയുടെ വീട് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചപ്പോള്‍. സി.കെ.നാണു എംഎല്‍എ സമീപം. ഇവിടെ നിരവധി വീടുകള്‍ ഭീഷണിയിലാണ്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കടല്‍ഭിത്തി ഇല്ലാത്തിടത്ത് പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കടലില്‍ മാലിന്യം തള്ളുന്നതില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സി.കെ. നാണു എംഎല്‍എ, നഗരസഭാധ്യക്ഷന്‍ കെ. ശ്രീധരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ. ബിജു, പി. വിജയി എന്നിവരും കെ. സി. പവിത്രന്‍, ടി. കെ പ്രദീപന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts