ബ്രസീലിയ: ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബൊളീവിയയുടെ വല നിറച്ച് ബ്രസീല്‍. 5–0നാണ് ബൊളീവിയയ്‌ക്കെതിരെ മഞ്ഞപ്പടയുടെ തകര്‍പ്പന്‍ വിജയം. 11–ാം മിനിറ്റില്‍ നെയ്മറിലൂടെ തുടങ്ങിയ ഗോളാരവം 75–ാം മിനിറ്റില്‍ റോബര്‍ട്ടോ ഫെര്‍മിനോയിലൂടെയാണ് നിലച്ചത്. 26–ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോ, 39–ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ്, 44–ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് എന്നിവരും ബ്രസീലിനായി ഗോള്‍ നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബ്രസീലിന് ബൊളീവിയ ഒരു എതിരാളിയായി പോലും തോന്നിച്ചില്ല. നെയ്മറുടെ ഭാവനാ സമ്പന്നമായ നീക്കങ്ങളായിരുന്നു കളിയുടെ കരുത്ത്. നെയ്മറുടെ മികവില്‍ത്തന്നെയാണ് ആദ്യഗോളും പിറന്നത്.
മറ്റൊരു മത്സരത്തില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന വീണ്ടും സമനിലയില്‍ കുരുങ്ങി. പെറുവിനെതിരേ അവരുടെ നാട്ടില്‍ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് 2–2 സമനിലയുമായി കളംവിടേണ്ടിവന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് അര്‍ജന്റീന 2–2 സമനില വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയാണ് അര്‍ജന്റീനയെ 2–2ല്‍ പിടിച്ചുകെട്ടിയത്.
പെറുവിനെതിരേ രണ്ടു പ്രാവശ്യം മുന്നില്‍ കടന്ന ശേഷമാണ് അര്‍ജന്റീന പോയിന്റ് പങ്കുവച്ചത്. —5ാം മിനിറ്റില്‍ റാമിറോ ഫ്യുനെസ് മോറിയിലൂടെ മുന്നില്‍കടന്ന അര്‍ജന്റീനയെ പൗലോ ഗ്വെറേറയിലൂടെ പെറു —8ാം മിനിറ്റില്‍ സമനിലയില്‍ പിടിച്ചു. —7ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നിലൂടെ അര്‍ജന്റീന ലീഡ് നേടിയെങ്കിലും 84–ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യന്‍ കുവേവ പെറുവിന് സമനില സമ്മാനിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്.
ഉറുഗ്വെ 3–0ന് വെനിസ്വേലയെ കീഴടക്കി. എഡിന്‍സണ്‍ കവാനി ഇരട്ടഗോള്‍ നേടി. കൊളംബിയ 1–0നു പരാഗ്വെയെ പരാജയപ്പെടുത്തി. മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഇഞ്ചുറിടൈമില്‍ കാര്‍ഡോണയാണ് കൊളംബിയയുടെ ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കൊളംബിയ 2–1ന് ബ്രസീലിനോട് പരാജയപ്പെട്ടിരുന്നു. മറ്റൊരു മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ 3–0ന് ഇക്വഡോര്‍ തകര്‍ത്തെറിഞ്ഞു. വന്‍സിയ (19–ാം മിനിറ്റ്), റാമിറസ് (23–ാം മിനിറ്റ്), കയ്‌സെഡോ (46–ാം മിനിറ്റ്) എന്നിവരാണ് ഇക്വഡോറിനായി ലക്ഷ്യംകണ്ടത്.
ഒമ്പത് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഉറുഗ്വെ 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിന് 18 പോയിന്റുണ്ട്. ഇക്വഡോര്‍, കൊളംബിയ അര്‍ജന്റീന എന്നിവര്‍ക്ക് 16 പോയിന്റ് വീതമുണ്ട്. 12 പോയിന്റുമായി പരാഗ്വെ ആറാം സ്ഥാനത്താണ്.